റിലയൻസിനുവേണ്ടിയുള്ള മോഡിയുടെ അടുത്ത കളി

Web Desk
Posted on September 20, 2019, 11:12 pm

സാങ്കേതിക വിദ്യാഭ്യാസത്തിന്റെ പേരിൽ കേന്ദ്രസർക്കാർ സ്വകാര്യ കുത്തകകൾക്ക് പുതിയ തലമുറയിലേക്ക് ഔദ്യോഗിക വാതായനം തുറന്നു നൽകുകയാണ്. പ്രതിസന്ധികളിലുഴലുന്ന പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിനെ അവഗണിച്ചാണ് അംബാനി ബ്രാൻഡായ റിലയൻസ് ജിയോയ്ക്ക് ക്യാമ്പസുകളിൽ കച്ചവടത്തിന് അവസരമൊരുക്കുന്നത്. ബിഎസ്എൻഎല്‍ കമ്പനിയാക്കി തൊഴിലാളികളെ ആശങ്കയുടെയും ആത്മഹത്യയുടെയും മുനമ്പിലേക്ക് തള്ളിവിടുന്ന നരേന്ദ്ര മോഡി സർക്കാരിന്റെ പുതിയ നീക്കം വലിയ പ്രതിഷേധങ്ങളിലൂടെ തടയപ്പെടേണ്ടതാണ്. യുവാക്കളുടെയും വിദ്യാർഥികളുടെയും തലച്ചോറിനെ ചൂഷണം ചെയ്യുന്ന നരേന്ദ്ര മോഡി സര്‍ക്കാർ സംഘപരിവാറിന്റെ കുത്തക പ്രീണന ലാഭക്കൊതി പദ്ധതികളെ ഓരോന്നായി കൊണ്ടുവരുന്നു. ‘വൈഫൈ സംവിധാനമുള്ള ആധുനിക ക്യാമ്പസ്’ ലക്ഷ്യം വയ്ക്കുന്ന പദ്ധതിയിലൂടെയാണ് മോഡി സർക്കാർ ജിയോയ്ക്ക് വഴിയൊരുക്കുന്നത്. കോളജുകളിലും സ്കൂളുകളിലും സാങ്കേതിക പഠനസൗകര്യം മെച്ചപ്പെടുത്താനെന്ന പേരിലാണ് പദ്ധതി. ‘ടിഇക്യുഐ പി3 വൈ­ഫൈ പ്ലാന്‍’ എന്ന പേരിൽ സ്കൂളുകളിലും ഇത് എത്തിക്കും. കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം തയ്യാറാക്കിയ പദ്ധതിയിൽ ബിഎസ്എൻഎല്ലിനെ ഉൾപ്പെടുത്താതിരുന്നത് ഗൗരവമായി കാണേണ്ട വസ്തുതയാണ്. റിലയൻസ് ജിയോ പോലുള്ള സ്വകാര്യ കമ്പനികള്‍ക്ക് കൂടുതല്‍ ഉപഭോക്താക്കളെ ഉണ്ടാക്കുന്ന പദ്ധതി വിദ്യാഭ്യാസ സംബദ്ധമായ മാറ്റങ്ങളല്ല ലക്ഷ്യം വയ്ക്കുന്നതെന്നാണ് ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നത്. മുൻപും നിരവധി പൊതുപദ്ധതികളിൽ നിന്നായി ബിഎസ്എൻഎൽ തഴയപ്പെട്ടു. ബിഎസ്എൻഎൽ പോലൊരു സംവിധാനത്തിലെ ഒരുകൂട്ടം സാധാരണക്കാരായ ജീവനക്കാരും വിദഗ്ധരും സജ്ജമാക്കിയതാണ് 4ജി. എന്നാല്‍ ഇത് അനുവദിച്ചുനൽകുന്നതിൽ കേന്ദ്ര സർക്കാർ വിമുഖതകാട്ടി. പലയിടത്തും സാങ്കേതികമായി 4ജി വിജയിപ്പിക്കാനായില്ല. എന്നാൽ 5ജിയിലേക്ക് ചുവടുമാറി കൂടുതൽ കരുത്തോടെ വലിയൊരു തിരിച്ചുവരവിനായാണ് ബിഎസ്എൻഎൽ തയ്യാറെടുത്തിരുന്നത്. ഈ സമയത്ത് ഊർജം നൽകേണ്ട കേന്ദ്രസർക്കാർ അതിനെ തല്ലിക്കെടുത്തുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മാത്രമല്ല സ്വകാര്യ കുത്തകകൾക്ക് വൻ തുകയുടെ നേട്ടമുണ്ടാക്കാനും അനുമതി നല്‍കിയിരിക്കുന്നു. സാങ്കേതിക വിദ്യാഭ്യാസ ഗുണമേന്മാ വികസന പദ്ധതിയുടെ മൂന്നാം പാദത്തില്‍ റിലയന്‍സ് ജിയോയെ എംപാനല്‍ ചെയ്താണ് പ്രത്യേക ഇളവ് കേന്ദ്രം നല്‍കിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജിയോയ്ക്ക് ബ്രാന്‍ഡിംഗ് അനുവദിക്കുന്നത് അടക്കം നിരവധി വ്യവസ്ഥകളുള്ളതാണ് കേന്ദ്ര സർക്കാരിന്റെ ഇതുസംബന്ധിച്ച ഉത്തരവ്. ജിയോയുമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒപ്പിടാനുള്ള ധാരണാപത്രത്തിന്റെ മാതൃകയും ഉത്തരവില്‍ കാണിക്കുന്നുണ്ട്. ‘റിലയന്‍സ് ജിയോ’ എന്ന ബ്രാന്‍ഡ് ക്യാമ്പസുകളിൽ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെന്നും കരാറില്‍പറയുന്നു. ദിവസം ഒരു ജിബി ഡാറ്റ ലഭിക്കുന്ന 100 രൂപയുടെ പ്രതിമാസ പ്ലാനാണ് പദ്ധതി. ഒരു വിദ്യാര്‍ഥി 100 രൂപ വീതം ഇതിനായി നൽകണം. വൈദ്യുത ചെലവുകളും മറ്റും വിദ്യാഭ്യാസ സ്ഥാപനം വഹിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കമ്പനി 4ജി ആന്റിന സ്ഥാപിക്കും. ഇതിൽ നിന്നാണ് വൈഫൈ സംവിധാനം ഉപയോഗപ്പെടുത്തുക. സ്ഥാപനവും ജിയോയും തമ്മിൽ വ്യത്യസ്ത ഉടമ്പടികൾ ഉണ്ടാക്കണമെന്നും കരാറില്‍ വ്യക്തമാണ്. സ്കൂളുകൾക്കും കോളജുകൾക്കും ഉടമ്പടികൾ പ്രത്യേകമായുണ്ട്. വൈദ്യുതി ലഭ്യമാക്കി കൊടുക്കുന്നതിനൊപ്പം വിദ്യാര്‍ഥികള്‍, ഫാക്കല്‍റ്റി, ജീവനക്കാര്‍ എന്നിവരുടെ വിവരം കൈമാറുകയും ഓരോ യൂസര്‍ക്കും നികുതിക്ക് പുറമെ 100 രൂപ വീതം മാസാവസാനം സമാഹരിച്ച് നല്‍കേണ്ട ചുമതല പൂർണമായും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണെന്നാണ് കരാര്‍ വ്യവസ്ഥ. മാത്രമല്ല 100 ലധികം വരുന്ന തുക ഉപഭോക്താവ് നേരിട്ട് ജിയോയ്ക്ക് നല്‍കുകയും വേണം. സാമഗ്രികള്‍ സൂക്ഷിക്കാനും ജിയോയുടെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്ക് ഉപയോഗിക്കാനും വാടക ഈടാക്കാതെ സ്ഥലസൗകര്യവും സ്ഥാപനം അനുവദിക്കണം. ജിയോയുടെ സേവനം സുഗമമാക്കാന്‍ സ്ഥാപനം ശമ്പളം നൽകുന്ന ഒരു നോഡല്‍ ഓഫീസറെയും ലിങ്ക് ഓഫീസറെയും നിയമിക്കണം. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സ്ഥാപിക്കുന്ന ആന്റിനയുടെ ചെലവുമാത്രമാണ് റിലയന്‍സ് ജിയോയ്ക്ക് വരുന്നത്. സ്വകാര്യ കമ്പനിക്ക് ലാഭം ഉണ്ടാക്കുന്ന പദ്ധതിയുടെ നടത്തിപ്പ് സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭാരിച്ച അധികചുമതലയാണ് അടിച്ചേല്പിക്കുന്നത്. എന്നാൽ ജിയോയ്ക്ക് മേലനങ്ങാതെ ഒരു പാട് ഉപഭോക്താക്കളെ ഈ പദ്ധതി വഴി ലഭ്യമാകും. ഒപ്പം ആളോഹരി നികുതിയും 100 രൂപയും ലഭിക്കുകയും ചെയ്യും. ബിഎസ്എൻഎൽ മേഖലയിലെ തൊഴിലാളികളാണ് ഇത്തരം ആശങ്കകള്‍ സമൂഹവുമായി പങ്കുവയ്ക്കുന്നത്. ബിഎസ്എന്‍എല്ലിനെ പുതിയ പദ്ധതിയില്‍ നിന്നും തഴഞ്ഞത് വിവേചനപരമാണെന്നാണ് ജീവനക്കാരൊന്നടങ്കം പറയുന്നത്. സര്‍ക്കാരിനുകീഴിലുള്ള കമ്പനിയെ സര്‍ക്കാര്‍ തന്നെ തകര്‍ക്കുകയാണ്. ബിഎസ്എന്‍എല്ലിനെ മാത്രമല്ല മറ്റു സ്വകാര്യ നെറ്റ് വര്‍ക്കുകളെയും പുതിയ പദ്ധതി ബാധിക്കുമെന്നും ഇവര്‍ പറയുന്നു. ബിഎസ്എന്‍എല്ലിന് 4ജി നല്‍കേണ്ട കേന്ദ്രസര്‍ക്കാര്‍ അത് നല്‍കാതെ എങ്ങനെയാണ് നെറ്റ് വര്‍ക്ക് പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നത് വിചിത്രമാകും. ശാസ്ത്രീയമായും സാങ്കേതികമായും സാമ്പത്തികമായും തലതിരിഞ്ഞ ഇത്തരം പദ്ധതികൾ ആസൂത്രണം ചെയ്യുന്ന കേന്ദ്ര സർക്കാർ തീർത്തും കുത്തകകള്‍ക്ക് അടിമപ്പെടുന്നതിന്റെ അവസാന ഉദാഹരണമാണ്. വിദ്യാഭ്യാസ ഉന്നമനത്തിനായി സൗജന്യവും സാര്‍വത്രികവുമായ സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുക്കാൻ ബാധ്യതപ്പെട്ടതാണ് ഭരണകൂടം. എന്നാൽ വിദ്യാർഥികളെ പിഴിഞ്ഞ് സ്വകാര്യ കമ്പനികൾക്ക് ലാഭമുണ്ടാക്കിക്കൊടുക്കുന്ന ഇടനിലക്കാരായി സർക്കാർ മാറി. ബിഎസ്­എൻഎല്‍ പോലുള്ള സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇ­തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരേണ്ടത്.