പരസ്യങ്ങൾക്കായി മോഡി സര്‍ക്കാര്‍ ചെലവഴിച്ചത് 713.20 കോടി രൂപ

Web Desk

ന്യൂഡല്‍ഹി:

Posted on October 31, 2020, 5:12 pm

പരസ്യങ്ങൾക്കായി 2019–2020 സാമ്പത്തിക വര്‍ഷത്തിനിടെ മോഡി സര്‍ക്കാര്‍ 713.20 കോടി രൂപ ചെലവഴിച്ചുവെന്ന് വിവരാവകാശ രേഖ. മോഡി സര്‍ക്കാര്‍ 2020ല്‍ പരസ്യങ്ങള്‍ക്കായി ചെലവഴിച്ച തുകയാണ് വിവരാവകാശ രേഖയിലുടെ പുറത്തുവന്നിരിക്കുന്നത്. ഇലക്ട്രോണിക് മീഡിയയ്ക്കായാണ് ഇതില്‍ കൂടുതല്‍ തുകയും ചെലവഴിച്ചിട്ടുള്ളതെന്നും ആര്‍ടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ദിവസം 1.95 എന്ന കണക്കിലാണ് തുക ചെലവഴിച്ചതെന്നും കണക്കുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുംബൈ സ്വദേശിയായ ആക്ടിവിസ്റ്റ് ജതിന്‍ ദേശായിയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. 317.05 കോടി രൂപ ഇലക്ട്രോണിക് മീഡിയയിലെ പരസ്യങ്ങള്‍ക്കും 295.05 രൂപ കോടി പിന്റ് മീഡിയയ്ക്കും 101.10 കോടി രൂപ മറ്റിന പരസ്യങ്ങള്‍ക്കുമാണ് ചെലവഴിച്ചിട്ടുള്ളത്. പരസ്യങ്ങള്‍ക്കായി വിദേശ ഏജന്‍സികള്‍ക്ക് എത്ര തുക ചെലവഴിച്ചെന്നത് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ലെന്ന് ദേശായി പറഞ്ഞു.

അച്ചടി, ഇലക്ട്രോണിക്, ഔട്ട്‌ഡോര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പരസ്യങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ഇത്രയും വലിയ തുക ചെലവഴിച്ചിരിക്കുന്നത്. ബജറ്റില്‍ പല വകുപ്പുകള്‍ക്കും നീക്കിവെച്ചിരിക്കുന്ന തുക ഇതിലും കുറവാണ്. മോഡി മാധ്യമ പരസ്യത്തിനായി ചെലവഴിച്ച തുകയിൽ വര്‍ധവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയിരുന്നു. നാലുവര്‍ഷത്തിനിടെ മോഡി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചുകളഞ്ഞത് നാലായിരം കോടിയിലധികം രൂപയെന്ന് 2018ല്‍ പുറത്തുവിട്ട വിവരാവകാശ കണക്കുകളും പറഞ്ഞിരുന്നു.

അതേകാലയളവില്‍ 4,343 കോടിയാണ് പരസ്യങ്ങള്‍ക്കായി മാത്രം കേന്ദ്ര സര്‍ക്കാര്‍ മുടക്കിയത്. 2014 ജൂണ്‍ മുതല്‍ 2015 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 953 കോടി രൂപയാണ് പരസ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത്. 2015- 2016 വര്‍ഷത്തില്‍ 1,171 കോടി രൂപ പരസ്യത്തിനായി മുടക്കി. തൊട്ടടുത്ത വര്‍ഷം 1,263 കോടിയും 2017–2018ല്‍ 955 കോടി രൂപയും പരസ്യങ്ങള്‍ക്കായി മാത്രം ധൂര്‍ത്തടിച്ചുകഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ബ്യൂറോ ഓഫ് ഔട്ട്‌റീച്ച് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ (ബിഒസി) നിന്നും ശേഖരിച്ച കണക്കിലാണ് കേന്ദ്രസര്‍ക്കാരിന്റെ വന്‍ ധൂര്‍ത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.

ENGLISH SUMMARY: modi spend for 713.20 crore rup­pees

YOU MAY ALSO LIKE THIS VIDEO