19 April 2024, Friday

Related news

April 19, 2024
April 19, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 15, 2024
April 15, 2024
April 15, 2024

മോഡിയുടെ ഗുരുനിന്ദ, ഒരു സംഘ്പരിവാർ അജണ്ട

കെ ജി ശിവാനന്ദൻ
May 5, 2022 6:00 am

ഒരിക്കൽ കൂടി ഗുരുവും, ഗുരുദർശനവും നിന്ദയ്ക്കും അവഹേളനത്തിനും ഇരയായിരിക്കുന്നു. ഏതാനും നാളുകൾക്കു മുൻപ് രാജ്യത്തിന്റെ റിപ്പബ്ലിക് ദിനാഘോഷ റാലിയിൽ നിന്നും ശ്രീനാരായണ ഗുരുവിന്റെ പ്രതിമ പ്രതിഷ്ഠിച്ച നിശ്ചലദൃശ്യം പ്രദർശിപ്പിക്കുന്നതിന് അനുമതി നിഷേധിച്ച സംഭവം വലിയ വാർത്തയായിരുന്നു. നാരായണ ഗുരുവിന്റെ പ്രതിമയ്ക്കു പകരം ശങ്കരാചാര്യരുടെ പ്രതിമ മാറ്റി സ്ഥാപിച്ചാൽ അനുമതി നൽകാമെന്നായിരുന്നു അധികാരികൾ നൽകിയ ഉത്തരവ്. കേന്ദ്ര സർക്കാരിന്റെ ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്തും രാജ്യത്തുടനീളവും ഉയർന്നുവന്നത്. കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത് ഗുരുവിനോടുള്ള അവഗണനയും ദർശന നിഷേധവുമാണ്. ഇപ്പോൾ, വീണ്ടും ഗുരുനിന്ദയുടെ ആസ്ഥാനമായി ഡൽഹി മാറി. ഈ സംഭവത്തിന്റെ നായകൻ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെയാണ് എന്നതാണതിന്റെ പ്രത്യേകത. ശിവഗിരി തീർത്ഥാടനത്തിന്റെ നവതിയുടെയും ബ്രഹ്മവിദ്യാലയത്തിന്റെ സുവർണ ജൂബിലിയുടെയും ആഘോഷവേദിയായിരുന്നു സ്ഥലം. ബഹുമാന്യനായ പ്രധാനമന്ത്രിയുടെ ഡൽഹിയിലുള്ള ഔദ്യോഗിക വസതിയായിരുന്നു രംഗവേദി, ആഘോഷ പരിപാടികളുടെ ഉദ്ഘാടകൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും. അദ്ദേഹത്തിന്റെ പ്രസംഗവും അതിൽ ഉപയോഗിച്ച വാചകങ്ങളും കേൾവിക്കാരിൽ രോമഹർഷമുണർത്തുമെങ്കിലും, അതിലടങ്ങിയിരിക്കുന്ന ആന്തരികാർത്ഥവും ജൽപ്പനങ്ങളും ശ്രീനാരായണീയരേയും ഉൽപ്പതിഷ്ണുക്കളെയും ദുഃഖത്തിലാഴ്ത്തുന്നതും പ്രതിഷേധമുയർത്തുന്നതുമാണ്. നാരായണ ഗുരുവിനെയും അദ്ദേഹത്തിന്റെ ആദർശങ്ങളേയും ഹിന്ദു മതബോധത്തിൽ നിന്നുകൊണ്ട് വീക്ഷിക്കുകയും ഹിന്ദുത്വ രാഷ്ട്രീയക്കാരന്റെ കാഴ്ചപ്പാടിൽ അവതരിപ്പിക്കുകയുമാണ് നരേന്ദ്ര മോഡി ചെയ്തത്. മാനവികതയിലധിഷ്ഠിതമായ മാനവധർമ്മാദർശം വിഭാവനം ചെയ്ത ഗുരുവിന്റെ ദർശനത്തിന്റെ മുഖത്തിനേറ്റ പ്രഹരമായിരുന്നു മോഡിയുടെ പ്രസംഗമെന്ന് സൂക്ഷ്മ നിരീക്ഷണത്തിൽ ഏതൊരാൾക്കും മനസിലാകും. ഗുരുവിനെ സംബന്ധിച്ച് അങ്ങനെയൊരവലോകനം നടത്തുവാൻ പ്രധാനമന്ത്രിക്ക് പ്രേരണയായത് അദ്ദേഹം പിന്തുടരുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രമാണെന്ന് വ്യക്തമാണ്. ചാതുർവർണ്യ വ്യവസ്ഥ മുറുകെ പിടിക്കുന്ന സനാതന ഹിന്ദുത്വ പ്രത്യയ ശാസ്ത്ര സങ്കല്പം രാഷ്ട്രീയ ദർശനമായി സ്വീകരിച്ചിട്ടുള്ള ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മതരാഷ്ട്രത്തിനു വേണ്ടി ഫാസിസ്റ്റ് പ്രവണതയോടെ ഭരണം നയിക്കുന്ന ആളുമാണദ്ദേഹം. ഈ ആശയങ്ങളുടെ നേർ വിപരീത വഴിയിലൂടെ ജീവിതാന്ത്യം വരെ സഞ്ചരിച്ച സന്യാസി ശ്രേഷ്ഠനാണ് ശ്രീനാരായണ ഗുരു. നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ടു കിടന്ന ജനവിഭാഗങ്ങളിൽ ആത്മബോധവും സാമൂഹിക മാറ്റത്തിനനുകൂലമായ മനോഭാവവും വളർത്തിയെടുക്കേണ്ടത് കടമയായി കരുതി കർമ്മ പരിപാടികൾ ആസൂത്രണം ചെയ്തു പ്രവർത്തിച്ച ഭാരതത്തിന്റെ ചരിത്ര പുരുഷനാണ് ശ്രീനാരായണ ഗുരു. ബ്രാഹ്മണാധിപത്യത്തിലധിഷ്ഠിതമായ ചാതുർവർണ്യ വ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ടല്ലാതെ സാമൂഹികമാറ്റം സാധ്യമല്ലെന്ന ഉൾവിചാരം അദ്ദേഹത്തിനുണ്ടായിരുന്നു. ഗുരുവിന്റെ മതബോധം മതാതീതമായിരുന്നു. അദ്ദേഹത്തിന്റെ ആദർശം അസമത്വത്തെ തിരസ്കരിക്കുന്നതും സമത്വത്തെ വാർത്തെടുക്കുന്നതുമായിരുന്നു. ദേശസ്നേഹത്തിന് ആധ്യാത്മികമാനം നൽകുന്നതാണ് ഗുരുവിന്റെ ദർശനം എന്നാണ് മോഡി പ്രസംഗത്തിൽ പറഞ്ഞത്. വസ്തുതകൾക്ക് നിരക്കാത്ത വ്യാഖ്യാനമാണ് പ്രധാനമന്ത്രി നടത്തിയത്.


