
പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡൻറ് ഷിജിൻപിങുമായി കൂടിക്കാഴ്ച നടത്തി. പരസ്പര വിശ്വാസം, ബഹുമാനം, സംവേദനക്ഷമത എന്നിവയെ അടിസ്ഥാനമാക്കി ഇന്ത്യ‑ചൈന ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിയ്ക്കായി ചൈനയിൽ എത്തിയതായിരുന്നു പ്രധാനമന്ത്രി. അതിർത്തിയിലെ സംഘർഷാവസ്ഥയ്ക്ക് ശേഷം “സമാധാനത്തിന്റെയും സ്ഥിരതയുടെയും അന്തരീക്ഷം” സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും മോദി പറഞ്ഞു.
കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിനെക്കുറിച്ചും ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഇരു രാജ്യങ്ങളിലെയും 2.8 ബില്യൺ ജനങ്ങളുടെ താൽപ്പര്യങ്ങൾ ഞങ്ങളുടെ സഹകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് മുഴുവൻ മനുഷ്യരാശിയുടെ ക്ഷേമത്തിനും വഴിയൊരുക്കുമെന്നും മോദി പറഞ്ഞു.
അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉത്പ്പനങ്ങൾക്ക് മേൽ ചുമത്തിയ തീരുവ മൂലം ഇന്ത്യ‑യുഎസ് ബന്ധത്തിൽ വിള്ളലുകളുണ്ടായിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഏഴ് വർഷങ്ങൾക്ക് ശേഷമുള്ള മോദിയുടെ ചൈന സന്ദർശനം.
പത്ത് അംഗ സംഘത്തിന്റെ ഈ വർഷത്തെ റൊട്ടേറ്റിംഗ് ചെയറായ ചൈനയാണ് എസ്‌സിഒ പ്ലസ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഇരുപത് വിദേശ നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
ചൈനയ്ക്കും ഇന്ത്യയ്ക്കും പുറമെ റഷ്യ, ഇറാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, പാകിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ബെലാറസ് എന്നീ രാജ്യങ്ങളാണ് കൂട്ടായ്മയിലുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.