Saturday
19 Oct 2019

ഇന്ത്യയെ ദുര്‍ബലമാക്കുന്ന മോഡിയുടെ എളുപ്പവഴികള്‍

By: Web Desk | Tuesday 25 June 2019 10:32 PM IST


 

പ്രധാനമന്ത്രി നരേന്ദ്രമോഡി നല്ല കാര്യശേഷിയുള്ള ആളാണ്. വേഗത്തില്‍ കാര്യങ്ങള്‍ ചെയ്യാന്‍ അറിയാം. ജനശ്രദ്ധകിട്ടുന്ന വിധം പ്രസംഗിക്കാന്‍ അറിയാം. ചെയ്യുന്നതിന്റെ ഇരട്ടി നേട്ടം കൊയ്‌തെടുക്കാനറിയാം. ഇന്ത്യന്‍ സമ്പദ്ഘടന കോര്‍പ്പറേറ്റ് അനുകൂലമാക്കുന്ന വിധം മനസില്‍ ഉറപ്പിച്ചു വച്ചിട്ടുണ്ട്. കേന്ദ്ര ആസൂത്രണ കമ്മിഷന്‍ ഇല്ലാതാക്കല്‍ എന്ന ഒറ്റ നടപടിയിലൂടെ ഇത് തെളിയിച്ചു. ജാതിയെയും മതത്തെയും ദേശീയതയെയും എല്ലാം എപ്പോള്‍ എങ്ങനെ എവിടെ എടുത്ത് പ്രയോഗിക്കണം എന്ന നല്ല നിശ്ചയമുണ്ട്. മാധ്യമങ്ങളില്‍ നിറയാന്‍ വേണ്ടത് എന്തൊക്കെ എന്ന് നല്ല ഗൃഹപാഠം നടത്തിവച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണം സൂക്ഷ്മതയോടെ വിലയിരുത്തിയാല്‍ തെളിഞ്ഞുവരുന്ന ഒരു ചിത്രമുണ്ട്. ഒരു പ്രയാസവുമില്ലാതെ, അതിവേഗത്തില്‍ നടപ്പിലാക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ മാത്രമേ മോഡി മുഖ്യമായും കൈവച്ചിട്ടുള്ളു എന്നതാണത്. എളുപ്പത്തില്‍ ഖജനാവില്‍ പണമെത്തുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യുക, ആ പണം ജനങ്ങള്‍ക്ക് കുറച്ചൊക്കെ ആശ്വാസം കിട്ടുന്നതിന് വേണ്ടി ചെലവഴിക്കുക, അതിനു നല്ല പ്രചാരണം നല്‍കുക, ആവശ്യമായി വരുമ്പോഴെല്ലാം പണം കടം വാങ്ങുക തുടങ്ങി ഒട്ടും സങ്കീര്‍ണമല്ലാത്ത വഴികളാണ് മോഡി സ്വീകരിച്ചത്. ഭരണപരമായ ഒരു മിടുക്കും ഇതിനാവശ്യമായി വരുന്നില്ല എന്ന് വ്യക്തം.
കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിച്ചതിലൂടെ 2.77 ലക്ഷം കോടി രൂപയാണ് ഖജനാവില്‍ എത്തിയത്. ലോക മാര്‍ക്കറ്റില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയില്‍ ശരാശരി 42 ശതമാനം വിലക്കുറവുണ്ടായപ്പോള്‍, ഇന്ത്യയില്‍ തുടര്‍ച്ചയായി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ മേല്‍ നികുതി വര്‍ധിപ്പിച്ചു കൊണ്ടിരുന്നു. ഇതിലൂടെ ഈ കാലയളവില്‍ കേന്ദ്ര സര്‍ക്കാരിന് അധിക നികുതിയായി ലഭിച്ചത് 8.33 ലക്ഷം കോടി രൂപയാണ്. റിസര്‍വ് ബാങ്കില്‍ നിന്നുള്ള ലാഭവിഹിതം പരമാവധി വാങ്ങിയെടുത്തു. 2018-19 ല്‍ മാത്രം ഇങ്ങനെ 68,000 കോടി രൂപ ലഭിച്ചു. സബ്‌സിഡികള്‍ വെട്ടിക്കുറച്ചതിലൂടെയും കേന്ദ്രസര്‍വീസിലെ തസ്തികകള്‍ പരിമിതപ്പെടുത്തിയതിലൂടെയും നിയമനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിലൂടെയും സ്ഥിരം നിയമനങ്ങള്‍ക്കു പകരം ദിവസക്കൂലിക്കാരെ നിശ്ചയിച്ചതിലൂടെയും ഭരണചെലവ് കുറച്ചുകൊണ്ടിരുന്നു. വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും മാത്രമല്ല, തൊഴിലുറപ്പു പദ്ധതിക്കുപോലും ആവശ്യമായത്ര തുക വകയിരുത്തുകയോ ചെലവഴിക്കുകയോ ചെയ്തില്ല. ഇതിനൊക്കെ പുറമേയാണ് ലക്ഷക്കണക്കിന് കോടി രൂപ സര്‍ക്കാര്‍ ഈ കാലയളവില്‍ വായ്പയെടുത്തത്. 