July 2, 2022 Saturday

Latest News

July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022

ഹിറ്റ്‌ലറെ വെല്ലാന്‍ മോഡിയുടെ എട്ടംഗസംഘം

By Janayugom Webdesk
March 4, 2020

ലോകചരിത്രത്തിൽ വർഗീയ വിദ്വേഷത്തിനും ഏകാധിപത്യത്തിനും കുപ്രസിദ്ധമായ ഹിറ്റ്ലറുടെ ചരിത്രം മോഡി സർക്കാരിലൂടെ ഇന്ത്യയിൽ രൂപാന്തരത്വം പ്രാപിക്കുന്നു. ചരിത്രം ആവർത്തിക്കും മാനവരാശിയുടെ പ്രവണതകളും രൂപാന്തരത്വം സംഭവിച്ച് ആവർത്തിക്കുമെന്ന ഒവിഡിന്റെ മെറ്റമോർഫോസിസ് എന്ന പുസ്തകത്തിലെ വരികൾ ഇന്ത്യയിൽ എല്ലാ അർഥത്തിലും ഇപ്പോൾ അന്വർഥമാകുന്നു. ജർമ്മനിയിൽ ഹിറ്റ്ലർ ഭരണം നടത്തിയിരുന്നത് പത്ത് വിശ്വസ്തരെ കൂട്ടുപിടിച്ചായിരുന്നുവെങ്കിൽ ഇന്ത്യയിൽ മോഡി എട്ട് വിരമിച്ച ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചാണ്. ഈ ബാന്ധവത്തിലൂടെ രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ ഘട്ടംഘട്ടമായി ഇല്ലാതാകുന്നു.

ജനാധിപത്യ സംവിധാനത്തിൽ ഭരണ നിർവഹണത്തിനായി വിവിധ വകുപ്പുകളായി തിരിച്ച് മന്ത്രിമാരെ നിയമിച്ചെങ്കിലും ഇപ്പോഴും അധികാരം പ്രധാനമന്ത്രിയുടെ ഓഫീസിലെന്നതാണ് നാസിസവുമായുള്ള താരതമ്യത്തിന്റെ യുക്തിഭദ്രത. സാമ്പത്തിക കാര്യങ്ങൾക്കായി ആൽബർട്ട് ഫങ്ക്, വിദേശകാര്യം കൈകാര്യം ചെയ്യുന്നതിനായി വോൺ റിബൺട്രോപ്, യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ആൽബർട്ട് സ്പീർ, സൈന്യത്തിന്റെ കാര്യങ്ങൾക്കായി കാൾ ഡോണിറ്റ്സ്, നാവികസേനയുടെ കാര്യങ്ങൾക്കായി എറിക് റീഡർ, കരസേനയുടെ ഫീൽഡ് മാർഷലായി വില്യം കെയ്റ്റൽ, പേഴ്സണൽ സെക്രട്ടറിയായി മാർട്ടിൻ ബോർമാൻ, വർഗീയ വിദ്വേഷം വമിക്കുന്ന പ്രചാരണത്തിനായി ജോസഫ് ഗീബൽസ്, വ്യോമസേനയുടെ കാര്യങ്ങൾക്കായി ഹെർമ്മൻ ഗെറിങ്, രഹസ്യ പൊലീസായ ഗെസ്റ്റപ്പോയുടെ ചുമതലക്കാനായി ഹെൻറിക് ഹിമ്മർ എന്നിവരെയാണ് ഹിറ്റ്ലർ നിയോഗിച്ചിരുന്നത്.

