മാധ്യമമാനത്തെ പൈങ്കിളികള്‍

Web Desk
Posted on October 13, 2019, 10:49 pm
devika

അതൊരു കാലമായിരുന്നു. പൈങ്കിളിവാരികകള്‍ മലയാളം വാണരുളിയ കാലം. ബാറ്റണ്‍ബോസിന്റെയും കോട്ടയം പുഷ്പനാഥിന്റെയും അപസര്‍പ്പക നോവലുകളുള്ള പൈങ്കിളി വാരികകള്‍ക്കു വേണ്ടി പിടിവലിയായിരുന്നു. തോട്ടത്തിലെ പണികഴിഞ്ഞുവരുന്ന ഒരു വീട്ടില്‍ താമസിക്കുന്ന സഹോദരിമാര്‍ മൂന്നു പേരാണെങ്കില്‍ ഓരോരുത്തരും ഓരോ വാരിക വാങ്ങും. ഒരാള്‍ വായിച്ചിട്ടു വായിക്കാം എന്ന ക്ഷമയില്ല. അതുകൊണ്ട് സ്വന്തം കാര്യം സിന്ദാബാദ് പോലെ ഓരോരുത്തര്‍ക്കും ഓരോ വാരിക. പൈങ്കിളി വാരിക കച്ചവടത്തിന്റെ ആ പൂക്കാലത്ത് കോട്ടയം നഗരിയുടെ മുക്കിലും മൂലയിലും കൂണുകള്‍ പോലെ പൈങ്കിളി വാരികകള്‍ മുളപൊട്ടി. ഇതെല്ലാം കണ്ട് പൈങ്കിളികള്‍ തന്നെ കോട്ടയത്തിന് ഒരു പേരുമിട്ടു; അക്ഷരനഗരി! ഇതൊക്കെയാണെങ്കിലും പൈങ്കിളി വാരികകള്‍ മലയാളക്കരയിലെ സാക്ഷരതാ പ്രസ്ഥാനത്തിനു നല്‍കിയ സംഭാവനകളും മറക്കാവതല്ല. അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ പോലും ബുദ്ധിമുട്ടിയിരുന്ന സാമാന്യ ജനവിഭാഗങ്ങള്‍ പൈങ്കിളിസാഹിത്യ വായനയിലൂടെ നവസാക്ഷരരായി. എന്തായാലും പൈങ്കിളി സാഹിത്യത്തിന് അല്‍പ്പായുസേ ഉണ്ടായിരുന്നുള്ളു. പൈങ്കിളി സാഹിത്യ നിര്‍മാണശാലകള്‍ ഒന്നൊന്നായി പൂട്ടിക്കെട്ടി. ലക്ഷക്കണക്കിന് കോപ്പികള്‍ ആഴ്ചതോറും വിറ്റഴിച്ചിരുന്ന പൈങ്കിളി വാരികകളുടെ പ്രചാരണം കുത്തനെ ഇടിഞ്ഞു.

ഇതിനു പിന്നാലെയായി ചാനലുകളുടെ ഘോഷയാത്ര. അവിടെയും സീരിയലുകളിലൂടെ കണ്ണീര്‍ക്കഥകളും പ്രണയകഥകളും മാത്രമല്ല ഹിംസയും വില്‍പ്പന നടത്താന്‍ മാധ്യമലോകം പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി. എങ്കിലും വാര്‍ത്താചാനലുകള്‍ വേറിട്ട വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ ശ്രമിച്ചത് പ്രശംസനീയമായി. അല്‍പ്പമൊക്കെ സെന്‍സേഷണലിസത്തിലൂടെയും അന്വേഷണാത്മക റിപ്പോര്‍ട്ടിംഗിലൂടെയും വാര്‍ത്താ ചാനലുകള്‍ തങ്ങളുടെ റേറ്റിംഗ് ഉയര്‍ത്താന്‍ കഴുത്തറുപ്പന്‍ മത്സരം നടത്തിയപ്പോഴും പ്രേക്ഷകര്‍ അതൊക്ക സഹിച്ചു. വാര്‍ത്തകള്‍ക്കിടെ പൈങ്കിളികളും ബാറ്റണ്‍ബോസുമാരും കോട്ടയം പുഷ്പനാഥുമാരും റാകിപ്പറക്കുന്നില്ലല്ലോ എന്ന ആശ്വാസം.