2019 ജൂണ്‍ ഒന്നിലെ കണക്കു പ്രകാരം ഇന്ത്യയുടെ പൊതു കടം 84.62 ലക്ഷം കോടി രൂപയാണ്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കടം. രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 18 ശതമാനം വരുന്ന 6.61 ലക്ഷം കോടി രൂപയാണ് ഒരു വര്‍ഷം പലിശയായി നല്‍കേണ്ടത്. അങ്ങനെ പ്രത്യേക കഴിവോ ഭാവനയോ ഇച്ഛാശക്തിയോ ദീര്‍ഘവീക്ഷണമോ ഒന്നും ആവശ്യമില്ലാതെ ഖജനാവില്‍ പണമെത്തിക്കുന്ന വഴിയാണ് മോഡി സ്വീകരിച്ചത്. അതില്‍ അദ്ദേഹം വിജയിച്ചു. ഇനി ഈ പണം എങ്ങനെ ചെലവഴിച്ചു എന്ന് പരിശോധിക്കാം.
ഖജനാവില്‍ എത്തിയ പണം ഏറ്റവും കൂടുതല്‍ ചെലവഴിക്കപ്പെട്ടത് ഇറക്കുമതിക്കാണ്. ഒരു രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാണെന്ന് വിലയിരുത്തുന്നത് രാജ്യത്തുനിന്നുള്ള ചരക്കുകളുടെ കയറ്റുമതി കൂടുകയും ഇറക്കുമതി കുറയുകയും ചെയ്യുമ്പോഴാണ്. എന്നാല്‍ ഇക്കാര്യത്തിലുള്ള ഇന്ത്യയുടെ സഞ്ചാരം വിപരീത ദിശയിലാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 34.46 ലക്ഷം കോടി രൂപ ഇറക്കുമതിക്കു വേണ്ടി ചെലവഴിച്ചപ്പോള്‍, കയറ്റുമതിയിലൂടെ നമുക്ക് ലഭിച്ചത് 22.50 ലക്ഷം കോടി രൂപമാത്രമാണ്. ഒരു വര്‍ഷം മാത്രം ഇന്ത്യയുടെ വ്യാപാരകമ്മി 11.96 ലക്ഷം കോടി രൂപയാണ്. ആയുധങ്ങള്‍ വാങ്ങുന്നതിന് ആയിരക്കണക്കിന് കോടി രൂപ അധികമായി ചെലവഴിച്ചു. ഇത് വന്‍ അഴിമതിക്കു വഴി തുറക്കുകയായിരുന്നു. റഫാല്‍ ആയുധ ഇടപാട് ഇത് സാക്ഷ്യപ്പെടുത്തുന്നു. തെരഞ്ഞെടുപ്പു വിജയത്തിന് ഈ അഴിമതിയെ മാച്ചുകളയാനാകില്ല. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പാചക ഗ്യാസ് നല്‍കുക, കക്കൂസുകള്‍ നല്‍കുക, വീടുകളില്‍ വൈദ്യുതി എത്തിക്കുക, ദേശീയപാത വ്യാപിപ്പിക്കുക, ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക ഇക്കാര്യങ്ങള്‍ക്ക് വലിയ തുക ചെലവഴിച്ചിരുന്നു എന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. ഈ അവകാശവാദം കുറച്ചൊക്കെ ശരിയാണെന്ന് അംഗീകരിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപന സന്ദര്‍ഭത്തില്‍ ആണെങ്കില്‍ കൂടിയും കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ സഹായ ധനം നല്‍കാനുള്ള തീരുമാനം നടപ്പിലാക്കിയതും അംഗീകരിക്കേണ്ടതു തന്നെ. ജനങ്ങള്‍ക്ക് നേരിട്ട് സഹായം എത്തിക്കുന്ന ഈ പദ്ധതികള്‍ക്കെല്ലാം കൂടി രണ്ടു ലക്ഷം കോടി രൂപ പോലും ചെലവഴിക്കേണ്ടി വന്നില്ല എന്നതാണ് വസ്തുത. അതേസമയം പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് പതിനായിരക്കണക്കിന് കോടി രൂപ കോര്‍പ്പറേറ്റുകള്‍ കടമെടുക്കുകയും അത് തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്തതിന്റെ ഫലമായി ബാങ്കുകളുടെ നിലനില്‍പ്പുതന്നെ അപകടത്തിലായി. ഈ ഘട്ടത്തില്‍ ബാങ്കുകളുടെ മൂലധനം വര്‍ധിപ്പിക്കുന്നതിന് മാത്രം 2.78 