സമാനമായ പാതയിൽ മോഡിയും എട്ട് വിരമിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥരെയാണ് തന്റെ ഓഫീസിൽ നിയമിച്ചിട്ടുള്ളത്. രാജ്യത്ത് എന്ത് നടക്കണം, ഏങ്ങനെ നടക്കണം എന്ന കാര്യങ്ങൾ നിയന്ത്രിക്കുന്നതിനാണ് ഏകാധിപത്യ രീതിയുള്ള ഉപദേശകരുടെ നിയമനം. മറ്റ് വകുപ്പുകൾക്കും മന്ത്രിമാർക്കും ഇതിൽ അമർഷമുണ്ടെങ്കിലും മോഡ‍ി പേടിയിൽ ആരും ഒരക്ഷരും പോലും ഉരിയാടുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാണ് നാസിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്ത് ഉപദേശകരായി പുലോക് ചാറ്റർജി, ടി കെ എ നായർ എന്നിവരെ നിയമിച്ചിരുന്നെങ്കിലും മറ്റ് വകുപ്പുകൾക്ക് വ്യക്തമായ അധികാരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഉപദേശക വൃന്ദത്തിന്റെ വ്യാപ്തി വർധിച്ചുവെന്ന് മാത്രമല്ല മറ്റ് വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും കേവലം അലങ്കാര വസ്തുക്കളായി. രാജ്യത്തെ സാമ്പത്തിക നയങ്ങൾ മുതൽ വിദേശനയങ്ങൾവരെ, നിതി ആയോഗ്, സാംസ്കാരിക സ്ഥാപനങ്ങൾ, റയിൽവേ ബോർഡ്, സുരക്ഷാ സമിതി, ആയുഷ്മാൻ ഭാരത് തുടങ്ങിയ തന്ത്രപ്രധാന കേന്ദ്രങ്ങളെല്ലാം മോഡിയുടെ ഓഫീസിന്റെ ചൊൽപ്പടിയിൽ. 2014ൽ മോഡി സർക്കാർ അധികാരത്തിൽ എത്തിയതുമുതൽ ഇതുതന്നെയാണ് തുടരുന്നത്. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി വിരമിച്ച നൃപേന്ദ്ര മിശ്രയെ ഇപ്പോൾ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണ സമിതിയുടെ അധ്യക്ഷനാക്കി. പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നും വിരമിച്ചെങ്കിലും ഇപ്പോൾ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിൽ മിശ്രയ്ക്ക് പങ്കുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നൃപേന്ദ്ര മിശ്രയെ നെഹ്റു മെമ്മോറിയൽ മ്യൂൂസിയത്തിന്റെ എക്സിക്യൂട്ടിവ് കൗൺസിൽ അധ്യക്ഷനായി നിയമിച്ചു.

2004നാണ് ഐഐഎസിൽ നിന്നും നൃപേന്ദ്ര മിശ്ര വിരമിച്ചത്. പിന്നീട് അദ്ദേഹത്തെ മോഡി കൂടെക്കൂട്ടി പ്രധാനപ്പെട്ട തസ്തികകളിൽ നിയമിച്ച് കഴിഞ്ഞ വർഷം കാബിറ്റ് പദവി പോലും നൽകി. 2008ൽ സിവിൽ സർവീസിൽ നിന്നും വിരമിച്ച പി കെ മിശ്ര 2014 മുതൽ പ്രധാനമന്ത്രിയുടെ അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. 2019ൽ അദ്ദേഹത്തിനും മോഡി കാബിനറ്റ് പദവി നൽകി. നൃപേന്ദ്ര മിശ്ര സ്ഥാനമൊഴിഞ്ഞശേഷം പി കെ മിശ്രയെ പിഎംഒയിലെ പ്രിൻസിപ്പൽ സെക്രട്ടറിയാക്കി. വിരമിച്ച ശേഷവും 12 വർഷമാണ് വിവിധ തസ്തികകളിൽ പി കെ മിശ്ര പ്രവർത്തിക്കുന്നത്. മറ്റൊരു വിരമിച്ച ഓഫീസറായ പി കെ സിൻഹയെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിയമിച്ചു. 2019ൽ പ്രിൻസിപ്പൽ അഡ്വൈസർ എന്ന തസ്തിക സൃഷ്ടിച്ചാണ് നിയമനം നൽകിയത്. 2015 മുതൽ 2019 വരെ അദ്ദേഹം കാബിനറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു. മോഡിയുടെ അനുഗ്രഹം കാരണം രാജ്യത്ത് ഏറ്റവും ദീർഘകാലം കാബിറ്റ് സെക്രട്ടറി പദവിയിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ് പി കെ മിശ്ര. രാജ്യത്തെ ദേശീയ സുരക്ഷാ മേഖലയിലെ സാർ ചക്രവർത്തിയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അജിത് ഡോവൽ പ്രവർത്തിക്കുന്നത്. 2018ൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ അധ്യക്ഷനാക്കി. ഇതിലൂടെ ഏത് വകുപ്പ് തലവനേയും വിളിച്ചുവരുത്തി നിർദ്ദേശങ്ങൾ നൽകാനുള്ള അധികാരം മോഡി കല്പിച്ച് നൽകി. വിവിധ വകുപ്പ് മന്ത്രിമാർ അടങ്ങുന്ന ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാബിറ്റ് സെക്രട്ടേറിയറ്റിന്റെ പ്രസക്തിയാണ് മോഡി ഇല്ലാതാക്കിയത്.

