അവകാശവാദങ്ങളും വാഗ്ദാനങ്ങളുമായി മോഡിയുടെ തുറന്ന കത്ത്

പ്രത്യേക ലേഖകൻ

ന്യൂഡല്‍ഹി:

Posted on May 30, 2020, 9:41 pm

വീണ്ടും വാഗ്ദാനങ്ങളില്‍ വാചാലനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. രണ്ടാം മോഡി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തെ ജനങ്ങള്‍ക്ക് മോഡി അയച്ച തുറന്ന കത്തില്‍ സാക്ഷാത്ക്കരിക്കാത്ത വാഗ്ദാനങ്ങളുടെ പേരിൽ മോഡി വാചാലനായത്.അതേസമയം ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് ഉയരാനായിട്ടില്ലെന്ന കുമ്പസാരവും മോഡി നടത്തുന്നുണ്ട്.

വ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിയ ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതും, പൗരത്വ ഭേദഗതി നിയമവും രാമക്ഷേത്ര നിര്‍മ്മാണം, മുത്തലാഖ് കുറ്റകരമാക്കിയതുമൊക്കെ നേട്ടങ്ങളായി മോഡി ഉയര്‍ത്തികാട്ടുന്നു. എന്നാൽ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൂന്നൊരുക്കമില്ലാതെ നടപ്പിലാക്കിയ ലോക്ഡൗൺമൂലം അരക്ഷിതാവസ്ഥയിലായ കുടിയേറ്റ തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതത്തെയോ, ജീവിത ദുരന്തത്തെക്കുറിച്ചോ, പരിഹാര നടപടികൾ കൈക്കൊള്ളുന്നതിൽ ഭരണകൂടത്തിനുണ്ടായ വീഴ്ചയെക്കുറിച്ചോ അഭൂതപൂര്‍വമായ സാമ്പത്തിക തകര്‍ച്ചയെപ്പറ്റിയോ മോഡി ഒരക്ഷരം മിണ്ടുന്നില്ല.

കോവിഡും അനുബന്ധിയായ ലോക്ഡൗണും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കുമുന്നേ രാജ്യത്തെ സമ്പദ് രംഗം തകര്‍ച്ചയുടെ വക്കിലെത്തിയിരുന്നു. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കാര്‍ വളര്‍ച്ചാനിരക്ക് രണ്ടക്കത്തിലെത്തിക്കുമെന്ന പ്രഖ്യാപനം നടത്തിയെങ്കിലും അത് വീണ്ടും ചുരുങ്ങി ചെറുതായെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച് 20 ലക്ഷം കോടി രൂപയുടെ പാക്കേജിനെകുറിച്ചും മോഡി കത്തില്‍ വാചാലമാകുന്നുണ്ട്. എന്നാല്‍ രാജ്യത്തെ പട്ടിണി പാവങ്ങളുടെ അവസ്ഥ അനുദിനം ദുരിതത്തിലേക്കാണു നീങ്ങുന്നത്. അന്ത്യദോയ അന്നയോജന, കുടിവെള്ള പദ്ധതി, തൊഴിലുറപ്പ്, സൗജന്യ പാചക വാതകം, വൈദ്യുതി തുടങ്ങിയവയെപ്പറ്റിയും മോഡി വാചാലനാകുന്നു.