പക്ഷേ ആ ആശ്വാസത്തിന്റെയും കാലം കഴിഞ്ഞിരിക്കുന്നു. മാധ്യമമാനത്ത് പൈങ്കിളികളുടെ പുതിയ കാലോദയമായി. കൂടത്തായിയില്‍ ജോളി എന്ന സ്ത്രീ നടത്തിയ അരുംകൊലകളുടെ പരമ്പരയ്ക്കിടയിലൂടെ വാര്‍ത്താമാധ്യമ പൈങ്കിളികള്‍ ചിറകടിച്ചു മദിക്കുന്ന കാലം. കൂട്ടക്കൊലക്കേസില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ അന്വേഷണസംഘം വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിക്കുന്നതറിഞ്ഞ് ചാനലുകള്‍ ഓടിക്കിതച്ച് എസ്പി ഓഫീസിലെത്തുന്നു. അകത്തെ മുറിയില്‍ ഗോപ്യമായാണ് ചോദ്യം ചെയ്യല്‍. മണിക്കൂറുകള്‍ നീണ്ട മൊഴിയെടുക്കല്‍ തുടങ്ങി പത്തുമിനിറ്റ് കഴിയും മുമ്പ് ഓരോ ചാനലിലും ഓരോ ബ്രേക്കിംഗ് ന്യൂസ്. ഷാജു കുറ്റം സമ്മതിച്ചു. ഭാര്യയേയും പിഞ്ചു കുഞ്ഞിനേയും താനും ജോളിയും ചേര്‍ന്ന് വിഷം കൊടുത്തു കൊന്നുവെന്ന് ഷാജു അന്വേഷണസംഘത്തെ അറിയിച്ചു. കൃത്യം അഞ്ച് മണിക്ക് ഷാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തും, ചോദ്യം ചെയ്യുന്നതിനിടെ പലപ്പോഴും ഷാജു പൊട്ടിക്കരഞ്ഞു. ഓരോ ചാനലിലും ഓരോ കഥ. സത്യമേതെന്നറിയാതെ ആകെ അന്തംപറിഞ്ഞ് കണ്ണും തള്ളിയിരിക്കുന്ന പ്രേക്ഷകര്‍. ഇതിനിടെ മറ്റൊരു വാര്‍ത്ത. മുഖ്യമന്ത്രി പിണറായി അന്വേഷണസംഘത്തെ വിളിച്ചുവത്രേ. രണ്ടു പ്രളയങ്ങള്‍ താങ്ങാനാവാതെ തകര്‍ന്നടിഞ്ഞ നമുക്ക് ഇനി ഒരു കണ്ണീര്‍ പ്രളയം കൂടി താങ്ങാനാവില്ല. അതിനാല്‍ ഷാജുവിനെ കരയിപ്പിച്ച് മനുഷ്യനിര്‍മിത കണ്ണീര്‍ പ്രളയമുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി അന്വേഷണ സംഘത്തിന് കര്‍ശനനിര്‍ദേശം നല്‍കിയെന്ന വാര്‍ത്തയും പരക്കുന്നു. സന്ധ്യയോടെ ഷാജു പിന്‍വാതില്‍ വഴി വീട്ടിലെത്തി കപ്പയും പോത്തിറച്ചിയും കഴിച്ച് ഉറക്കമായതുമാത്രം ചാനലുകാര്‍ അറിഞ്ഞില്ല.