ജനാധിപത്യ സംവിധാനത്തിന്റെ ശക്തമായ ധ്വസംനമായി ഇതിനെ പലരും വ്യഖ്യാനിച്ചു. കഴിഞ്ഞ വർഷം ഡോവലിന് കാബിനറ്റ് പദവി നൽകി മന്ത്രിമാർക്ക് തുല്യമാക്കി. വടക്ക് കിഴക്കൻ ഡൽഹിയെ കലാപം നിയന്ത്രിക്കാൻ മന്ത്രിമാരെ നിയോഗിച്ചില്ല, പകരം അജിത് ഡോവലിനെയാണ് മോഡി നിയോഗിച്ചത്. ഇതിൽ മുതിർന്ന ബിജെപി നേതാക്കൾക്കുപോലും അതൃപ്തിയുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ഇപ്പോഴും തന്റെ ആ‍ജ്ഞകൾ ശിരസാവഹിക്കുന്ന വിരമിച്ച ഉദ്യോഗസ്ഥരെ തന്ത്രപ്രധാന സ്ഥാനങ്ങളിൽ നിയമിക്കുന്ന നടപടി നിർബാധം തുടരുന്നു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാൻ മന്ത്രി ആവാസ് യോജന തുടങ്ങിയ പദ്ധതികൾക്ക് ചുക്കാൻ പിടിച്ച മുൻ ഗ്രാമവികസന സെക്രട്ടറിയായിരുന്ന അമർജിത് സിൻഹയ്ക്ക് വീണ്ടും നിയമനം നൽകി. 2016ൽ കുടിവെള്ളവും ശുചിത്വവും സംബന്ധിച്ച വകുപ്പ് സെക്രട്ടറിയായിരുന്ന പരമേശ്വരൻ അയ്യർക്ക് വീണ്ടും ഇതേ വകുപ്പുമായി ബന്ധപ്പെട്ട ഉപദേശകനാക്കി പിഎംഒയിൽ നിയമനം നൽകി. ഇന്ദു ഭൂഷണെ ആയുഷ്മാൻ ഭാരത് സിഇഒ ആയി വീണ്ടും നിയമിച്ചു. നിതി ആയോഗിന്റെ സിഇഒ ആയുള്ള അമിതാഭ് കാന്തിന്റെ നിയമനവും ഈ ഗണത്തിൽപ്പെട്ടതാണ്.