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റിവച്ചത്. നോട്ടുനിരോധനവും അശാസ്ത്രീയമായ രീതിയിലുള്ള ജിഎസ്ടി പരിഷ്‌ക്കാരവും നികുതി വരുമാനത്തെ പ്രതികൂലമായി ബാധിച്ചതുമൂലമാണ് കടമെടുപ്പിലെ ആഴം വര്‍ധിച്ചത്. ഭരണപരമായ ധൂര്‍ത്ത് വളരെ പ്രകടമായിരുന്നു. സംസ്ഥാനങ്ങളെ സഹായിക്കുന്നതില്‍ ഒരു മാനദണ്ഡവും പാലിച്ചില്ല. ചില പ്രത്യേക സംസ്ഥാനങ്ങള്‍ക്ക് ആയിരക്കണക്കിന് കോടി രൂപ പ്രത്യേക പാക്കേജുകളിലൂടെ നല്‍കിയപ്പോള്‍ കേരളം പോലുള്ള സംസ്ഥാനങ്ങളെ തീര്‍ത്തും അവഗണിക്കുകയായിരുന്നു. പ്രളയ ദുരിതാശ്വാസം അനുവദിക്കുന്നതില്‍ പോലും ഈ വിവേചനം ദൃശ്യമായി. സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറഞ്ഞുകൊണ്ടിരുന്നതും സമ്പദ്ഘടനയെ ദുര്‍ബലമാക്കി.
രാജ്യത്തെ 137 കോടി ജനങ്ങളില്‍ മഹാഭൂരിപക്ഷവും ദുരിതമനുഭവിക്കുന്നവരാണ് എന്ന് ഒട്ടേറെ പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തില്‍ 10 ശതമാനം എങ്കിലും കുറവു വരുത്തുവാന്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായുള്ള ബിജെപി ഭരണത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. കാരണം ഗുരുതരമായ അസുഖം ഉണ്ടാകുമ്പോള്‍ തല്‍ക്കാല ശമനത്തിന് വേണ്ടി രോഗികള്‍ക്ക് നല്‍കുന്ന മരുന്നായി മാത്രമേ മോഡി സര്‍ക്കാരിന്റെ സഹായ വിതരണത്തെ കണക്കാക്കാനാകൂ. മൗലികമായ വിഷയങ്ങളെ തൊടാന്‍ ഫലപ്രദമായ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചതേയില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ മനുഷ്യര്‍ നേരത്തെ മരിക്കുന്നവരുടെ രാജ്യമായി ഇന്ത്യ ഇന്നും നിലനില്‍ക്കുന്നു എന്നത് എല്ലാവിധത്തിലുള്ള കെടുതികളുടെയും നേര്‍ സാക്ഷ്യമാണ്.
ഭരണപരമായ കഴിവ് പ്രകടമാകേണ്ടിയിരുന്ന ഏറ്റവും പ്രധാനപ്പെട്ട മേഖല വളര്‍ച്ചാ നിരക്കിലെ പുരോഗതിയായിരുന്നു. പ്രതിവര്‍ഷം 10 ശതമാനത്തിലധികം വളര്‍ച്ചാനിരക്ക് കൈവരിക്കുമെന്ന് ഭരണത്തിന്റെ തുടക്കത്തില്‍ തന്നെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ വളര്‍ച്ചാനിരക്ക് കുത്തനെ താഴ്ന്ന് 5.8 ശതമാനത്തില്‍ എത്തിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പിനുമുന്‍പ് അവതരിപ്പിച്ചിരുന്നത് തെറ്റായ കണക്കായിരുന്നു എന്ന് ഇപ്പോള്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ഒരു ഭരണകൂടത്തിന്റെ മുഴുവന്‍ കഴിവുകേടും ഈ ഒറ്റ കാര്യത്തില്‍ നിന്നു തന്നെ വായിച്ചെടുക്കാനാകും. കേന്ദ്ര സര്‍ക്കാരിന്റെ ധനകമ്മി നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ മാസമായ ഏപ്രില്‍ മാസം തന്നെ 22 ശതമാനം കവിഞ്ഞിരിക്കുന്നു. 1.57 ലക്ഷം കോടി രൂപയാണ് ഏപ്രില്‍ മാസത്തെ ധനകമ്മി. സര്‍ക്കാര്‍ ആവശ്യപ്പെടുന്നതുപോലെ ധനക്കമ്മി ജിഡിപിയുടെ 3.4 ശതമാനത്തില്‍ ഒതുങ്ങില്ലായെന്നു വ്യക്തം. ഇന്ത്യന്‍ സമ്പദ്ഘടനയുടെ ദയനീയ ചിത്രമാണ് ഇത് വെളിപ്പെടുത്തുന്നത്.
