ദേവിക

വാതിൽപ്പഴുതിലൂടെ

March 02, 2020, 5:20 am

കിഴക്കേതിലെ മോഡികൊച്ചേട്ടനും ഡല്‍ഹിയില്‍ വിരിയുന്ന അരവിന്ദവും

Janayugom Online

ണ്ടൊരിക്കല്‍ ഒരു തമിഴ് ക്ലാസില്‍ കുട്ടിയോട് വാദ്ധ്യാര്‍ പൂവിന് ഒരു പര്യായം പറയാന്‍ ഒരു ചോദ്യമെറിഞ്ഞു. മലര്‍ എന്ന് കുട്ടിയുടെ റെഡിമണിയായ ഉത്തരം. പക്ഷേ സാര്‍ മനസില്‍ ഉദ്ദേശിച്ച പര്യായമല്ല കുട്ടി പറഞ്ഞത്. പക്ഷേ കുട്ടിയുടെ ഉത്തരം ശരിയുമാണ്. കുട്ടിയെ അഭിനന്ദിക്കാതെ തമിഴന്‍സാര്‍ പറഞ്ഞു; ‘പൂവെന്നും ശൊല്ലലാം പുസ്പം എന്നും ശൊല്ലലാം, അന്ത ശിന്നക്കുട്ടി ചൊല്ലിയപടിയും ശൊല്ലലാം’! കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഒരു ക്ലാസില്‍ ഇതുപോലെ തന്നെ ഒരധ്യാപകന്‍ കുട്ടികളോട് താമരയുടെ മറുപേരുകള്‍ ചോദിച്ചു. കുട്ടികള്‍ ഊഞ്ഞാല്‍പ്പാട്ടു പാടുംപോലെ ഏകസ്വരത്തില്‍ പറഞ്ഞു; കമലം, അംബുജം, പത്മം, നവനീതം, വാരിജം, പങ്കജം, ജലജം, ഉല്പലം എന്നിങ്ങനെ പര്യായങ്ങളുടെ ഒരു മഹാപ്രവാഹം. ഉത്തരം നല്കിക്കഴിഞ്ഞപ്പോള്‍ ഒരു കുട്ടി മാത്രം എണീറ്റുനിന്നു മറ്റൊരു പര്യായം കൂടി പറഞ്ഞു; അരവിന്ദം! ശരിയാണല്ലോ എന്ന് ടീച്ചര്‍ അത്ഭുതം കൂറി. എന്നിട്ട് അദ്ദേഹം കുട്ടിയോടു ചോദിച്ചു; ഈ പര്യായം മാത്രം പറയാനെന്തേകാര്യം. കുട്ടി പറഞ്ഞു, സാര്‍ ഇപ്പോഴല്ലേ അതു പറയേണ്ടത്.