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കാനുള്ള തന്ത്രങ്ങൾ മോഡിയെ ഉപദേശിക്കുക എന്നതാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ജോലി. എയർ ഇന്ത്യ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്പന, റയിൽവേയിലെ സ്വകാര്യവൽക്കരണം തുടങ്ങിയ നടപടികൾക്ക് ചുക്കാൻ പിടിക്കുന്നത് അമിതാഭ് കാന്താണ്. സംഘപരിവാർ സംഘടനകളായ ബിഎംഎസ്, സ്വദേശി ജാഗരൺ മഞ്ച് എന്നിവർ അമിതാഭ് കാന്തിന്റെ നിലപാടുകൾക്കെതിരെ രംഗത്തുവന്നെങ്കിലും മോഡിയുടെ തണലിൽ അദ്ദേഹം തലസ്ഥാനത്ത് തുടരുന്നു. അമിതാഭ് കാന്ത് സാമ്പത്തിക വിദഗ്ധനല്ല, എന്നിട്ടും പ്രധാനമന്ത്രിയുടെ വിശ്വസ്ത തോഴൻ എന്ന യോഗ്യതയിൽ 2011 വരെ കാലാവധി നീട്ടിക്കൊടുത്തു. വിദേശകാര്യ സെക്രട്ടറിയെന്ന നിലയിൽ അന്നത്തെ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജിനെ നോക്കുകുത്തിയാക്കി മോഡ‍ിയുടെ അ‍ജണ്ടകൾ നടപ്പാക്കിയ എസ് ജയശങ്കറിനെ വിദേശകാര്യമന്ത്രിയാക്കി. തന്റെ വിശ്വസ്തനായ വിനോദ് കുമാർ യാദവിനെ റയിൽവേ ബോർഡ് ചെയർമാനാക്കി. റയിൽ മന്ത്രി പിയൂഷ് ഗോയലിനെക്കാൾ അധികാരം വിനോദ് കുമാറിന്റെ കൈകളിലാണ്.

രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ പട്ടിണിയുടേയും പരിവട്ടത്തിന്റേയും പടുകുഴിയിലാക്കിയ നോട്ട് പിൻവലിക്കൽ ഉപദേശിച്ച ഐഎഎസുകാരനായ ശക്തികാന്ത ദാസിനെ വിരമിക്കലിന് ശേഷം ആർബിഐ ഗവർണറായി മോഡി നിയമിച്ചു. മോഡിയുടെ താളത്തിനൊത്ത് തുള്ളിയിരുന്ന മുൻ കരസേനാ മേധാവി ബിപിൻ റാവത്തിനെ മൂന്ന് സേനകളുടേയും തലപ്പത്ത് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പദവി സൃഷ്ടിച്ച് നിയമനം നൽകി. അങ്ങനെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങിനെ അധികാരമില്ലാത്ത അവസ്ഥയിലെത്തിച്ചു. ഈ നിയമനങ്ങളിൽ ഭൂരിഭാഗവും ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നു. വിരമിച്ച ഉദ്യോഗസ്ഥനെ ടെലികോം റെഗുലേറ്ററി അതോറിറ്റി അധ്യക്ഷനാക്കി നിയമിക്കാൻ പതിവ് രീതിയിൽ പാതിരാവിൽ നിയമ ഭേദഗതി വരുത്തി നൃപേന്ദ്ര മിശ്രയെ വീണ്ടും നിയമിച്ചു. കാബിറ്റ് സെക്രട്ടറിക്ക് കാലാവധി നീട്ടി കൊടുക്കാൻ പാടില്ലെന്ന ചട്ടങ്ങളെ പിന കെ സിൻഹക്കായി മോഡി സർക്കാർ ആൾ ഇന്ത്യാ ചട്ടങ്ങളിൽ ഭേദഗതി വരുത്തി. വിശ്വസ്തനായാൽ, ആജ്ഞകൾ ശിരസാ വഹിച്ചാൽ നിയമങ്ങൾ കാറ്റിൽ പറത്തിയും മോഡി നിയമനം നൽകും. ജനാധിപത്യത്തിൽ നിന്നുള്ള ഈ വ്യതിയാനങ്ങൾ ഫാസിസത്തിലേയ്ക്കുള്ള സൂചകങ്ങളല്ലേ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.