എന്‍ഐടിയിലെ അധ്യാപിക ചമഞ്ഞുനടന്ന കൊലയാളി ജോളിയെക്കുറിച്ച് നേരറിഞ്ഞ് നേരത്തേയറിയിക്കാന്‍ ചാനലുകള്‍ അങ്ങോട്ടോടി. എന്‍ഐടി കാന്റീന്‍ ജീവനക്കാരന്‍ പുഷ്‌കരാക്ഷനെ അവര്‍ കയ്യോടെ പിടികൂടുമ്പോള്‍ രാത്രി പത്തുമണിയാകും. കമ്പും കൊണിയും മൈക്കും കുന്തവുമെല്ലാം പുഷ്‌കരാക്ഷന്റെ മുഖത്തു കുത്തിക്കയറ്റിയ ചാനലുകാരുടെ മൈക്കിന്റെ കേബിളുകളില്‍ ആ പാവത്തിനെ കുരുക്കിയിട്ടു. അടുത്തതു ചോദ്യോത്തര സെഷന്‍. ജോളിയെങ്ങനെ എന്ന് ആദ്യ ചോദ്യം. ജോളി തുടങ്ങാനിരിക്കുന്നതേയുള്ളൂ സാറേ. പണികഴിഞ്ഞു. ഇനി ഒരു നാലെണ്ണം വിടണം. ഇവിടെയെവിടെയെങ്കിലും ജോളിയായി ഒന്നുറങ്ങണം എന്ന് കാന്റീന്‍ തൊഴിലാളി. അതല്ല ഇവിടെ ഭക്ഷണം കഴിക്കാന്‍ വരുന്ന ജോളി ടീച്ചറുടെ കാര്യമാണ് ഞങ്ങള്‍ തിരക്കിയതെന്ന് ചാനല്‍ കില്ലാടികള്‍. ‘ഓ നമ്മുടെ ബസ്സ്റ്റാന്‍ഡ് ജോളിയോ. അവള്‍ ഇപ്പോള്‍ കാന്റീനില്‍ വരാറില്ല. ഒന്നൊന്നര കൊല്ലമായി മറ്റേ കേസില്‍ ജയിലിലാണ്.’ ‘ആ ജോളിക്ക് ഞങ്ങളെല്ലാപേരോടും വലിയ ഇഷ്ടമായിരുന്നു. പുട്ടും മട്ടനുമായിരുന്നു ജോളിക്ക് ഇഷ്ടം സാറേ’ എന്ന് പുഷ്‌കരാക്ഷന്റെ വെളിപ്പെടുത്തല്‍. മിനിറ്റുകള്‍ കഴിഞ്ഞില്ല; ‘കൊലയാളി ജോളിക്ക് പുട്ടും മട്ടനുമായിരുന്നു ഇഷ്ടം എന്ന വാര്‍ത്ത ഞങ്ങളിതാ ആദ്യമായി പുറത്തുവിടുന്നു‘വെന്ന് എല്ലാ ചാനലുകളും ഒരേ സ്വരത്തില്‍, ഒരേ ശ്വാസത്തില്‍.

