Janayugom Online
Open defecation in Vadnagar, Modi's hometown

മോഡിയുടെ ജന്മനാട്ടില്‍ വെളിയിട നാണക്കേട്

Web Desk
Posted on November 24, 2017, 8:32 pm

മാനക്കേടിന്റെ മുദ്ര: മണിബന്‍ തുരുമ്പിച്ച തകരപ്പാട്ടയുമായി

പ്രിയങ്ക ദുബെ (ബിബിസി)
ഗുജറാത്തിലെ വഡ്‌നഗറിലേക്ക് ഞാന്‍ ചെന്നപ്പോള്‍ ‘സ്വച്ഛ് ഭാരത് അഭിയാന്‍’ നിറംകെടുന്നതാണ് കണ്ടത്.
മഹസാന ജില്ലയിലെ വഡ്‌നഗര്‍ മുനിസിപ്പാലിറ്റിയിലാണ് മോഡി ജനിച്ചതും കുട്ടിക്കാലം ചെലവഴിച്ചതും പ്രാഥമിക വിദ്യാഭ്യാസം ചെയ്തതും. ഇവിടം ചരിത്രസ്മാരകവും വിനോദസഞ്ചാര കേന്ദ്രവുമായി മാറുന്നു.
ഞാന്‍ റോഹിത് വാസിലേക്ക് എത്തിയപ്പോള്‍ ”നിങ്ങള്‍ വഡ്‌നഗര്‍ വൈഫൈ മേഖലയില്‍ കടന്നിരിക്കുന്നു”വെന്ന സന്ദേശം എനിക്ക് ലഭിച്ചു. റോഹിത് വാസ് ദളിതര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമാണ്. മുമ്പ് അവര്‍ തൊട്ടുകൂടാത്തവരായിരുന്നു.
ഒരു കൂട്ടം പെണ്‍കുട്ടികള്‍ എന്നെ അവര്‍ എന്നും രാവിലെ പ്രാഥമികാവശ്യത്തിനു പോകുന്ന വെളിയിടം കാണിച്ചുതന്നു.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രതേ്യകമായി ഓരോ വെളിയിടങ്ങളുണ്ട്. തീര്‍ച്ചയായും, ഗ്രാമങ്ങള്‍ തോറും ശുചിമുറികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നീക്കിവച്ച 10.9 ദശലക്ഷം രൂപ മോഡിയുടെ സ്വന്തം ഗ്രാമത്തില്‍ പോലും എത്തിയിട്ടില്ലെന്ന് വ്യക്തം.
”അഴുക്ക് ചാലുകള്‍ എപ്പോഴും തുറന്നു കിടക്കുന്നു.” മുപ്പതുകാരിയായ ദക്ഷാബന്‍ പരാതിപ്പെട്ടു.
”ഞങ്ങളുടെ കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്ന പെണ്‍കുട്ടികള്‍ വരെ പൊതുസ്ഥലത്താണ് വിസര്‍ജനം ചെയ്യുന്നത്. ഞങ്ങള്‍ക്ക് വീടില്ല. ശുചിമുറിയുണ്ടോ എന്നാരും ഇതുവരെ വന്നു തിരക്കിയിട്ടില്ല.” ദക്ഷ ബിബിസിയോട് പറഞ്ഞു.
നിര്‍മലാബന്‍ പറഞ്ഞു. ”മോഡി സര്‍ക്കാര്‍ ഇവിടുള്ളവരോട് പറഞ്ഞ ഒരു കാര്യവും നടപ്പാക്കിയിട്ടില്ല. ഞങ്ങള്‍ക്ക് വീടും ടോയ്‌ലറ്റും നല്‍കുമെന്ന് പറഞ്ഞു. ഒന്നും കിട്ടിയില്ല”
ഇക്കഴിഞ്ഞ ഒക്‌ടോബര്‍ എട്ടിന് മോഡി ഇവിടം സന്ദര്‍ശിച്ചു.

2014ല്‍ അധികാരത്തില്‍ വന്ന ശേഷം ഇതാദ്യമായി. ”ഇപ്പോള്‍ തെരഞ്ഞെടുപ്പ് വന്നപ്പോഴെങ്കിലും അദ്ദേഹം ജന്മനാടിനെ ഓര്‍ത്തല്ലോ. അല്ലെങ്കില്‍ ആരും ഞങ്ങളെ കാണാനും പ്രശ്‌നം കേള്‍ക്കാനും എത്തില്ല.” അവര്‍ പറഞ്ഞു.
ശുചിമുറികള്‍ ഇല്ലാത്ത അഞ്ഞൂറ് വീടുകള്‍ മുനിസിപ്പാലിറ്റിയിലുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മുപ്പതിനായിരം മനുഷ്യര്‍ക്ക് ഈ സൗകര്യമില്ല.
ദുസ്സഹമായി ഒഴുകുന്ന അഴുക്കുചാലുകളും ദുര്‍ഗന്ധം വമിക്കുന്ന ഇടനാഴികളും തകര്‍ന്ന റോഡുകളും കടന്നു ചെല്ലുമ്പോള്‍ വീടിന് മുന്നില്‍ തുണി അലക്കുന്ന സ്ത്രീകളെ കണ്ടു.
ഇന്ത്യാ സര്‍ക്കാര്‍ ഈയിടെ വഡ നഗറിനെ ചരിത്രസ്മാരകവും വിനോദസഞ്ചാര കേന്ദ്രവുമാക്കി മാറ്റാനായി 550 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. ആശുപത്രികള്‍, സാങ്കേതിക വികസനം എന്നിവയുള്‍പ്പെട്ട സ്വപ്നതുല്യമായ വികസനമാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
പക്ഷേ ഇതൊന്നും മണിബന്നിന്റെ ജീവിതത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. 70 കഴിഞ്ഞ ആ വൃദ്ധ തുരുമ്പെടുത്ത ഒരു ചുവന്ന തകരപ്പാട്ടയുമായി എന്റെ മുമ്പില്‍ വന്നു. എന്നും രാവിലെ അതുപയോഗിച്ച് ഒരു പാട്ട വെള്ളവുമായാണ് മണി ബന്‍ വെളിക്കിരിക്കാന്‍ പറമ്പിലേയ്ക്ക് പോകുന്നത്.
ഒരുപാട് സ്ത്രീകള്‍ക്കും, തങ്ങളുടെ നാട്ടിലേയ്ക്ക് പ്രഖ്യാപിക്കപ്പെട്ട കൂറ്റന്‍ പദ്ധതിയെക്കുറിച്ച് അറിവേയില്ല. അവരുടെ വീടുകളില്‍ ശുചിമുറി നിര്‍മിച്ചു നല്‍കുന്നതും കാത്ത് ഇരിപ്പാണ് മിക്കവരും.
പ്രധാനമന്ത്രിയോട് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് ഞാന്‍ ചോദിച്ചു. ശുചിമുറി വേണമെന്ന് എല്ലാവരും പറഞ്ഞു.
”വെളിയിട വിസര്‍ജനം ഞങ്ങള്‍ക്ക് നാണക്കേടാണ്, അപമാനവും”, ഒരു സ്ത്രീ പറഞ്ഞു.

കടപ്പാട്: ബിബിസി