മോഡി ഇന്ത്യയുടെ താല്‍പര്യങ്ങളെ ബലികൊടുത്തു; രാഹുല്‍

Web Desk
Posted on July 23, 2019, 3:05 pm

ന്യൂഡല്‍ഹി : കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ അമേരിക്കയുടെ സഹായം ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ താല്‍പര്യങ്ങളെ ബലികൊടുത്തുവെന്നും ഇക്കാര്യത്തില്‍ അദ്ദേഹം ഉത്തരം പറയണമെന്നും രാഹുല്‍ ഗാന്ധി എം.പി ആവശ്യപ്പെട്ടു. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ മധ്യസ്ഥത വഹിക്കാന്‍ മോദി ആവശ്യപ്പെട്ടുവെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം. അത് സത്യമാണെങ്കില്‍ മോദി ഇന്ത്യയുടെ താത്പര്യങ്ങളെയും 1972ലെ ഷിംലാ കരാറിലെ വ്യവസ്ഥകളെയും ബലികൊടുത്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ വിദേശകാര്യമന്ത്രാലയത്തിന്റെ നിഷേധക്കുറിപ്പ് മതിയാകില്ല. ട്രംപുമായുള്ള യോഗത്തില്‍ എന്തൊക്കെയാണ് സംസാര വിഷയമായതെന്ന് മോദി രാജ്യത്തോട് വ്യക്തമാക്കണമെന്നും രാഹുല്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. അതേസമയം, വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ രാഹുല്‍ ഉണ്ടായിരുന്നില്ല.