മെയ്ക്ക് ഇന്‍ ഇന്ത്യ’എന്നത് വലിയ മുദ്രാവാക്യമായിരുന്നു. ഇത് എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന കാര്യമല്ല. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നു. ഇറക്കുമതി കൂടുകയും കയറ്റുമതി കുറയുകയും ചെയ്ത സാഹചര്യം ഇതാണ് സൂചിപ്പിക്കുന്നത്. കയറ്റുമതി വര്‍ധിപ്പിക്കണമെങ്കില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള വലിയ പരിശ്രമം ആവശ്യമാണ്. അത് കേന്ദ്ര സര്‍ക്കാരിനില്ല. ബാങ്കുകളില്‍ നടക്കുന്ന വായ്പാ തട്ടിപ്പും അഴിമതിയും വായ്പ എടുത്ത ശേഷം അത് തിരിച്ചടയ്ക്കാതെ വിദേശ രാജ്യങ്ങളിലേക്ക് കടക്കുന്നതും ഒക്കെ തടയാന്‍ കഴിയുന്ന കാര്യങ്ങളാണ്. ലോകത്തെ 40-ല്‍ അധികം രാജ്യങ്ങളില്‍ ഇപ്പോള്‍ ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നില്ല എന്നാണ് ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. നല്ല പരിശ്രമം ആവശ്യമായ കാര്യമായതിനാല്‍ ഇവിടെയും സര്‍ക്കാര്‍ പരാജയപ്പെട്ടു. ജിഎസ്ടി നടപ്പിലാക്കിയ എല്ലാ രാജ്യങ്ങളിലും ആ രാജ്യങ്ങളുടെ സമ്പദ്ഘടനയ്ക്ക് അത് കരുത്തു പകര്‍ന്നു. എന്നാല്‍ ഇന്ത്യയില്‍ മാത്രം ജിഎസ്ടി ജനങ്ങള്‍ക്കും സര്‍ക്കാരിനും ബാധ്യതയായി മാറി. വളരെ ആഴത്തില്‍ കാര്യങ്ങള്‍ പഠിച്ച് ഗൃഹപാഠം നടത്തി മറ്റു രാജ്യങ്ങളിലെ അനുഭവം മനസിലാക്കി പ്രവര്‍ത്തിച്ചിരുന്നു എങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിച്ചു നിര്‍ത്തുക, അവയെ ലാഭത്തിലാക്കുക, അവയിലൂടെ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക ഇതൊക്കെ ചെയ്യണമെങ്കില്‍ നല്ല ഭാവനയും ത്യാഗപൂര്‍ണമായ പ്രവര്‍ത്തനവും സര്‍വ്വോപരി രാജ്യസ്‌നേഹവും വേണം. ഇതൊക്കെയും കിട്ടുന്ന തുകയ്ക്ക് വിറ്റഴിക്കുവാന്‍ ഇതൊന്നും അവശ്യമില്ല. അതുകൊണ്ട് മോഡി ആ വഴി സ്വീകരിച്ചു. രാജ്യത്ത് കര്‍ഷക ആത്മഹത്യ ഇല്ലാതാകണമെങ്കില്‍ ഒന്നിനു പുറകെ ഒന്നായി, ഒട്ടേറെ കാര്യങ്ങള്‍ ഒരുമിച്ചു ചെയ്യണം. അതു പ്രയാസകരമാണ്. അതിനാല്‍ അതില്‍ തൊട്ടില്ല. പകരം ഒരു കുടുംബത്തിന് ഒരു വര്‍ഷം 6000 രൂപ സഹായം ചെയ്യാന്‍ തീരുമാനിച്ചു. പ്രതിമാസം 500 രൂപ. കര്‍ഷക ആത്മഹത്യ ഈ ചെറുനടപടിയിലൂടെ ഇല്ലാതാകില്ല. ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഗവേഷണം നടത്തിയാല്‍ എണ്ണയുടെ ധാരാളം ഉറവിടങ്ങള്‍ കണ്ടെത്താമെന്നാണ് ഒഎന്‍ജിസിയിലെ വിദഗ്ധര്‍ ഉള്‍പ്പെടെ പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നതേയില്ല. കാരണം പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും അതില്‍ വമ്പന്‍ നികുതി ചുമത്തുന്നതും എളുപ്പമുള്ള വഴിയാണ്.