ജോളിയെ പൊന്നാമറ്റം തറവാട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ കീടനാശിനിയുടെ പഴയ രണ്ടു കുപ്പികള്‍ അന്വേഷണസംഘം കണ്ടെടുത്തു. അത് എന്‍ഡോസള്‍ഫാന്‍ എന്ന് ഒരുകൂട്ടം ചാനലുകള്‍. അതല്ല ഫ്യൂറിഡാനെന്നു മറ്റൊരു കൂട്ടര്‍. അതുമല്ല ആറ് പതിറ്റാണ്ടിനുമുമ്പ് കോവില്‍പെട്ടിയിലെ ലോക്‌സഹായക് സേനാ ക്യാമ്പില്‍ കൂട്ടമരണത്തിനിടയാക്കിയ ഫോളിഡോ തുടങ്ങിയ ഡപ്പികളെന്ന് വേറൊരു കൂട്ടര്‍. ഇതോടെ കാര്യങ്ങള്‍ ‘നേരോടെ, നിര്‍ഭയം, നിരന്തരം’ പറയണമെന്ന് വാശിപിടിക്കുന്ന ഒരു ചാനല്‍ വെച്ചൊരു കീറുകീറി; ‘ജോളി കൂട്ടക്കൊലയ്ക്ക് ഉപയോഗിച്ച പൊട്ടാസ്യം സയനൈഡിന്റെ കുപ്പി കണ്ടെത്തി? ജോളി തന്നെ പൊന്നാമറ്റത്തുനിന്ന് എടുത്ത് അന്വേഷണസംഘത്തെ ഏല്‍പ്പിച്ചതാണത്രേ. പഞ്ചസാരയുടെ നിറവും തരികള്‍ പൊലെയുള്ളതുമായ വസ്തുവായിരുന്നു കുപ്പിയിലുണ്ടായിരുന്നത് എന്നൊരു വിശദീകരണവും. പൊട്ടാസ്യം സയനൈഡ് കണ്ടെത്തിയ വാര്‍ത്ത ഞങ്ങള്‍ ആദ്യമായി പുറത്തുവിടുന്നുവെന്ന ഒരവകാശവാദം കൂടി മേമ്പൊടിയായി. പൊട്ടാസ്യം സയനൈഡ് പരിശോധനയ്ക്ക് അയച്ചുവെന്നുകൂടി വാര്‍ത്ത പുറത്തുവിട്ട ചാനലിനെ കടത്തിവെട്ടി മറ്റു ചാനലുകള്‍ ഒരു വെടിപൊട്ടിച്ചു; ജോളി കണ്ടെടുത്തു നല്‍കിയ കുപ്പിയിലുണ്ടായിരുന്നത് കാപ്പിപ്പൊടി നിറത്തിലുള്ള പൊടി. പൊട്ടാസ്യം സയനൈഡ് കണ്ടെത്തിയെന്ന വാര്‍ത്ത ദേ കിടക്കുന്നു നിലത്ത്.

ഈ പൈങ്കിളിക്കഥകളുടെ വാര്‍ത്താ പ്രപഞ്ചത്തില്‍ നിന്നും പ്രേക്ഷകകോടികള്‍ക്ക് സത്യത്തിന്റെ ഇത്തിരി നുറുങ്ങുവെട്ടമെങ്കിലും കിട്ടിയോ എന്ന് ചാനലുകളല്ലേ ആത്മവിമര്‍ശനം നടത്തേണ്ടത്? ചാനലുകളുടെ വിശ്വാസ്യത ചില്ലുകൊട്ടാരം പോലെ തകര്‍ന്നുവീഴുന്നതു കണ്ടെങ്കിലും ഒരു പുനര്‍വിചിന്തനത്തിനു തയാറായില്ലെങ്കില്‍ കൂടത്തായി കൂട്ടക്കൊലയിലൂടെ സത്യത്തിന്റെ കൂട്ടക്കുരുതിക്ക് വഴിമരുന്നിടുകയാവും ചാനലുകളെന്ന് അക്ഷര കേരളത്തിനു പറയേണ്ടിവരും. കാലം മാപ്പു നല്‍കാത്ത മാധ്യമവിശ്വാസതകര്‍ച്ച. അസത്യങ്ങള്‍ കുത്തിനിറച്ച നവമാധ്യമകഥകള്‍ക്ക് ഇടമുണ്ടാക്കിക്കൊടുക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ വഴിത്താര വെട്ടുന്ന ദുരന്തകാലം. കൂടത്തായിയിലെ കൂട്ടക്കൊലകളെക്കാള്‍ ഭയാനകമാണ് മാധ്യമങ്ങള്‍ മെനയുന്ന സത്യത്തിന്റെ കൂട്ടക്കുരുതികളെന്ന് നാമോര്‍ക്കുക.