ഇതുകൂടി വായിക്കാം; വര്‍ഗീയ വിദ്വേഷത്തിന്റെ വിഷത്തൈ നടുന്നവര്‍


നാരായണ ഗുരുവിന്റെ ആത്മിയ വിപ്ലവത്തിന്റെ മുഖ്യ തത്വം മാനവ ധർമ്മമാണ്. ജാതിയുടെയും വിധിവിശ്വാസത്തിന്റെയും നുകംപേറി ദുരിത ജീവിതം അനുഷ്ഠിക്കുന്ന മനുഷ്യരുടെ തുല്യതയും സ്വതന്ത്രമായ വളർച്ചയും സഫലമാകുവാൻ ആത്മീയവാദം മതിയാകില്ലെന്ന് മനസിലാക്കി പ്രവർത്തിച്ച സന്യാസിശ്രേഷ്ഠനാണ് നാരായണ ഗുരു. മനുഷ്യനെ സംബന്ധിച്ച ശാരീരികവും ഭൗതികവുമായ ഘടകങ്ങൾ മനുഷ്യരെല്ലാം ഒന്നാണെന്നും അവരുടെ ഭൗതികമായ ആവശ്യങ്ങൾ സമാനമാണെന്നുമുള്ള വീക്ഷണമാണ് ഗുരുവിന്റേത്. ആത്മ സുഖം അന്വേഷിക്കുന്നവൻ ആരായാലും അവർക്കെല്ലാം സ്വീകാര്യമാകുന്ന ഒന്നാണ് ഏകമതമെന്നും ഗുരു ഉദ്ബോധിപ്പിച്ചു. ഈ ആശയവും അനുഭവവും ഉൾച്ചേർത്തെടുത്ത ഗുരുവിന്റെ സന്ദേശമാണ്; ” ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്”. നാരായണ ഗുരുവിന്റെ ഈ മഹത് സന്ദേശത്തെയാണ് പ്രധാനമന്ത്രി സംഘ്പരിവാറിന്റെ കാഴ്ചപ്പാടിലൂടെ ദുർവ്യാഖ്യാനം നടത്തി വികലമാക്കിയത്. നവോത്ഥാന നായകനായ നാരായണ ഗുരുവിനെ കാവിവല്കരിക്കുകയെന്ന ഉദ്ദേശത്തോടെ മോഡി നടത്തിയ പ്രസംഗത്തിൽ ഇങ്ങനെ പറയുന്നു; “ഭാരതീയത എന്ന ഒരു ജാതിയും, സേവനത്തിന്റെയും ഉത്തരവാദിത്തത്തിന്റെതുമാണ് മതമെന്നും, ഭാരതമാതാവ് എന്ന ഒരു ദൈവം മാത്രമെ ഉള്ളൂവെന്നുമാണ് ഗുരു പറഞ്ഞിട്ടുള്ളത്”. ഇങ്ങനെ പോകുന്നു, ഗുരുവിന്റെ മാനവ ദർശന സിദ്ധാന്തവുമായി ഉൾച്ചേരാത്ത വിധത്തിലുള്ള പ്രസംഗം. ജാതി സ്വത്വബോധം വെടിഞ്ഞ് ‘മനുഷ്യൻ’ എന്ന സ്വത്വബോധം ഉൾക്കൊള്ളാൻ ജനങ്ങളെ പ്രാപ്തരാക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഗുരു, അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠ നടത്തിയത്. ലോകത്തെവിടെയുമുള്ള മനുഷ്യർ ശാരീരിക ഘടനയിലും സ്വത്വബോധത്തിലും സമാനത പുലർത്തുന്നവരാണ്. ജാതി നിർണയം എന്ന കൃതിയിൽ ഇത് വിവരിക്കുന്നുണ്ട്; ” ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതിൽ… ” ജാതിയെക്കുറിച്ചുള്ള