നമ്മുടെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേരിലും ചെയ്തികളിലും താമരയല്ലേ വിരിയുന്നത്! പിള്ള മനസില്‍ കള്ളമില്ലെന്നാണല്ലോ ചൊല്ല്. അരവിന്ദം വിരിയുന്നതം ചെളിയിലാണ്. അരവിന്ദ് കെജ്‌രിവാള്‍ വിടര്‍ന്നതും ചളിക്കുഴിയില്‍ നിന്നാണെന്നു ചരിത്രം. അണ്ണാഹസാരെയുടെ ഐതിഹാസികമായ അഴിമതി വിരുദ്ധ പോരാട്ടത്തില്‍ അദ്ദേഹത്തിന്റെ കൈക്കാരനായി നിന്ന അരവിന്ദ് ഒടുവില്‍ ഹസാരെയുടെ കൂടും കുടുക്കയും ഫണ്ടും അടിച്ചുമാറ്റിയതും ചരിത്രം. പിന്നെ പൊങ്ങിയത് ഡല്‍ഹിയിലെ ആപ്പുനേതാവായി. ”പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍, കാട്ടാളരില്‍ കാപ്പിരി കാമദേവന്‍”‍ എന്ന മട്ടില്‍ ജനം അരവിന്ദ് കെജ്‌രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രിയായി മൂന്നാം തവണയും തെരഞ്ഞെടുത്തു. മൂന്നാം വരവിലെ കെജ്‌രിവാള്‍ പണ്ട് ഒ വി വിജയന്‍ ‘ദ് ഹിന്ദു‘വില്‍ വരച്ച കാര്‍ട്ടൂണ്‍പോലെ ആകെ മാറിയ അവസ്ഥയില്‍. ഷേക് അബ്ദുള്ളയെ ജയില്‍ വിമോചിതനാക്കി ജമ്മു-കശ്മീര്‍ മുഖ്യമന്ത്രിയായി നെഹ്റു വാഴിച്ചപ്പോള്‍ വരച്ചതായിരുന്നു ആ കാര്‍ട്ടൂണ്‍. ‘ഇനി കഷായവും കുഴമ്പുമായി ഒരു സുഖചികിത്സ’ എന്ന് ഷേക് അബ്ദുള്ളയുടെ കാര്‍ട്ടൂണിന് ഒരു അടിക്കുറിപ്പും. അരവിന്ദ് കെജ്‌രിവാളിനും മൂന്നാം വരവ് അധികാരത്തിന്റെ ഒരു സുഖ ചികിത്സാക്കാലം. പക്ഷേ അല്പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ധരാത്രി മോഡിയും കുടപിടിക്കും എന്നപോലെയാണ് അരവിന്ദ് കെജ്‌രിവാളിന്റെ പോക്ക്.

എതിരാളികളെ തോല്പിക്കാന്‍ രഹസ്യ ഹിന്ദുവര്‍ഗീയ അജണ്ട എടുത്തുപയറ്റി. കിരാതമായ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് കമാ എന്നൊരക്ഷരം ഉരിയാടിയില്ല. ഒരു രണ്ടാം താമര ടീം പോലെ അധികാരത്തിലേറിയപ്പോള്‍ അല്പന്‍ അരവിന്ദ് തനി താമര പാര്‍ട്ടിയായി. തന്റെ പാര്‍ട്ടിക്കാരന്‍ തന്‍വീര്‍ ഹസനടക്കമുള്ളവര്‍ കിഴക്കന്‍ ഡല്‍ഹിയിലെ രക്തരൂക്ഷിത കലാപങ്ങള്‍ക്ക് നേതൃത്വം നല്കിയപ്പോള്‍‍ ബിജെപിക്ക് മിണ്ടാട്ടിമില്ലാതായി, ബലേഭേഷ് എന്ന് അമിത്ഷായും കൂട്ടാളികളും കയ്യടിച്ചു. അരവിന്ദനിലെ അരവിന്ദം പൂത്തുലഞ്ഞതോടെ പുതിയ മുഖംമൂടിയണിഞ്ഞ് ബിജെപി സ്റ്റൈല്‍ കപടരാജ്യസ്നേഹിയായി. ബിജെപിക്കും കെജ്‌രിവാളിനും ആം ആദ്മി പാര്‍ട്ടിക്കുമെതിരേ പുതിയൊരു ജനകീയ ശക്തി ഡല്‍ഹിയില്‍ ഉദിച്ചുയരാന്‍ പോകുന്നുവെന്നും ഇന്ത്യന്‍ യുവതയുടെ ഈ വിമോചന പ്രസ്ഥാനത്തിന് തേരു തെളിക്കാന്‍ പോകുന്നത് ജെഎന്‍യു മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യകുമാര്‍ എന്ന തീപ്പന്തമായിരിക്കുമെന്നും ഇന്ത്യയിലെയും വിദേശത്തെയും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഞെട്ടിയത് കെജ്‌രിവാളും അമിത്ഷായും. മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്നതായിരുന്നു കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും. കനയ്യ പടര്‍ത്തുന്ന രോഷാഗ്നിയില്‍ നിന്നു തല്ക്കാലം രക്ഷപ്പെടാന്‍ കെജ്‌രിവാളിന്റെ വക ഒരൊറ്റ ചെയ്ത്! കനയ്യയെ രാജ്യദ്രോഹിയായി ചിത്രീകരിച്ച് കള്ളക്കേസില്‍ കുടുക്കാന്‍ കെജ്‌രിവാള്‍ സര്‍ക്കാര്‍ ബിജെപിക്ക് പച്ചക്കൊടി കാട്ടിയിരിക്കുന്നു. കനയ്യ, ഒമാര്‍ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, ഉമര്‍ഗുല്‍, റാമിസ് റസൂല്‍ തുടങ്ങി പത്തു ചെറുപ്പക്കാര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കാനാണ് അരവിന്ദന്‍ താമരയുടെ കല്പന. നാലുവര്‍ഷം മുമ്പ് കെട്ടിച്ചമച്ചതും കോടതി പലതവണ ചവറ്റുകൊട്ടയിലെറിഞ്ഞതുതമായ കള്ളക്കേസാണ് ഇപ്പോള്‍ ബിജെപിക്ക് വേണ്ടി അരവിന്ദ് കുത്തിപ്പൊക്കിക്കൊണ്ടുവന്നിരിക്കുന്നത്.