പട്ടിണി മാറ്റുക, പൊതുവിതരണം ശക്തിപ്പെടുത്തുക, ഭൂപരിഷ്‌കരണം നടപ്പിലാക്കുക, എല്ലാവര്‍ക്കും വീടു നല്‍കുക, ശിശുമരണം തടയുക, സ്ത്രീകളുടേയും കുട്ടികളുടേയും പോഷകാഹാരകുറവ് പരിഹരിക്കുക, നിരക്ഷരത ഇല്ലാതാക്കുക, സാധാരണക്കാര്‍ക്ക് ചികിത്സകിട്ടാത്ത അവസ്ഥ ഒഴിവാക്കുക, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയുക, എല്ലാവര്‍ക്കും കുടിവെള്ളമെത്തിക്കുക, പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കുക, വര്‍ഗീയത ഇല്ലാതാക്കി മതനിരപേക്ഷത സംരക്ഷിക്കുക, കോര്‍പ്പറേറ്റുവല്‍ക്കരണം അവസാനിപ്പിക്കുക, ഉല്‍പാദനവും കയറ്റുമതിയും വര്‍ധിപ്പിക്കുക, കടഭാരവും പലിശ ഭാരവും കുറയ്ക്കുക, ധനകമ്മി കുറയ്ക്കുക, സാമൂഹ്യ നീതി ഉറപ്പുവരുത്തുക, മനുഷ്യാവകാശങ്ങളും മാധ്യമ സ്വാതന്ത്ര്യവും ഉറപ്പുവരുത്തുക, തീവ്രവാദികളെ കൊന്നൊടുക്കുന്നതിനു പകരം തീവ്രവാദം വളരുന്ന സാഹചര്യം ഇല്ലാതാക്കുക, യുദ്ധത്തിനു പകരം സമാധാനത്തിന്റെ വഴികള്‍ തേടുക, ലോക സമാധാനം ഊട്ടി ഉറപ്പിക്കാനും ലോകത്ത് അണുവായുധങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വ്യാപനം തടയാനും മുന്‍കൈ പ്രവര്‍ത്തനം നടത്തുക ഇത്തരം പ്രയാസകരമായ ഒരു പ്രവര്‍ത്തനവും ഏറ്റെടുക്കുവാന്‍ മോഡി ഭരണം കഴിഞ്ഞ അഞ്ചുവര്‍ഷവും തയ്യാറായില്ല. എന്നാല്‍ ഇവിടെ പരാമര്‍ശിച്ച മിക്ക കാര്യങ്ങളിലും മുന്‍കൈ പ്രവര്‍ത്തനം നടത്താന്‍ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ത്യാഗപൂര്‍ണവും ദീര്‍ഘവീക്ഷണവുമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു എന്ന കാര്യം ഇവിടെ സ്മരണീയമാണ്.
ബിജെപിയും മോഡിയും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു എന്നതുകൊണ്ട് രാജ്യം നേരിടുന്ന മൗലികമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകാന്‍ പോകുന്നില്ല. പിന്നിട്ട അഞ്ചു വര്‍ഷത്തെ അനുഭവം കൊണ്ടാണ് ഇങ്ങനെ പറയുന്നത്. മോഡിയുടെ എളുപ്പ വഴികള്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയും രാജ്യത്ത് ദുരന്തങ്ങള്‍ വിളിച്ച് വരുത്തുകയും ചെയ്യും. ഇതിനെതിരെ, നല്ല ചെറുത്തു നില്‍പ്പ് ആവശ്യമാണ്. ഈ ചെറുത്തുനില്‍പ്പിന് മനുഷ്യ സ്‌നേഹികളുടെ കൂട്ടായ്മ വരും നാളുകളില്‍ രൂപപ്പെടാതിരിക്കില്ല.