തന്റെ വീക്ഷണം ഗുരു ഈ കൃതിയിൽ പ്രതിപാദിക്കുന്നുണ്ട്. ജാതി വ്യവസ്ഥയാൽ ജീർണിച്ച സാമൂഹ്യ ഘടനയെ തല്ലിത്തകർക്കാനുള്ള ഗുരുവിന്റെ ശക്തമായ ഒരു ആയുധമാണ്” ഒരു ദൈവം” എന്ന സങ്കല്പം. മർദ്ദിതരായ സാമാന്യ ജനങ്ങളുടെ സൃഷ്ടിയെന്ന നിലയിലാണ് ഗുരു ഏകദൈവ വിശ്വാസത്തെ അവതരിപ്പിച്ചത്. സാമൂഹിക വ്യവസ്ഥയെ മാറ്റിപ്പണിയുകയെന്ന അനിവാര്യതയിൽ നിന്നാണ് പരമാത്മാവിനെക്കുറിച്ചുള്ള ആശയത്തിന്റെ ഉത്ഭവം. “എല്ലാം നിന്നിൽ സമർപ്പിപ്പൂ ഇയാൾക്കുള്ള ഗതാഗതം” ഈ കവിതയിലെ ആശയം മതപരമല്ല, മതാതീതമാണ്. ഗാന്ധിജിയും നാരായണ ഗുരുവും തമ്മിൽ നടന്ന സംഭാഷണം സുപ്രസിദ്ധമാണ്. മനുഷ്യരുടെ ആത്മീയ മോക്ഷത്തിന് ഹിന്ദു മതം മതിയാകുമെന്നു തന്നെയല്ലയോ എന്ന ഗാന്ധിജിയുടെ ചോദ്യത്തിന് ഗുരുവിന്റെ ഉത്തരം ഇങ്ങനെയായിരുന്നു; ” മറ്റു മതങ്ങളിലും മോക്ഷത്തിന് മാർഗം ഉണ്ടല്ലൊ”. അദ്ദേഹം ഇതു കൂടി പറഞ്ഞു. “ആത്മീയ മോക്ഷത്തേക്കാൾ ലൗകിക മോക്ഷത്തെയാണല്ലൊ ജനങ്ങൾ അധികം ഇഷ്ടപ്പെടുന്നത്”. ഈ മറുപടിയിലൂടെ സാധാരണ മനുഷ്യരുടെ വികാര വിചാരങ്ങളും മതങ്ങൾ തമ്മിലുള്ള സമന്വയ സാമ്യം പ്രകടിതമാക്കുന്നു. സൂക്ഷ്മം അറിഞ്ഞവനു മതം പ്രമാണമല്ല, മതത്തിനു അവൻ പ്രമാണമാണ് എന്ന അഭിപ്രായമാണ് ഗുരുവിനുണ്ടായിരുന്നത്. എല്ലാ മതക്കാരുടെയും വിശ്വാസങ്ങൾക്ക് സാമാന്യ ലക്ഷണങ്ങൾ ഉള്ളതുകൊണ്ട് ഏതെങ്കിലുമൊരു ധർമ്മത്തെയോ സത്യത്തെയോ അടിസ്ഥാനപ്പെടുത്തിയല്ലാതെ യാതൊരു മതത്തിനും നിലനിൽക്കുവാൻ കഴിയുകയില്ല’ മതങ്ങൾ യുദ്ധം ചെയ്ത് ആധിപത്യത്തിന് ശ്രമിക്കുന്നത് പാഴ്ശ്രമമായിരിക്കും. ഒരു മതവും മറ്റൊരു മതവുമായി പൊരുതി ജയിക്കുന്നില്ല, നശിക്കുന്നുമില്ല. മതനിരപേക്ഷ നിലപാടിൽ നിന്ന് മതങ്ങളെ നിരീക്ഷിച്ച ഗുരു മാനവ സമൂഹത്തിന് സമ്മാനിച്ച പ്രബോധനം ഇതാണ്; ” മതമേതായാലും മനുഷ്യൻ നന്നായാൽ മതി”. ഇതിനുള്ളിലെ അന്തസത്ത ഉൾക്കൊള്ളാൻ, മതരാഷ്ട്ര സങ്കല്പം ലക്ഷ്യംവച്ച് പ്രവർത്തിക്കുന്ന സംഘ്പരിവാർ നേതാവിന് സാധിക്കുകയില്ല.