‘ഓരോ തുള്ളിച്ചോരയില്‍ നിന്നും ഒരായിരം പേരുയരുന്നു, അവര്‍ നാടിന്‍ മോചന രണാങ്കണങ്ങളില്‍ ഉയരുന്നു’ എന്ന മുദ്രാവാക്യം കെജ്‌രിവാളും അമിത്ഷായും മോഡിയും കേട്ടിട്ടുണ്ടാവില്ല. ഇല്ലെങ്കില്‍ ചരിത്രം അതവരെ കേള്‍പ്പിക്കും… ഞങ്ങളുടെ നാട്ടില്‍ ഒരു മണ്ടിപ്പെണ്ണുണ്ടായിരുന്നു. മണ്ടിയെന്നു പറഞ്ഞാല്‍ കറകളഞ്ഞ നിഷ്കളങ്ക. ആ സുന്ദരിപ്പെണ്ണിനെ ഒരു പട്ടാളക്കാരന്‍ കല്യാണം കഴിച്ചു. മധുവിധുവെല്ലാം കഴിഞ്ഞ് അവധിക്കു ശേഷം പട്ടാളക്കാരന്‍ മടങ്ങുമ്പോള്‍ ഭാര്യ ഗര്‍ഭിണി. അടുത്ത അവധിക്കുവന്ന പട്ടാളക്കാരന്‍ തന്റെ കടിഞ്ഞൂല്‍ കനിയെ വാരിപ്പുണര്‍ന്നു താലോലിച്ചപ്പോള്‍ ഭാര്യ ചാരെ നിന്ന് നവവധുവിന്റെ നാണത്തോടെ പറഞ്ഞു: ഓ കുഞ്ഞിനെ പുന്നരിക്കാന്‍ വന്നിരിക്കുന്നു. കിഴക്കേതിലെ കൊച്ചേട്ടനില്ലെങ്കില്‍ കാണാമായിരുന്നു. ഗര്‍ഭിണിയാക്കിയിട്ടു നിങ്ങളു പോയില്യോ. കൊച്ചേട്ടനല്യോ കുഞ്ഞിന് കയ്യും കാലും മൂക്കും കണ്ണും വെച്ചുതന്നത്! യു എസ് പ്രസിഡന്റ് ട്രംപളിയന്‍ ഇവിടെ വന്നു മുഴക്കിയ ഗീര്‍വാണം കേട്ടപ്പോഴാണ് കുഞ്ഞിനു കയ്യും കാലും വച്ച കഥ ഓര്‍ത്തുപോയത്. ഗുജറാത്തിലെ സ്റ്റേഡിയത്തില്‍ കൂടിയ ജനസഞ്ചയത്തിന് മുന്നിൽ പ്രധാനമന്ത്രി മോഡിയെ അരികിലിരുത്തി ട്രംപ് പറഞ്ഞു, ‘ഇന്ത്യയുടെ കുതിച്ചുചാട്ടത്തിനു കാലുകൾ നൽകിയത് മോഡിയാണ്’, ജനം അത്ഭുതത്തോടെ മോഡിയെ നോക്കി. അമ്പടാ കാൽവെച്ചുപിടിപ്പിക്കൽ ശസ്ത്രക്രിയ വിദഗ്ധൻ എന്ന മട്ടിൽ! അതായത് ഇന്ത്യ കതിച്ചുചാട്ടവും തുള്ളിച്ചാട്ടവുമെല്ലാം പഠിച്ചത് മോ‍‍ഡിയിൽ നിന്നെന്ന് ട്രംപിന്റെ സർട്ടിഫിക്കറ്റ്.

