പാര്‍ലമെന്‍റില്‍ വീണ്ടും നരേന്ദ്രമോഡിയുടെ വായ്ത്താരി

Web Desk
Posted on February 14, 2019, 10:37 pm

തിനാറാമത് ലോക്‌സഭയുടെ അവസാന സമ്മേളനം 13 ന് സമാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുറേയേറെ അവകാശവാദങ്ങള്‍ കുത്തിനിറച്ചൊരു നയപ്രഖ്യാപനവും പ്രകടന പത്രികയ്ക്ക് സമാനമായ ഒരു ബജറ്റും അവതരിപ്പിച്ച് പാസാക്കിയ ശേഷം പ്രക്ഷുബ്ധമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ട സമ്മേളന നടപടികള്‍ക്കാണ് ബുധനാഴ്ച അവസാനമായത്.
സമ്മേളനത്തിന്റെ അവസാനം ഈ സഭയില്‍ തന്റെ അവസാന പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി പതിവ് ശൈലിയില്‍ കുറേ അവകാശവാദങ്ങള്‍ നിരത്തുകയുണ്ടായി. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത വാചാടോപം മാത്രമായിരുന്നു അതെന്ന് ഒറ്റ വാചകത്തില്‍ വിലയിരുത്താവുന്നതാണ്. ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാര്‍ ഉണ്ടായിരുന്നതുകൊണ്ട് സുസ്ഥിരത സാധ്യമായെന്നും അതുവഴി ആഗോള തലത്തില്‍ രാജ്യത്തിന്റെ യശസുയര്‍ന്നുവെന്നുമായിരുന്നു മോഡിയുടെ പ്രസംഗത്തിന്റെ കാതല്‍. അതിന് ഉപോല്‍ബലകമായി നിരവധി അവകാശവാദങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു.
മൂന്ന് ദശകത്തിന് ശേഷമാണ് ഒരു സര്‍ക്കാര്‍ പൂര്‍ണമായ ഭൂരിപക്ഷത്തോടെ രാജ്യം ഭരിക്കുന്നതെന്നും അത് ആത്മവിശ്വാസത്തോടെ മുന്നേറാന്‍ രാജ്യത്തെ പ്രാപ്തമാക്കിയെന്നും ലോകത്ത് ഇന്ത്യയുടെ യശസ് ഉയര്‍ത്തുന്നതിന് കാരണമായെന്നും ഒക്കെയാണ് അദ്ദേഹം തന്റെ പ്രസംഗത്തില്‍ അവകാശപ്പെട്ടത്.
വസ്തുതകളുമായി താരതമ്യം ചെയ്താല്‍ മോഡിയുടെ പ്രസംഗത്തിന്റെ പൊള്ളത്തരം വ്യക്തമാകും. അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും പേരില്‍ വര്‍ധിച്ചുവന്ന അക്രമങ്ങളുടെയും ആള്‍ക്കൂട്ട കൊലപാതകങ്ങളുടെയും ഫലമായി മോഡി ഭരണകാലത്തേതുപോലെ ലോകത്തിന് മുന്നില്‍ നാണിച്ചു നില്‍ക്കേണ്ടിവന്ന സാഹചര്യം ഇതിന് മുമ്പുണ്ടായിരുന്നില്ല. ഐക്യരാഷ്ട്രസഭയുടെ ഏജന്‍സികള്‍ പോലും ഇന്ത്യയെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവച്ചത് സമീപകാലത്തായിരുന്നു.

തീവ്ര ഹിന്ദുത്വ നിലപാടുകളുമായി പ്രമുഖ ഭരണകക്ഷിയായ ബിജെപി മുന്നോട്ടുപോകുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന റിപ്പോര്‍ട്ട് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടേതായി പുറത്തുവന്നിട്ട് ഒരു മാസം പോലുമായിട്ടില്ല. പ്രധാനമന്ത്രിയുടെ പാര്‍ട്ടിയിലേക്ക് വിരല്‍ ചൂണ്ടിയുള്ള അമേരിക്കന്‍ ഏജന്‍സിയുടെ ഈ നിരീക്ഷണമാണോ രാജ്യത്തെ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാന്‍ പ്രേരിപ്പിക്കുന്നതെന്ന് മോഡിയാണ് വ്യക്തമാക്കേണ്ടത്.

2009 ജനുവരി ഒന്നിനും 2018 ഡിസംബറിനുമിടയില്‍ രാജ്യത്ത് വിദ്വേഷപ്രചരണത്തിന്റെ അടിസ്ഥാനത്തിലുള്ള 270 ഓളം കുറ്റകൃത്യങ്ങളാണുണ്ടായത്. 94 പേര്‍ ഈ സംഭവങ്ങളില്‍ മരിക്കുകയും അറുനൂറോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഈ സംഭവങ്ങളില്‍ 90 ശതമാനവും നടന്നത് 2014 ന് ശേഷമുള്ള കാലയളവിലാണെന്നാണ് വസ്തുതാപഠനം വ്യക്തമാക്കുന്നത്. അതായത് ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ശേഷം.