ഇപ്പോള്‍ തിഹാര്‍ ജയിലില്‍ അഴിയെണ്ണുന്ന മുന്‍ കേന്ദ്രധനമന്ത്രി പി ചിദംബരത്തില്‍ നിന്നും മോഡി ചില സൂത്രവിദ്യകളാെക്കെ സ്വായത്തമാക്കിയിരിക്കുന്നു. ജയിലിലായപ്പോള്‍ ചിദംബരം ചെട്ടിയാര്‍ ആദ്യം ശ്രമിച്ചത് ജാമ്യത്തിനല്ലെന്നാണ് റിപ്പോര്‍ട്ട്. വീട്ടില്‍ പാചകം ചെയ്ത വിഭവങ്ങള്‍ കഴിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ആദ്യ ഡിമാന്‍ഡ്. രഹസ്യാന്വേഷകരെക്കൊണ്ട് ചിദംബരത്തിന്റെ മെനു മോഡി തപ്പിയെടുത്തു. എല്ലാം തമിഴകത്തെ ചെട്ടിനാട് വിഭവങ്ങള്‍. ചെട്ടിനാട് രസം മുതല്‍ ചെട്ടിനാട് ചിക്കനും കാരൈക്കുടി ഹല്‍വയും വരെ. സാമ്പാറും കടലക്കുറുമയും പരിപ്പുണ്ട സാമ്പാറുമെല്ലാമായി ആകെ ജഗപാെഗ മെനു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് തമിഴ്‌നാട്ടിലെ മാമല്ലപുരത്തെത്തിയപ്പോള്‍ ചെട്ടിനാടു ഭക്ഷണമൂട്ടി ചൈനീസ് നേതാവിനെ വീഴ്ത്താനായിരുന്നുവത്രേ മോഡിയുടെ ഭക്ഷ്യസുരക്ഷാ പദ്ധതി. പക്ഷേ ചെക്കിനുവച്ചത് കൊക്കിനുകൊണ്ടതു പോലെയായിക്കാണും. ചൈനക്കാര്‍ക്ക് ഒട്ടും ഇഷ്ടമല്ലാത്ത കടുകെണ്ണയുടെ അസഹ്യമായ മണം വിഭവസമൃദ്ധമായ സദ്യയിലുടനീളം. ഒരു പപ്പടം കഴിച്ച് സദ്യയുണ്ടുവെന്ന് വരുത്താമെന്നു വച്ചപ്പോള്‍ പപ്പടം പൊരിച്ചതും കടുകെണ്ണയില്‍. പുന്നയ്ക്ക എണ്ണയില്‍ പൊരിച്ച മോഡി ഷി ജിന്‍ പിങിനെ ഒളികണ്ണിട്ടു നോക്കിക്കാണണം. അതുവരെ സൗഹൃദം വഴിഞ്ഞാെഴുകിയിരുന്ന ഷിയുടെ മുഖത്ത് പകയുടെ മിന്നല്‍ പ്രളയം. ചെട്ടിനാട് കടുകെണ്ണയില്‍ കുളിപ്പിച്ച രോഷം. ഒടുവില്‍ ഹല്‍വയെങ്കിലും രുചിച്ചുനോക്കാന്‍ മോഡി കെഞ്ചി. അതും കടുകെണ്ണ മായമല്ലെന്ന് ആര് കണ്ടുവെന്ന് ഷി.

പണ്ടാരിക്കല്‍ വിശന്നുവലഞ്ഞ ഒരാള്‍ ഒരു ബന്ധുവീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോയതുപോലെയായി ഷിയ്ക്ക് മോഡി വിളമ്പിയ ചെട്ടിനാട് സദ്യ. ഉണ്ണാനിരുന്നയാളുടെ മുന്നില്‍ ഇലയില്‍ വിഭവങ്ങള്‍ ഓരോന്നായി നിരന്നു. ചക്കപ്പുഴുക്ക്, ചക്കക്കുരു തോരന്‍, ചക്കക്കുരു മെഴുക്കുപുരട്ടി, ചക്കപ്പൂഞ്ച് വഴറ്റിയത്, ചക്ക എരിശേരി. അതിഥി മര്യാദയും വിശപ്പുംമൂലം എല്ലാം അല്‍പ്പാല്‍പ്പം കഴിച്ചെന്നു വരുത്തി. അവസാനം ഗൃഹനാഥന്‍ പറഞ്ഞു. അല്‍പ്പം മോരെടുക്കട്ടെ. സഹികെട്ട അതിഥി ചോദിച്ചു; അതും ചക്കകൊണ്ടാണോ? അതുപോലെയായി മോഡി ഷിയ്ക്ക് ചെട്ടിനാട് വിരുന്നൂട്ടിയത്.