നെഹ്റുവും ലാൽബഹദൂർ ശാസ്ത്രിയും ഇന്ദിരാഗാന്ധിയും മോഡിയുടെ സ്വന്തം മൊറാർജിയും വാജ്പേയിയും മുതൽ മൻമോഹൻസിങ് വരെയുള്ളവർ പ്രധാനമന്ത്രിമാരായി ഗോലികളിച്ചും കല്ലുകളിച്ചും സമയം പോക്കിയപ്പോൾ കുതിച്ചുചാടാൻ ഇന്ത്യക്കു കാലുകൾ വച്ചുപിടിപ്പിച്ചത് കിഴക്കേതിലെ കൊച്ചേട്ടനെപ്പോലെ കാശിയിലെ മോഡിച്ചേട്ടൻ! ഭക്രാനംഗലും ഹിരാകുഡും ബൊക്കാറോയുമടക്കമുള്ള ഇന്ത്യയുടെ മഹാശക്തി ക്ഷേത്രങ്ങൾ ഉയർന്നത് ആരുടെയൊക്കെ കാലത്താണ്, ഇന്ത്യ ആണവശക്തിയും ബഹിരാകാശ ശക്തിയും വ്യവസായശക്തിയുമായത് മോഡിയുടെ കാലത്തല്ലെന്ന് ട്രംപിനും മോഡിക്കും അറിയാത്തതല്ല. നമ്മുടെ തനതുശക്തി ക്ഷേത്രങ്ങളെല്ലാം വിറ്റുതുലയ്ക്കുന്നതിലാണ് മോഡി കുതിച്ചുചാട്ടം നടത്തുന്നതെന്ന കാര്യം മാലോകർ നന്നായറിയുന്നതിനിടെയാണ് മോഡിയെ ട്രംപ് കാൽവയ്പുകാരനാക്കിയത്. കുറേക്കാലം മുമ്പ് മുസ്‌ലിംലീഗ് നേതാവ് പി സീതിഹാജി നിയമസഭയിൽ പ്രസംഗിക്കുന്നു. മരംവെട്ടുകാരനിൽ നിന്നു വളർന്ന് രാഷ്ട്രീയ നേതാവായി ഉയർന്ന സരസനായിരുന്നു സീതിഹാജി സാഹിബ്. കാടുവെട്ടി വെളുപ്പിക്കലിനെക്കുറിച്ച് ആരെങ്കിലും പരാതി പറഞ്ഞാൽ അദ്ദേഹം അപ്പോൾ കുറുകെ ചാടിവീഴും. വനനശീകരണം കൊണ്ടാണ് മഴയില്ലാതെ നാം ചുട്ടുപൊള്ളുന്നതെന്നും കുടിനീരിനു വേണ്ടി കേഴുന്നതെന്നും ആയിടെ സുഗതകുമാരി ടീച്ചർ എഴുതിയ ഒരു കവിതയാണ് സീതിഹാജിയെ ചൊടിപ്പിച്ചത്. അദ്ദേഹം സഭയിൽ പൊട്ടിത്തെറിച്ചു. ഏതോ ഒരു പെണ്ണ് ഒരു കവിതയെഴുതിയെന്ന് കേട്ടു. കാടില്ലെങ്കിൽ മഴയില്ലെന്ന് ഏതു പഹച്ചിയാണ് പറഞ്ഞത്. കാടുണ്ടായിട്ടാണോ കടലിൽ മഴ പെയ്യുന്നത്!

