Web Desk

തിരുവനന്തപുരം

December 29, 2020, 10:29 pm

മോഡിയുടെ കോര്‍പ്പറേറ്റ് ചങ്ങാത്തം രാജ്യത്തിന് ആപത്ത്: ഇ ചന്ദ്രശേഖരൻ

Janayugom Online

നരേന്ദ്ര മോഡിയുടെ കോർപ്പറേറ്റ് ചങ്ങാത്തം രാജ്യത്തെ ആപത്തിലേക്ക് നയിക്കുകയാണെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. കോർപ്പറേറ്റ് ശക്തികളുടെ നീക്കത്തിന് കേന്ദ്രസർക്കാർ പിന്തുണ നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. സംയുക്ത കർഷക സമിതിയുടെ അനിശ്ചിതകാല സത്യഗ്രഹം 18-ാം ദിവസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ നിലനിൽപ്പിന്റെ പ്രശ്നമല്ല, വൻകിട ശക്തികളുടെ താല്പര്യങ്ങളാണ് വലുതെന്ന് കേന്ദ്രസർക്കാർ പരസ്യമായി തെളിയിക്കുകയാണ്. കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ള ധാരണകൾ നടപ്പാക്കുമ്പോൾ ഫലം ദൂരവ്യാപകമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ ഭരണാധികാരികൾ കർഷകരോട് സാമാന്യ നീതി പുലർത്തുന്നില്ല. രാജ്യത്തിന്റെ കാർഷിക മേഖലയെ കുത്തകവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോഡി സർക്കാരിന്റെ നിയമനിർമ്മാണം. അതിൽ നിന്നും പിന്തിരിയാൻ സന്നദ്ധമല്ല എന്നതിനാൽ ഓരോ ദിവസവും ഓരോ ന്യായങ്ങള്‍ പറയുകയാണ്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ളതല്ല എന്ന് ബിജെപി പച്ചയ്ക്ക് പറഞ്ഞിട്ടുണ്ട്. ബിജെപിയുടെ പുതിയ സമീപനം മാത്രമായി അതിനെ കാണാൻ കഴിയില്ല. വർഷങ്ങൾക്ക് മുൻപ് തുടക്കം കുറിച്ച് അവസരം കാത്തിരുന്നതാണ്. സാമ്രാജ്യത്വ ശക്തികളുടെ സാന്നിധ്യവും അതിലുണ്ട്. രാജ്യത്തെ തന്ത്രപ്രധാന മേഖലകളെല്ലാം കുത്തകവൽക്കരിക്കാൻ ഭരണാധികാരികൾ തന്നെ അവസരമൊരുക്കുകയാണെന്നും മന്ത്രി പറഞ്ഞു.

നാടിനെ തീറ്റിപ്പോറ്റുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നവരാണ് ഇന്ത്യയിലെ വടക്ക് കിഴക്കൻ മേഖലകളിലെ കർഷകർ. കാർഷിക മേഖലയെ തകർക്കുന്നതാണ് പുതിയ നിയമങ്ങൾ എന്ന് ഉത്തമബോധ്യമുള്ളതിനാലാണ് അവർ മഹാസമരവുമായെത്തിയത്. രാജ്യത്ത് കർഷകരുടെ പ്രക്ഷോഭം 36 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇത് കൃഷിക്കാരന്റെ മാത്രം പ്രശ്നമല്ല, രാജ്യത്തിന്റെ പൊതുവികാരമാണ്. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ ചെറുത്ത് ഭരണാധികാരികളെ നിലയ്ക്കു നിർത്താനുള്ള പ്രക്ഷോഭമാണ് രാജ്യത്ത് വളർന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് വി എസ് പത്മകുമാർ അധ്യക്ഷനായി. കിസാൻസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ വേണുഗോപാലൻ നായർ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. ജി ആർ അനിൽ, മുൻ എംപി എ സമ്പത്ത്, വി പി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. തമ്പാനൂർ രാജീവ് സ്വാഗതം പറഞ്ഞു.

Eng­lish Sum­ma­ry : Mod­i’s cor­po­rate friend­ship is a dan­ger to the coun­try: E Chandrasekaran

You may like this video also