രാജ്യത്തെ തൊഴില്‍മേഖല അമ്പേ തകര്‍ന്നിരിക്കുന്നു. യുവാക്കള്‍ ഇനി സ്വന്തം നിലയ്ക്ക് എന്തെങ്കിലുമൊക്കെ ചെയ്യട്ടെ എന്ന നിലപാടിലാണ് സര്‍ക്കാര്‍. സ്റ്റാര്‍ട്ടപ്പുകള്‍ക്കപ്പുറം തൊഴില്‍ സൃഷ്ടിക്കാന്‍ കാര്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. അരക്ഷിതരായ ഒരു യുവസമൂഹം നാളെ എന്തെന്നറിയാത്ത സ്ഥിതിയിലേക്കു കൂപ്പു കുത്തി.എല്ലാവര്‍ക്കും സര്‍ക്കാര്‍ വാരിക്കോരി അവരുടെ അവരുടെ അക്കൗണ്ടു നിറഞ്ഞു തുളുമ്പും വിധം പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ടെന്ന വാദം മോഡി ആവര്‍ത്തിച്ചു. അതേസമയം അര്‍ഹരായവര്‍ക്കു മുഴുവന്‍ ഈ സഹായം എത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ കഴിയുന്നില്ലെന്നതാണ് വാസ്തവം.

ഉദാരവത്കരണ നടപടികള്‍ക്ക് ആക്കം കൂട്ടി പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ മേഖലയ്ക്ക് അടിയറവയ്ക്കാനുള്ള തീവ്രശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇത് സ്വകാര്യ കുത്തകളുടെ തീവെട്ടി കൊള്ളയ്ക്കാകും വഴിവയ്ക്കുക. തൊഴില്‍ നയത്തില്‍ വെള്ളം ചേര്‍ക്കാനുള്ള നടപടികളാണ് നിര്‍ബാധം തുടര്‍ന്നുവരുന്നത്. തൊഴിലാളികളെ അടിമകളാക്കി മാറ്റുന്ന മനുഷ്യത്വരഹിതമായ നിയമനിര്‍മ്മാണങ്ങള്‍ക്കാണ് മോഡി സര്‍ക്കാര്‍ നേതൃത്വം നല്കുന്നത്. കള്ളപ്പണത്തിന്റെ കാര്യത്തില്‍ ഏറെ വാചാലനായിരുന്ന മോഡി ഇപ്പോള്‍ അതേപ്പറ്റി നിശബ്ദത പാലിക്കുന്നു. കള്ളപ്പണക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ മെല്ലപ്പോക്ക് നയമാണ് തുടരുന്നത്.

അതിര്‍ത്തികളിലും സമാധാനപരമായ അന്തരീക്ഷമല്ല നിലനില്‍ക്കുന്നത്. ചൈനയുമായും പാകിസ്ഥാനുമായും ഇപ്പോള്‍ നേപ്പാളുമായി അസ്വാരസ്യങ്ങള്‍ തലയുയര്‍ത്തുന്നു. വിദേശനയത്തില്‍ രാഷ്ട്രത്തിന്റെ പ്രഖ്യാപിത നിലപാടുകളില്‍ വലിയ വ്യതിയാനമാണ് സംഭവിക്കുന്നത്.
എല്ലാം ഇന്ത്യയില്‍ നിര്‍മ്മിക്കാമെന്ന മോഡിയുടെ മോഹങ്ങള്‍ക്കും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. വിദേശ നിക്ഷേപത്തിന്റെ തോതില്‍ കാര്യമായ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞില്ല. ഇടയ്ക്ക് ആഗോള നേതാക്കളുമായുള്ള ഉച്ചകോടികളും അനുബന്ധ കലാപരിപാടികളും മാത്രമാണ് അവകാശപെടാവുന്ന നേട്ടം.ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്ന സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. സിഎഎക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും തുടര്‍ന്നുണ്ടായ കലാപവും ഇത് അടിവരയിടുന്നു. ചുരുക്കി പറഞ്ഞാല്‍ പ്രഖ്യാപന പെരുമഴയിലൂടെയും പബ്ലിക് റിലേഷന്‍ സ്റ്റണ്ടിലൂടെയും മോഡി തുടര്‍ന്നുവരുന്ന ഭരണാഭ്യാസത്തിന്റെ ഭാഗമാണ് ജനങ്ങള്‍ക്കുള്ള തുറന്ന കത്ത്.

ENGLISH SUMMARY: Mod­i’s open let­ter with claims and promis­es

YOU MAY ALSO LIKE THIS VIDEO