ആളൊഴിഞ്ഞ തടാകത്തില്‍ കൈവീശി മോഡി: പരിഹാസവുമായി സോഷ്യല്‍ മീഡിയ

Web Desk
Posted on February 05, 2019, 10:42 pm

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശ്രീനഗര്‍ സന്ദര്‍ശനത്തില്‍ ദാല്‍ തടാകത്തിലൂടെ നടത്തിയ ബോട്ട് യാത്രയ്ക്ക് പരിഹാസവുമായി സോഷ്യല്‍ മീഡിയ. ശൂന്യമായിക്കിടക്കുന്ന തടാകത്തില്‍ നോക്കി മോഡി കൈവീശിക്കാണിക്കുന്നതാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസത്തിന് പാത്രമായിരിക്കുന്നത്.
ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലാണ് വീഡിയോ പുറത്തുവിട്ടത്. വീഡിയോയില്‍ മോഡിയെ കാണാമെങ്കിലും മോഡി കൈവീശിക്കാണിക്കുന്ന ജനങ്ങള്‍ എവിടെയെന്നാണ് സംശയമുയര്‍ന്നിരിക്കുന്നത്.
കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലായിരുന്നു മോഡിയുടെ സന്ദര്‍ശനം. വിഘടനവാദി സംഘടനകള്‍ സംസ്ഥാനത്ത് ബന്ദ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തടാകത്തിലേക്കുള്ള വഴികള്‍ അടച്ചും മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചുമൊക്കെയായിരുന്നു സുരക്ഷയേര്‍പ്പെടുത്തിയത്. ഈ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ജനങ്ങളുടെ സാന്നിധ്യം പോലുമില്ലാത്ത ദാല്‍ തടാകത്തില്‍ മോഡി ആരെയാണ് കൈവീശിക്കാണിക്കുന്നതെന്നാണ് ചോദ്യം.

ദാല്‍ തടാകം ഏറെ വിസ്തൃതമാണ്. കരയില്‍ ആരെങ്കിലും നിന്നാല്‍ പോലും അവരെ കാണാന്‍ കഴിയാത്ത വിധം അകലത്തിലാണ് മോഡി യാത്ര ചെയ്തത്. അപ്പോള്‍ മോഡി കൈ വീശിക്കാണിച്ചത് മീനുകളെയാണോ എന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ ചോദ്യം. അദ്ദേഹം ആവേശത്തോടെ കൈവീശിക്കാണിച്ച ജനക്കൂട്ടത്തെ പകര്‍ത്താതെ പ്രധാനമന്ത്രിയെ അപമാനിച്ചിരിക്കുകയാണ് ക്യാമറാമാന്‍ എന്ന പരിഹാസവുമായി ഒമര്‍ അബ്ദുള്ളയും രംഗത്തെത്തി. കശ്മീരിലെ ബിജെപിയുടെ എണ്ണമറ്റ ഭാവനാ സുഹൃത്തുക്കളെയായിരിക്കും അദ്ദേഹം കൈവീശിക്കാട്ടിയതെന്നായിരുന്നു മെഹബൂബ മുഫ്തി പരിഹസിച്ചത്.