മോഡി ഭരണം നമ്മുടെ രാഷ്ട്ര ശരീരത്തില്‍ ഏറ്റ അണുബാധ: പി പ്രസാദ്

Web Desk
Posted on December 26, 2018, 7:54 pm
സിപിഐ 93-ാം  വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നടന്ന ബഹുജനറാലി സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവംഗം പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: മോഡി ഭരണം നമ്മുടെ രാഷ്ട്ര ശരീരത്തില്‍ ഏറ്റ അണുബാധയാണെന്നും അതിനെതിരായുള്ള ആന്റിബയോട്ടിക്കാണ് രാജ്യം ഇപ്പോള്‍ കഴിച്ച് കൊണ്ടിരിക്കുന്നതെന്നും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവംഗം പി പ്രസാദ് പറഞ്ഞു. സിപിഐ രുപീകരണ 93-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് നടന്ന ബഹുജനറാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്രമോഡി എന്ന അണുബാധയ്‌ക്കെതിരെ മതേതര സോഷ്യലിസറ്റ് ജനാധിപത്യ ഐക്യനിര എന്ന ആന്റിബയോട്ടിക് മുന്നോട്ട് വെക്കാന്‍ മുന്നോട്ട് വന്ന ആദ്യ പ്രസ്ഥാനം സിപിഐയാണ്. സാധരണകാരായ കര്‍ഷകര്‍ ദല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്നത് ജീവിക്കാന്‍ സാധിക്കുന്നില്ല എന്ന് പറഞ്ഞാണ്. വിണ്ടു കീറിയ പാദങ്ങളുമായി മരിച്ച കര്‍ഷകരുടെ തലയോട്ടിയുമായി ഡല്‍ഹിയിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് നടത്തേണ്ടി വന്നത് ജനാധിപത്യ രാജ്യത്തിന് തീരാ കളങ്കമാകുന്നു. കര്‍ഷകരുടെയും സാധാരണക്കാരന്റെയും ജീവിതം ദുരിതപൂര്‍ണമാക്കാന്‍ നരേന്ദ്രമോഡി എന്ന അണുബാധയാണ് രാജ്യത്ത് വ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മോഡി പണക്കാരുടെ കൂട്ടുകാരനാകുമ്പോള്‍ കേരള സര്‍ക്കാര്‍ സാധാരണക്കാരായ ജനങ്ങളുടെ കൂട്ടുകാരനാണ്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് എങ്ങനെ തടസ്സം നില്ക്കാം എന്നാണ് ബിജെപി നോക്കുന്നത്. സ്വാതന്ത്ര്യ സമരം കാണാന്‍പോയി മഴ നനഞ്ഞ് പനി പിടച്ച പാരമ്പര്യം പോലുമില്ലാത്ത ആര്‍എസ്എസ് ദേശസ്‌നേഹത്തിന്റെ അട്ടിപ്പേര്‍ ചുമക്കുന്നു. പിറവി മുതല്‍ ഈ നാടിന്റെ സ്വാതന്ത്ര്യ സമരത്തിന് ഇറങ്ങി തിരിച്ച പ്രസ്ഥാനമാണ് ‘ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. 1925 ല്‍ രൂപീകരിച്ച ആര്‍എസ്എസിന് ഇ ചരിത്രമില്ലെന്നും പി പ്രസാദ് പറഞ്ഞു. യോഗത്തില്‍ സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ബങ്കളം പി കുഞ്ഞികൃഷണന്‍ അധ്യക്ഷത വഹിച്ചു.