ഇതുകൂടി വായിക്കാം; മനസ് മസ്തിഷ്കത്തോടു മന്ത്രിച്ചത്…


ജനങ്ങളെ ഭിന്നിപ്പിക്കുന്ന വർഗീയ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ബിജെപി, രാജ്യമാകെ മതത്തെയും രാഷ്ടീയത്തെയും കൂട്ടിക്കുഴച്ച് മത രാഷ്ടീയ ധ്രുവീകരണം നടത്തുകയാണ്. പൗരത്വ നിയമ ഭേദഗതി ഈ രാഷ്ട്രീയം ലക്ഷ്യം വച്ചാണ് പാസാക്കിയത്. സാമൂഹ്യ നീതിയും, സാമാന്യ നീതിയും ബിജെപി ഭരണത്തിൽ ജനങ്ങൾക്ക് ലഭിക്കുന്നില്ല. ഇപ്പോൾ തലസ്ഥാന നഗരിയിൽ കാണുന്ന കാഴ്ച ഭരണഘടന ജനങ്ങൾക്ക് നൽകുന്ന ജീവിക്കാനുള്ള അവകാശം പോലും ഒരു വിഭാഗം ജനങ്ങൾക്ക് മോഡി ഭരണകൂടം നിഷേധിക്കുന്നതാണ്. മതം തന്നെയാണ് അവിടെ ബിജെപിയുടെ തുറുപ്പുചീട്ട്. ബുൾഡോസർ ഉപയോഗിച്ച് ജനങ്ങളുടെ കിടപ്പാടം തകർക്കുകയാണ്. തകർന്നു വീഴുന്നത് മനുഷ്യരുടെ കിടപ്പാടം മാത്രമല്ല, ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഇന്ത്യയുടെ മതനിരപേക്ഷ സംസ്കാരം കൂടിയാണ്. മോഡിയുടെ ‘ബുൾഡോക്രസി’ ഭരണം മതനിരപേക്ഷതയും ജനാധിപത്യവും തകർക്കുന്നു, സകലതിനെയും കാവിവല്കരിക്കുകയും ചെയ്യുന്നു. ബഹുസ്വരതയും, സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്ന ശ്രീനാരായണ ദർശനങ്ങളോടുള്ള അവരുടെ നിലപാടും ഇതുതന്നെയാണ്. മോഡി നടത്തിയ ശിവഗിരി പ്രസംഗത്തിൽ ചരിത്രത്തെ വളച്ചൊടിക്കുന്ന വേറെയും ചിലതുണ്ട്. ഗാന്ധിജിയും രവീന്ദ്രനാഥ് ടാഗോറും ഗുരുവിനെ സന്ദർശിച്ച് നടത്തിയ ആശയ സംവാദം ചരിത്രവസ്തുതയാണ്. മോഡി തന്റെ പ്രസംഗത്തിൽ, മേല്പറഞ്ഞവർക്കു പുറമെ സ്വാമി വിവേകാനന്ദനും ഗുരുവിനെ സന്ദർശിച്ച് സംഭാഷണം നടത്തിയതായി പറയുന്നു. സ്വാമികൾ നടത്തിയ ലോകപ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തിന് ഒരു വർഷം മുമ്പ്, അതായത് 1892‑ൽ വിവേകാനന്ദൻ കേരളം സന്ദർശിച്ചതായി ചരിത്ര രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. ഈ സന്ദർശന വേളയിലാണ് സ്വാമികൾ കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത്. ആ സന്ദർശന വേളയിൽ പോലും സ്വാമികൾ ഗുരുവിനെ കാണുകയോ, മുഖാമുഖ ഭാഷണം നടത്തുകയോ ഉണ്ടായില്ല. എന്നിട്ടും അബദ്ധങ്ങൾ പ്രധാനമന്ത്രി ആവർത്തിക്കുന്നു. ഇതിലെല്ലാം ദുരൂഹത ഒളിഞ്ഞിരിപ്പുണ്ട്. മുമ്പൊരിക്കൽ കേരളം സന്ദർശിച്ച വേളയിലും തന്റെ പ്രസംഗത്തിൽ അബദ്ധം പ്രയോഗിക്കുകയുണ്ടായി. കായൽ സമ്മേളന ശതാബ്ദി ആഘോഷം കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിച്ചത് മോഡിയായിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത്, കൊച്ചിയിൽ ഒരു നൂറ്റാണ്ട് മുമ്പ് കായൽ സമ്മേളനം സംഘടിപ്പിച്ചത് അയ്യന്‍കാളിയായിരുന്നു എന്നാണ്. അന്ന് അങ്ങനെയൊരു വ്യാഖ്യാനം ചാർത്തിയതിന്റെ പിന്നിൽ പ്രധാനമന്ത്രിയ്ക്ക് ചില രാഷ്ടീയ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. ശ്രീനാരായണ ദർശനങ്ങളെയും അതു വഴി ശിവഗിരിയേയും കാവിവല്കരിച്ചുകൊണ്ട് ഹിന്ദുത്വ രാഷ്ടീയ കേന്ദ്രമാക്കുകയെന്നത് ആർഎസ്എസ്, സംഘ്പരിവാർ അജണ്ടയാണ്. ആ കർത്തവ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡൽഹിയിലെ ശിവഗിരി പ്രസംഗത്തിൽ നിർവഹിച്ചത്. ചാതുർവർണ്യ ശക്തികൾക്കെതിരെ നവോത്ഥാന കേരളം ഉണർന്നിരിക്കേണ്ടത്, മതനിരപേക്ഷ ഇന്ത്യയുടെ ആവശ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.