കോവിഡ് ചുമതലയും മോഡിയുടെ ഇഷ്ടക്കാർക്ക്

Web Desk

ന്യൂഡല്‍ഹി

Posted on April 26, 2020, 10:19 pm

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിശ്വസ്തരെ പ്രധാന തസ്തികകളിൽ നിയമിച്ചുകൊണ്ട് കേന്ദ്ര സർക്കാരിൽ ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിച്ചുപണി. പ്രധാനമന്ത്രിയുടെ ഓഫീസിലെ അഡീഷണൽ സെക്രട്ടറിയായ തരുൺ ബജാജിനെ സാമ്പത്തികകാര്യ വകുപ്പിൽ സെക്രട്ടറിയായി നിയമിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിലെ അഡീഷണൽ സെക്രട്ടറിയായ അരവിന്ദ് കുമാർ ശർമ്മയെ ചെറുകിട ഇടത്തരം വ്യാവസായ വകുപ്പുസെക്രട്ടറിയായി നിയമിച്ചു. കോവിഡ് സാമ്പത്തികപാക്കേജിന്റെ ചുമതല വഹിക്കുന്ന പ്രധാനപ്പെട്ട തസ്തികകളിലേക്കാണ് ഇവരെ മാറ്റിനിയമിച്ചിരിക്കുന്നത്. ശർമ്മ 2014 മുതലും ബജാജ് 2015 മുതലും പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിച്ചുവരുകയായിരുന്നു.

ഇവര്‍ക്ക് പകരമുള്ള നിയമനം പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ ആരോഗ്യ സെക്രട്ടറിയായി തുടരുന്ന പ്രിതി സുദന് മൂന്ന് മാസം കൂടി കാലാവധി നീട്ടിനൽകുകയും ചെയ്തിട്ടുണ്ട്. പ്രിതി സുദൻ വിരമിക്കുന്ന മുറയ്ക്ക് രാജേഷ് ഭൂഷണാകും ആരോഗ്യവകുപ്പ് സെക്രട്ടറി. ഡൽഹി വികസന അതോറിറ്റി ഉപാധ്യക്ഷൻ തരുൺ കപൂറിനെ പെട്രോളിയം വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. 1985 ഝാർഖണ്ഡ് കേഡർ ഉദ്യോഗസ്ഥനായ അമിത് ഖരെയെ വാർത്താ വിതരണ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. അപൂർവ ചന്ദ്രയാണ് പുതിയ പ്രതിരോധ സെക്രട്ടറി. സാംസ്കാരിക വകുപ്പ് സെക്രട്ടറിയായി ആനന്ദ് കുമാറിനെ നിയമിച്ചു. പരിസ്ഥിതി, വനം വകുപ്പ് സെക്രട്ടറിയായി രാമേശ്വർ പ്രസാദ് ഗുപ്തയെയും നിയമിച്ചു.

Eng­lish Sum­ma­ry: Mod­i’s favorites are also in charge

You may also like this video