ബേബി ആലുവ

കൊച്ചി

July 27, 2021, 5:00 pm

കേന്ദ്രജീവനക്കാരെ പൂട്ടാന്‍ മോ‍ഡിയുടെ കർമ്മയോഗി പദ്ധതി

Janayugom Online

ലക്ഷക്കണക്കിന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ നിലനില്പിനു ഭീഷണിയുയർത്തി മിഷൻ കര്‍മ്മയോഗി പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. തൊഴിലാളി ദ്രോഹ നിയമങ്ങളുടെ പരിഷ്കരിച്ച പതിപ്പായാണ് മിഷൻ കർമ്മയോഗി പദ്ധതിയെ പൊതുവെ വിലയിരുത്തപ്പെടുന്നത്.
46 ലക്ഷത്തോളം വരുന്ന കേന്ദ്ര ഗവ. ജീവനക്കാരെ ദന്തഗോപുരങ്ങളിൽ നിന്നു പിടിച്ചിറക്കി കർമ്മ പദ്ധതിയിലേക്കു കൊണ്ടുവന്ന് ദ്രുത കർമ്മ സേനയായി മാറ്റാനാണ് ഉദ്ദേശമെന്നും അതിന്റെ സർവ സൈന്യാധിപൻ നരേന്ദ്ര മോഡിയാണെന്നും, കേന്ദ്ര നയരൂപീകരണ സമിതി കോ ഓർഡിനേറ്റർ ഡോ. സി വി ആനന്ദബോസ് ഒരു സ്വകാര്യ യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ജീവനക്കാരുടെ മുഴുവൻ അവകാശങ്ങളും ഹനിക്കും വിധം നരേന്ദ്ര മോഡിയുടെ ഇംഗിതമനുസരിച്ച് ആസൂത്രണം ചെയ്തിട്ടുള്ള പദ്ധതിയുടെ സൂത്രധാരൻ ഔദ്യോഗിക കാലാവധി കഴിഞ്ഞപ്പോൾ ബിജെപി-യിൽ ചേർന്ന ഈ മുൻ ഐഎഎസ് ഉദ്യോഗസ്ഥനാണ്. നരേന്ദ്ര മോഡി വേട്ടയാടൽ തുടങ്ങിക്കഴിഞ്ഞെന്നും മേലിൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ പ്രമോഷൻ മാനദണ്ഡം റൂൾ ആവില്ലെന്നും റോൾ ബെയ്സായിരിക്കുമെന്നും ആനന്ദബോസ് വ്യക്തമാക്കുന്നു. ഒപ്പം, ഉദ്യോഗസ്ഥന്മാരെ വരുതിയിലാക്കാൻ നരേന്ദ്ര മോഡി രണ്ടും കല്പിച്ച് ഇറങ്ങിയിരിക്കുകയാണെന്നും ഇതിന്റെ അനുരണനം കേരളത്തിലുമുണ്ടാകുമെന്നുമുള്ള മുന്നറിയിപ്പുമുണ്ട്. ഭീഷണിയല്ലെന്നുള്ള

ആമുഖത്തോടെയാണ് മിഷൻ കർമ്മയോഗി പദ്ധതിയുടെ സ്വഭാവത്തെക്കുറിച്ചുള്ള വിശദീകരണമെങ്കിലും അത് ഫലത്തിൽ ചെറുതും വലുതുമായ വിവിധ സ്ഥാനങ്ങളിലിരിരിക്കുന്ന ജീവനക്കാർക്കുള്ള ഒരന്ത്യശാസനമാണ്. പത്തായം പെറും, ചക്കി കുത്തും, അമ്മ വയ്ക്കും, ഞാനുണ്ണും എന്ന ഉദ്യോഗസ്ഥർക്കിടയിലെ പതിവു രീതി ഇനി വകവയ്ക്കില്ലെന്ന് കേന്ദ്രം നിശ്ചയിച്ചുറപ്പിച്ചു കഴിഞ്ഞു. മിഷൻ കർമ്മയോഗി പദ്ധതിയുടെ നാനാവശങ്ങളെല്ലാം ആധുനിക സങ്കേതങ്ങളുപയോഗിച്ച് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കും. ശമ്പളം വാങ്ങി പരിശീലന കാലം സുഖമായി കഴിച്ചുകൂട്ടാമെന്ന് ആരും വിചാരിക്കേണ്ടാ. ഓരോരുത്തരെക്കുറിച്ചും വിലയിരുത്തലുണ്ടാകും. അറിയാത്ത പിള്ള ചൊറിയുമ്പോളറിയും, ചെവിക്കു പിടിക്കും, എടുത്തു പുറത്തേക്കെറിയും, വരച്ചവരയിൽ നിർത്തും തുടങ്ങിയ പ്രയോഗങ്ങളും ഇടയ്ക്കിടെ ആനന്ദബോസ് ധാർഷ്ട്യത്തോടെ എയ്തു വിടുന്നുണ്ട്.

തുടക്കത്തിൽ, അഴിമതിക്കാരായ ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെയാണ് പദ്ധതി എന്നു ബോദ്ധ്യപ്പെടുത്താൻ പ്രചാരവേല നടത്തി ജനങ്ങളുടെ കയ്യടി നേടുകയാണ് ലക്ഷ്യം. കേരളത്തിൽ അത്തരക്കാരായ ഡസൻ കണക്കിന് ഐഎഎസുകാരുടെ പ്രമോഷൻ തടഞ്ഞുവച്ചിരിക്കുന്നുവെന്നും പലരും നരേന്ദ്ര മോഡി വിരിച്ച വലയിൽ വീണു കഴിഞ്ഞെന്നുമാണ് പ്രചാരണം.

Eng­lish Sum­ma­ry: Mod­i’s Kar­mayo­gi plan to halt cen­tral workers

You may like this video also