ഈ കേസുകളില്‍ 62 ശതമാനത്തിലും ഇരകളായിട്ടുള്ളത് ജനസംഖ്യയില്‍ 14 ശതമാനം മാത്രം വരുന്ന മുസ്‌ലിം ന്യൂനപക്ഷത്തില്‍പ്പെട്ടവരായിരുന്നു. ജനസംഖ്യയില്‍ രണ്ടു ശതമാനം മാത്രം വരുന്ന ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവര്‍ ഇരകളായിട്ടുള്ളത് 14 ശതമാനം കേസുകളിലാണ്. രണ്ടു ശതമാനം കേസുകളില്‍ ഇരകളായത് സിഖ് വിഭാഗത്തില്‍പ്പെട്ടവരും. ഈ കണക്കുകളിലൂടെ സഞ്ചരിക്കുമ്പോള്‍ തന്നെ വ്യക്തമാകും ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ യശസ് ഉയരുകയല്ല നാണംകെട്ട് തല കുനിയുകയാണെന്ന്.

പ്രധാനമന്ത്രി പ്രസ്തുത പ്രസംഗം നടത്തിയ ലോക്‌സഭയുടെ ശീതകാല സമ്മേളനത്തെ ഏറ്റവുമധികം പ്രക്ഷുബ്ധമാക്കിയ വിഷയങ്ങളില്‍ ഒന്നായിരുന്നു റഫാല്‍ ആയുധ ഇടപാട്. അതിന്റെ വസ്തുതകള്‍ സംബന്ധിച്ച് ബോധ്യമാകുന്ന വിശദീകരണം നല്‍കാതെയാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം നടത്തിയത്. ഓരോ ദിവസവും പുതിയ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരുമ്പോള്‍ റഫാല്‍ ഇടപാട് രാജ്യം കണ്ട ഏറ്റവും വലിയ പ്രതിരോധ കുംഭകോണമാണെന്ന് വരുന്നു.

റഫാല്‍ ഉള്‍പ്പെടെയുള്ള കുംഭകോണങ്ങളും റിലയന്‍സിന്റെ അംബാനിമാരെയും ഉറ്റമിത്രമായ അദാനിമാരെയും കയ്യയച്ച് സഹായിക്കുന്നതുമെല്ലാം ആഗോളമാധ്യമങ്ങളില്‍ വെണ്ടയ്ക്ക തലക്കെട്ടുകളില്‍ സ്ഥാനം പിടിക്കുമ്പോഴാണ് രാജ്യം ലോകത്ത് അതിന്റെ യശസുയര്‍ത്തിയിരിക്കുന്നുവെന്ന കാപട്യം മോഡി വിളമ്പുന്നത്.
ജനാധിപത്യസ്ഥാപനങ്ങളെ ചൊല്‍പടിക്കു നിര്‍ത്തിയും അന്വേഷണ ഏജന്‍സികളെ എതിരാളികള്‍ക്കെതിരെ പ്രതികാര ബുദ്ധിയോടെ ഉപയോഗിക്കാവുന്ന ഉപകരണങ്ങളാക്കിയും നടത്തിയ നാടകങ്ങള്‍ ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ യശസ് ഉയര്‍ത്തുകയല്ല ചെയ്തിരിക്കുന്നത്. ഒരു രാജ്യത്തെ സംബന്ധിച്ച് അതിന്റെ മുന്നേറ്റമെന്നത് മനുഷ്യ വിഭവശേഷിയിലും ആരോഗ്യ പരിപാലനത്തിലും നേടിയെടുക്കാവുന്ന മുന്നേറ്റങ്ങളാണ്. അതു പരിശോധിച്ചാലും മോഡി പച്ചക്കള്ളമാണെന്ന് ബോധ്യമാകും. തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതും ദരിദ്രരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതിന്റെയും കണക്കുകള്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ മറച്ചുവച്ചുവെങ്കിലും ആഗോള ഏജന്‍സികള്‍ അവ പുറത്തുവിട്ടിട്ടുണ്ട്. അവയൊന്നും മുന്നേറിയൊരു രാജ്യത്തിന്റെ ചിത്രമല്ല ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്. അതുകൊണ്ട് നെഞ്ചളവിന്റെ മഹത്വവും പാരമ്പര്യത്തിന്റെ പിന്‍കഥകളും പാടി ജനങ്ങളെ പറ്റിക്കുന്നതിനുള്ള ഉപായമായി മാത്രമേ മോഡിയുടെ പ്രസംഗത്തെ കേള്‍ക്കാനാവുകയുള്ളൂ.