29 March 2024, Friday

Related news

March 26, 2024
March 22, 2024
March 19, 2024
March 17, 2024
March 17, 2024
March 16, 2024
March 11, 2024
March 5, 2024
March 1, 2024
February 26, 2024

അഡാനിയുടെ കൊള്ളയ്ക്ക് മോഡിയുടെ പച്ചക്കൊടി

കെ രംഗനാഥ്
തിരുവനന്തപുരം
March 12, 2023 10:35 am

തകര്‍ന്നടിഞ്ഞ അഡാനി സാമ്രാജ്യത്തിന് കെെത്താങ്ങായി വ്യോമയാത്രികരെ കൊള്ളയടിക്കാനുള്ള പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതിയായി. അഡാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള എട്ട് വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നവരില്‍ നിന്ന് ഈടാക്കുന്ന യൂസര്‍ഫീ പത്തിരട്ടിയോളം കുത്തനെ ഉയര്‍ത്താനുള്ള തീരുമാനത്തിനാണ് കേന്ദ്രത്തിന്റെ പച്ചക്കൊടി. യാത്രക്കാരെ കൊള്ളയടിക്കുന്ന ഈ പദ്ധതി ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാക്കിത്തുടങ്ങും. ഈ വിമാനത്താവളങ്ങളില്‍ നിന്നുള്ള എല്ലാ വിമാനസര്‍വീസുകളുടെയും പാര്‍ക്കിങ് ഫീയും ഗണ്യമായി ഉയര്‍ത്തും. തിരുവനന്തപുരം, ലഖ്‌നൗ, അഹമ്മദാബാദ്, മംഗലാപുരം, ജയ്‌പുര്‍, ഗുവാഹട്ടി എന്നീ അഡാനിയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളങ്ങളിലാണ് അടുത്ത മാസം മുതല്‍ കൊള്ളയടി നടത്താന്‍ കേന്ദ്ര വ്യോമയാനവകുപ്പ് അനുമതി നല്കിയിരിക്കുന്നത്. ഇതിനുപുറമെ ലോകത്ത് ഏറ്റവുമധികം വിമാനയാത്രക്കാരുള്ള മുംബെെയിലും യൂസര്‍ഫീയും പാര്‍ക്കിങ് ഫീയും ചരക്കുകൂലിയും വര്‍ധിപ്പിക്കും.
വിമാനത്താവളങ്ങളുടെ വികസനത്തിനാണ് വര്‍ധിപ്പിക്കുന്ന യൂസര്‍ഫീയടക്കം വിനിയോഗിക്കുക എന്നാണ് അഡാനി ഗ്രൂപ്പിന്റെ അവകാശവാദം. എന്നാല്‍ യൂസര്‍ഫീ കൊള്ളയടക്കം അനുമതി നല്കിയ ഉത്തരവില്‍ ഇത് ചൂണ്ടിക്കാട്ടുന്നുമില്ല. 

യൂസര്‍ഫീയും മറ്റും വര്‍ധിപ്പിക്കാന്‍ അഡാനിക്ക് അവകാശമുണ്ടെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കീഴിലുള്ള എയര്‍പോര്‍ട്ട്സ് ഇക്കണോമിക്സ് റഗുലേറ്ററി അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. പുതിയ ഉത്തരവനുസരിച്ച് തോന്നുംപടി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ അഡാനിയെ കയറൂരിവിടുകയാണ് ചെയ്തിരിക്കുന്നത്. ഇതനുസരിച്ച് അഡാനിയുടെ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യയിലെ ഏത് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവരുടെയും യൂസര്‍ഫീ 192 രൂപയില്‍ നിന്നും 1025 രൂപയായാണ് കുത്തനെ ഉയര്‍ത്തിയിരിക്കുന്നത്. ഉദാഹരണത്തിന് തിരുവനന്തപുരത്ത് നിന്നും കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ ചെറിയ ഈ ദൂരത്തിലുള്ള യാത്രയ്ക്ക് 1025 രൂപ യൂസര്‍ഫീ നല്കണം. വിദേശ യാത്രയാണെങ്കില്‍ യൂസര്‍ ഫീ 561 രൂപയില്‍ നിന്നും 2756 രൂപയായിരിക്കും. തൊട്ടടുത്ത ശ്രീലങ്കയിലെ കൊളംബോയിലേക്കോ മാലിദ്വീപിലേക്കോ ഒമാനിലെ മസ്കറ്റിലോ പോകണമെങ്കില്‍ യാത്രക്കൂലിയുടെ പകുതിയോളം വരുന്ന തുക യൂസര്‍ഫീയായി നല്കണമെന്ന അവസ്ഥ. 

അഡാനി ഗ്രൂപ്പിന്റെ ഈ വിമാനത്താവളങ്ങളിലെ കൊള്ളമൂലം വ്യോമയാത്രികര്‍ തൊട്ടടുത്ത വിമാനത്താവളത്തില്‍ നിന്ന് യാത്ര പുറപ്പെടാനുള്ള സാധ്യത വര്‍ധിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍. കാറിലോ ട്രെയിനിലോ നെടുമ്പാശേരിയിലേക്കോ കരിപ്പൂരിലേക്കോ യാത്ര ചെയ്യുന്നതാവും യൂസര്‍ഫീ കൊള്ളയെക്കാള്‍ ലാഭകരം. ഇത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തകര്‍ച്ചക്കിടയാക്കുമെന്നും ആശങ്കയുണ്ട്.

Eng­lish Sum­ma­ry; Mod­i’s green light for Adani loot

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.