പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരമുള്ള വൈദ്യുതി വിളക്കണയ്ക്കൽ രാജ്യത്തിന് ഏറെ വെല്ലുവിളിയാകുന്നു. കൊറോണയ്ക്കെതിരായ ഐക്യദാർഢ്യം അടിയന്തര സേവനങ്ങളെ പ്രതികൂലമായി ബാധിക്കുമോയെന്നാണ് ആശങ്ക ഉയരുന്നത്. കൊറോണയെന്ന ഇരുട്ടിനെ അകറ്റാൻ ഇന്ന് രാത്രി ഒൻപതിനു വീട്ടിലെ വിളക്കുകളണച്ച് ദീപങ്ങൾ തെളിയിക്കണമെന്നായിരുന്നു നരേന്ദ്ര മോഡിയുടെ നിർദ്ദേശം. എന്നാൽ നിർദ്ദേശം വിപരീത ഫലമാണുണ്ടാക്കുകയെന്നും രാജ്യത്തെ അടിയന്തിര സേവനങ്ങളെ പോലും ഇത് പ്രതികൂലമായി ബാധിക്കുമെന്നും വൈദ്യുതിരംഗത്തെ വിദഗ്ധരും രാഷ്ട്രീയ നേതാക്കളുമടക്കം നിരവധിപേർ ചൂണ്ടിക്കാട്ടിയിരുന്നു.
രാജ്യം മുഴുവന്‍ വൈദ്യുതി വിളക്കുകള്‍ അണയ്ക്കുന്നത് വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട ഗ്രിഡിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാമെന്ന് ഊര്‍ജ്ജവകുപ്പ് മന്ത്രി കൂടിയായിരുന്ന ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചു. ഇതേ ആശങ്കയാണ് വിദഗ്ധരെല്ലാം പങ്കുവയ്ക്കുന്നത്. ഒരേ സമയം ലൈറ്റുകള്‍ ഒരുമിച്ച് നിര്‍ത്തുന്നത് ഉപഭോഗത്തിലും വിതരണത്തിലും വലിയ വ്യത്യാസത്തിന് ഇടയാക്കും. പിന്നീട് ഇത് പുനഃക്രമീകരിക്കാൻ വേണ്ടി 12 മുതല്‍ 16 മണിക്കൂര്‍ വരെ സമയം വേണ്ടിവരുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രിയുടെ തീരുമാനത്തില്‍ പുനഃപരിശോധന വേണമെന്ന് മഹാരാഷ്ട്ര ഊര്‍ജ മന്ത്രി ഡോ. നിതിന്‍ റാവത്തും ആവശ്യപ്പെട്ടു.
125 ജിഗാവാട്ടാണ് രാജ്യത്തെ ശരാശരി വൈദ്യുതി ഉപഭോഗം. ലോക്ഡൗൺ നിലവിൽവന്നതോടെ 25 ശതമാനത്തോളം കുറവുവന്നതിന് ശേഷമുള്ള കണക്കാണിത്. കഴിഞ്ഞവർഷം ഏപ്രിലിൽ 176.72 ജിഗാവാട്ടായിരുന്നു രാജ്യത്തെ വൈദ്യുതി ഉപഭോഗം. വൈദ്യുതി വിളക്കുകൾക്കുവേണ്ടി രാജ്യത്ത് ഉപയോഗിക്കപ്പെടുന്നത് 13 ജിഗാവാട്ട് വരെ വൈദ്യുതിയാണെന്ന് ഗ്രിഡിന്റെ ചുമതലക്കാരായ പവർ സിസ്റ്റം ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡ് കണക്കൂകൂട്ടുന്നു. 33 സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററുകളും അഞ്ച് റീജണൽ ലോഡ് ഡെസ്പാച്ച് സെന്ററുകളും ചേർന്നാണ് ദേശീയ ഗ്രിഡ് രൂപപ്പെട്ടിരിക്കുന്നത്.
ജല, കൽക്കരി, വാതക, ആണവ നിലയങ്ങളെല്ലാം ഗ്രിഡുമായി ബന്ധപ്പെട്ടിരിക്കുന്നു. ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ അയൽരാജ്യങ്ങളുമായും ദേശീയ ഗ്രിഡ് ബന്ധപ്പെട്ടിട്ടുണ്ട്. അപ്രതീക്ഷിതമായി ലോഡ് കുറയുന്ന സാഹചര്യത്തെ നേരിടുന്നതിനായി ഉല്പാദനം പരമാവധി കുറയ്ക്കുകയാണ് പോംവഴി. ജല, വാതക പദ്ധതികളിൽനിന്നുള്ള ഉല്പാദനമാണ് ഇതനുസരിച്ച് കുറയ്ക്കാനാകുക. ഇത്രയും വൈദ്യുതിവിളക്കുകൾ ഒരുമിച്ച് അണയ്ക്കുമ്പോൾ ലൈനുകളിലൂടെ അമിതമായ വൈദ്യുതി പ്രവാഹത്തിനും സാധ്യതയുണ്ട്. ഇക്കാരണത്താൽ ഗൃഹോപകരണങ്ങൾക്ക് കേടുപാടുകൾക്കും സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
എന്നാൽ പ്രധാനമന്ത്രിയുടെ ആഹ്വാനം വൈദ്യുതവിതരണ ശൃംഖലയെ ബാധിക്കുമെന്ന ആശങ്ക വേണ്ടെന്ന് വൈദ്യുതി മന്ത്രാലയം. തെരുവ് വിളക്കുകള്‍, കമ്പ്യൂട്ടറുകള്‍, ടിവികള്‍, ഫാനുകള്‍, റഫ്രിജറേറ്ററുകള്‍, എസികള്‍ തുടങ്ങിയ വൈദ്യുതോപകരണങ്ങളൊന്നും പ്രവര്‍ത്തിപ്പിക്കരുതെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ആശുപത്രികളിലെ വൈദ്യുത വിളക്കുകള്‍, പൊതുഉപയോഗം, മുനിസിപ്പല്‍ സേവനങ്ങള്‍, ഓഫീസുകള്‍, പൊലീസ് സ്റ്റേഷനുകള്‍ തുടങ്ങി അവശ്യ സേവനങ്ങളില്‍ വൈദ്യുത വിളക്കുകള്‍ അണയ്ക്കേണ്ടതില്ല. പ്രധാനമന്ത്രി അഭ്യര്‍ഥിച്ചത് വീടുകളിലെ വിളക്കുകള്‍ മാത്രം അണയ്ക്കാനാണെന്നും വൈദ്യുതി മന്ത്രാലയം പറയുന്നു.
English Summary: modi’s candle plan affect power supply
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.