സീതിഹാജിയുടെ ന്യായീകരണം കേട്ട് നിയമസഭ തലയറഞ്ഞു ചിരിച്ചു. കിഴക്കൻ മലകളിലെ ക്വാറികൾ വൻ പരിസ്ഥിതിനാശമുണ്ടാക്കുന്നുവെന്നും ഉരുൾ പൊട്ടലിനും മലകൾ ഇടിയുന്നതിനും കാരണമാവുമെന്നും ഗാഡ്ഗിൽ കമ്മിഷൻ റിപ്പോർട്ടിലും കസ്തൂരിരംഗൻ റിപ്പോർട്ടിലും പറഞ്ഞിരുന്നു. അവരെക്കാൾ വലിയ പരിസ്ഥിതി ശാസ്ത്ര പ്രതിഭയായി അത്യുന്നതങ്ങളിലെ ഒരു മാന്യൻ ഈയിടെ പറഞ്ഞത് ക്വാറികൾ ഒരു പരിസ്ഥിതിനാശവും വരുത്തിയിട്ടില്ലെന്നാണ്! ഇതു വാദിക്കുവാനും ജയിക്കാനുമുള്ള വിഷയമല്ലെന്ന് പരിസ്ഥിതിനാശം കൊണ്ടു സംഭവിച്ച രണ്ടു മഹാപ്രളയങ്ങൾ നമുക്കു മുന്നിൽ നടുക്കുന്ന ഓർമ്മക്കുറിപ്പുകളാവുന്നു. എന്നിട്ടും നമ്മൾ പഠിക്കുന്നില്ല. ഇക്കഴിഞ്ഞ ദിവസങ്ങളിൽ രണ്ടുതവണ ഇടുക്കി അണക്കെട്ടിനടുത്തുണ്ടായ ഭൂചലനങ്ങൾ നമ്മെ പേടിപ്പെടുത്തുന്നു. കുറവൻ‑കുറത്തി മലകൾക്കിടയിലെ ഈ ആർച്ച് ഡാം ഭൂകമ്പത്തിൽ തകർന്നാലുള്ള ദുരന്തം നമുക്ക് ഓർക്കാനേ കഴിയുന്നില്ല.

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തുണ്ടായ ഈ മിനി ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രങ്ങൾ ആയക്കെട്ടുപ്രദേശത്തെ കാൽവരിക്കുന്ന് ആണെന്നും കണ്ടെത്തി. പക്ഷെ ഈ പ്രഭവകേന്ദ്രത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് ഒരു ചാനലും ചർച്ച ചെയ്തില്ല, രണ്ടു വാചകങ്ങളിലൊതുക്കിയ ഭൂചലന വാർത്ത എന്ന മാധ്യ നിസംഗത കാൽവരിക്കുന്ന് എങ്ങിനെയുണ്ടായി എന്നറിയാമോ? ഈ പ്രദേശം ദേവിക സന്ദർശിച്ചിട്ടുണ്ട്. ഇടതൂർന്ന കന്യാവനങ്ങളായിരുന്നു ഇവിടെ. അവയെല്ലാം വെട്ടിവെളുപ്പിച്ച് നാലുഭാഗത്തു നിന്നും കുന്നിൻ മുകളിലേയ്ക്ക് കുരിശുകൾ നാട്ടി കുരിശിന്റെ വഴികൾ വെട്ടി മലമുകളിനു പേരുമിട്ടു കാൽവരിക്കുന്ന്. വനനശീകരണം മൂലം ഇവിടെ ഉരുൾപൊട്ടൽ തുടർക്കഥ. മണ്ണൊലിച്ച് അണക്കെട്ടിന്റെ സംഭരണശേഷി തന്നെ ശോഷിച്ചിരിക്കുന്നു. മാഫിയകൾ കള്ളക്കുരിശുകൾ നാട്ടി നടത്തുന്ന കയ്യേറ്റങ്ങളെ സാധൂകരിക്കാൻ കാലാകാലങ്ങളായി ചില മന്ത്രിമാരും നേതാക്കളുമുണ്ട്. അവർക്കുകൂടി ഒരു താക്കീതാണ് നമ്മുടെ സാങ്കേതികശക്തി സ്തംഭമായ ഇടുക്കി അണക്കെട്ടിനോടു ചേർന്നുള്ള ഈ ഭൂപ്രദേശങ്ങൾ. വരാനിരിക്കുന്ന ദുരന്തങ്ങളുടെ അപായക്കൊടികൾ.