അപമാനം! രാജ്യം കത്തുമ്പോൾ വീണവായിക്കുന്ന ചക്രവർത്തിമാർ

Web Desk
Posted on March 30, 2020, 12:48 pm

രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സജീവമാകാൻ ജനങ്ങളെ പ്രോത്സഹിപ്പിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജനങ്ങളിലെ നിരാശ ഇല്ലാതാക്കാൻ തന്റെ ആരോഗ്യ ദിനചര്യകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്ക് വെച്ചിരിക്കുകയാണ് അദ്ദേഹം. റോമാ നഗരം കത്തുമ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെ ഓർമ്മപെടുത്തുകയാണ് ബഹുമാനപെട്ട പ്രധാന മന്ത്രി ഇതിലൂടെ. ലോകം കൊറോണയെന്ന മഹാമാരിക്ക് മുന്നിൽ പകച്ചു നിൽക്കുന്ന ഒരു അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. രാജ്യത്തെ സ്ഥിതിഗതികളും രൂക്ഷമായി തന്നെ തുടരുകയാണ്. പ്രധാന മന്ത്രിയുടെ മൂക്കിന് താഴെ കൂട്ട പലായനം തുടരുകയാണ്.
ലോക്ക്ഡൗണിനെ തുടർന്നുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ പലായനം തടയണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ തന്നെ കർശന നിർദേശം അനൽകിയിട്ടുമുണ്ട്.

തൊഴിലാളികളെ ഒരുകാരണവശാലും പോകാന്‍ അനുവദിക്കരുതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കു നൽകിയിരിക്കുന്ന പ്രധാന നിർദേശം. തൊഴിലാളികളുടെ മടങ്ങിപ്പോക്ക് തടയാൻ സംസ്ഥാനങ്ങളുടെ എല്ലാ അതിർത്തികളും അടച്ചിടാനും നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ലോക്ക്ഡൗൺ നിർദേശങ്ങൾ പാലിക്കാതെ ആരെങ്കിലും യാത്രയ്ക്കു മുതിര്‍ന്നാൽ ഇവരെ 14 ദിവസം ക്വാറന്റൈൻ ചെയ്യുമെന്നും കേന്ദ്രം പറഞ്ഞു. മാർച്ച് 25 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്ത് 21 ദിവസത്തെ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ ഡൽഹി, ഗുജറാത്ത്, ഉത്തർപ്രദേശ് മുതലായ സംസ്ഥാനങ്ങളിൽ നിന്നും ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ പലായനം ആരംഭിച്ചിരുന്നു. ഇത് രാജ്യത്ത് സമൂഹവ്യാപന ഭീതി ഉയര്‍ത്തിയിട്ടുണ്ട്. ആരോഗ്യസംവിധാനങ്ങള്‍ ദുര്‍ബലമായ ഉൾനാടൻ ഗ്രാമങ്ങളിലേക്ക് കൊറോണ വ്യാപിച്ചാല്‍ അത് വലിയ ദുരന്തത്തിന് വഴി വെക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. പതിനായിരങ്ങളാണ് ഡൽഹിയിൽ ഭക്ഷണം കിട്ടാതെ കുടുങ്ങി കിടക്കുന്നത്. ഈ ഒരു സാഹചര്യത്തിലാണ് രാജ്യത്തെ പൗരൻമാരുടെ നിരാശ ഇല്ലാതാക്കാനുള്ള ആരോഗ്യ ദിനചര്യകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രധാനമന്ത്രി പങ്കു വെച്ചിരിക്കുന്നത്.
ലോകം ഒരു മഹാ വിപത്തിനു മുന്നിൽ പകച്ചു നിൽക്കുമ്പോൾ ഇത്തരം പ്രവണതകൾ പരിഹാസ്യമാവുകയാണ്.  ‘ഞാന്‍ ഒരു ഫിറ്റ്‌നസ് വിദഗ്ദ്ധനോ ആരോഗ്യ വിദഗ്ധനോ അല്ല. വര്‍ഷങ്ങളായി യോഗ പരിശീലിക്കുന്നത് എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. അത് പ്രയോജനകരമാണെന്ന് ഞാന്‍ കണ്ടെത്തി. നിങ്ങളില്‍ പലര്‍ക്കും ആരോഗ്യത്തോടെ തുടരാനുള്ള മറ്റ് വഴികളുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, അവയും മറ്റുള്ളവരുമായി പങ്കിടണം’. അനിമേഷൻ യോഗ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മോഡി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്നലത്തെ മന്‍കിബാത്ത് സമയത്ത് തന്റെ ആരോഗ്യദിനചര്യയെ കുറിച്ച് ചോദ്യങ്ങളുയര്‍ന്നിരുന്നു. അതിനാലാണ് ഈ യോഗ വീഡിയോകള്‍ പങ്കുവെക്കാന്‍ ആലോചിച്ചത്. നിങ്ങളും പതിവായി യോഗ പരിശീലിക്കാന്‍ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വിവിധ ഭാഷകളില്‍ തന്റെ യോഗ വീഡിയോകള്‍ ലഭ്യമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ലോക്ക് ഡൗൺ കാലത്ത് ജനം ദുരിതക്കയത്തിൽ മുങ്ങുമ്പോൾ വീട്ടിലിരുന്നു രാമയണം പരമ്പര കണ്ട കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറും വിവാദത്തിൽ കഴിഞ്ഞ ദിവസം കുടുങ്ങിയിരുന്നു. മന്ത്രി തന്നെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് അദ്ദേഹത്തിന് വിനയായത്. ഞാൻ രാമയണം കാണുകയാണ് നിങ്ങളോ? എന്ന ചോദ്യത്തോടെയായിരുന്നു വസതിയിലിരുന്ന് ടെലിവിഷനിൽ രാമായണ പരമ്പര കാണുന്ന ചിത്രം ജാവദേക്കർ ട്വീറ്റ് ചെയ്തത്. രാജ്യം കത്തുമ്പോൾ വീണവായിക്കുന്ന ചക്രവർത്തിമാർ രാജ്യത്തിനു തന്നെ അപമാനമാവുകയാണ്.