അഞ്ചു വര്‍ഷത്തെ മോഡിഭരണം എന്ന ദുരന്തം

Web Desk
Posted on March 11, 2019, 10:31 pm
k dileep

വലിയ പ്രചരണ കോലാഹലങ്ങളോടെയാണ് 2014 ലെ തെരഞ്ഞെടുപ്പിനെ നരേന്ദ്രമോഡി നയിച്ച എന്‍ഡിഎ സഖ്യം നേരിട്ടത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും, സ്വകാര്യവല്‍ക്കരണ നയങ്ങളും, ഇന്ധന വിലക്കയറ്റവും, കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലയിടിവും മുതല്‍ ആധാര്‍ നടപ്പിലാക്കുന്നതടക്കമുളള വിഷയങ്ങളില്‍ ഇടതുപക്ഷ നിലപാടുകള്‍ പകര്‍ത്തിയെഴുതിയ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളുമായാണ് മോഡി രംഗത്തിറങ്ങിയത്. ആട്ടിന്‍തോലിട്ട ചെന്നായയെപോലെ ജനങ്ങളെ വിദേശത്ത് ഇന്ത്യയിലെ കള്ളപ്പണക്കാര്‍ നടത്തിയ നിക്ഷേപം പിടിച്ചെടുത്ത് ഓരോ പൗരന്റെയും ആക്കൗണ്ടില്‍ നിക്ഷേപിക്കും എന്നുവരെ മോഡി പറഞ്ഞുവച്ചു. ഈ വ്യാജ പ്രചരണങ്ങളുടെ ബലത്തില്‍ കേവലം 31 ശതമാനം വോട്ടുവിഹിതം മാത്രമേ ലഭിച്ചുള്ളൂവെങ്കിലും പ്രതിപക്ഷത്തിന്റെ ഭിന്നത മുതലെടുത്ത് പാര്‍ലമെന്റില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം നേടുകയും ചെയ്തു. തിളങ്ങുന്ന കുപ്പായങ്ങളും കിന്നരിതലപ്പാവുകളുമൊക്കെ അണിഞ്ഞ് സ്വച്ഛ് ഭാരത്, സബ്കാസാഥ് സബ്കാ വികാസ്, ബേട്ടി ബഛാവോ ബേട്ടി പഠാവോ തുടങ്ങിയ മുദ്രാവാക്യങ്ങളും ‘മേക്ക് ഇന്‍ ഇന്ത്യ’ തുടങ്ങിയ പദ്ധതികളും പ്രഖ്യാപിച്ച് തുടങ്ങിയ ഭരണത്തിന്റെ അവസാന നാളുകളിലെത്തുമ്പോള്‍ ഇന്ത്യയുടെ അവസ്ഥ എന്താണ്?
മോഡിസര്‍ക്കാര്‍ ഭരണത്തില്‍ വന്ന നാള്‍തൊട്ട് മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തുടങ്ങിവച്ച സാമ്പത്തിക ഉദാരവല്‍ക്കരണ നടപടികള്‍ക്ക് എന്തെന്നില്ലാത്ത വേഗത കൈവന്നു. പെട്രോളിന് 40 രൂപ ആഭ്യന്തര മാര്‍ക്കറ്റില്‍ വിലയുണ്ടായിരുന്നപ്പോള്‍ കാളവണ്ടിയില്‍ യാത്ര ചെയ്ത് പ്രതിഷേധിച്ച ബിജെപിക്കാരുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറയുമ്പോള്‍ ഇന്ത്യയില്‍ ഇന്ധനവില കുതിച്ചുയരുകയായിരുന്നു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ക്രൂഡോയില്‍ വില അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 100 ഡോളര്‍ ആയപ്പോഴാണ് ഇന്ത്യയില്‍ ലിറ്ററിന് 40 രൂപയായി പെട്രോള്‍ വില ഉയര്‍ന്നത്. എന്നാല്‍ ഇന്ന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില 50 രൂപയില്‍ നില്‍ക്കുമ്പോഴും ഇവിടെ പെട്രോള്‍ ലിറ്ററിന് 82 രൂപയിലധികമായി നില്‍ക്കുന്നു. കൃത്രിമമായ ഇന്ധനവിലക്കയറ്റം സൃഷ്ടിച്ച് വര്‍ഷത്തില്‍ രണ്ടരലക്ഷം കോടിയിലേറെ രൂപ ജനങ്ങളില്‍ നിന്ന് കവര്‍ന്നെടുത്തു. പാചകവാതക വില ഇപ്പോള്‍ സിലിണ്ടറിന് ആയിരം രൂപയോടടുത്തു നില്‍ക്കുന്നു. ദിവസം 10 രൂപപോലും വരുമാനമില്ലാത്ത നഗരങ്ങളിലെ കോടിക്കണക്കിന് ദരിദ്ര കുടുംബങ്ങള്‍ ഒരുനേരത്തെ ആഹാരം പാകം ചെയ്യാന്‍പോലും നിവൃത്തിയില്ലാതെ പട്ടിണിയിലാണ്. സൗജന്യമായി നല്‍കിയ സിലിണ്ടറുകള്‍ റീഫില്‍ ചെയ്യാനുള്ള പണമില്ലാതെ ഉത്തരേന്ത്യയില്‍ ജനങ്ങള്‍ നദിയിലേക്കൊഴുക്കുന്ന കാഴ്ചയും നമ്മള്‍ വാര്‍ത്താചാനലുകളിലൂടെ കാണുകയുണ്ടായി. ഭരണമേറ്റെടുത്ത ഉടനെ തന്നെ കോര്‍പറേറ്റുകള്‍ക്ക് ഖജനാവില്‍ നിന്നും പൊതുമേഖലാ ബാങ്കുകളില്‍ നിന്നും വാരിക്കോരി പണം കടം നല്‍കാന്‍ മോഡി സര്‍ക്കാര്‍ മടികാണിച്ചില്ല. ഇങ്ങനെ കടമെടുത്തവരെല്ലാം ഇന്ന് ആ പണവുമായി നാടുവിട്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് കാലത്ത് മോഡി വിദേശ ബാങ്കുകളില്‍ നിന്നും തിരിച്ചു പിടിക്കും എന്നുപറഞ്ഞ കള്ളപ്പണം കിട്ടിയില്ലെന്നു മാത്രമല്ല, ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളെയാകെ പാപ്പരാക്കിക്കൊണ്ട് എണ്‍പത്തിമൂന്നു ലക്ഷം കോടിയിലധികം അപഹരിച്ച് നീരവ് മോഡി, മെഹുല്‍ ചോക്‌സി തുടങ്ങി അനേകം തസ്‌കരന്മാര്‍ നാടുവിടുകയും ചെയ്തു.
ഇങ്ങനെ കാര്യങ്ങള്‍ ആകെ കൈവിട്ടുപോവുന്നതിനിടയിലാണ് 2016 നവംബര്‍ 18-ാം തീയതി പാതിരാനേരത്ത്, രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ ‘കോട്ടും ബൂട്ടു‘മൊക്കെയിട്ട് ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട് നാട്ടില്‍ പ്രചാരണത്തിലുള്ള 500, 1000 നോട്ടുകള്‍ അതായത് അപ്പോള്‍ നിലവിലുണ്ടായിരുന്ന 87 ശതമാനം നോട്ടുകളും തൊട്ടടുത്ത ദിവസം മുതല്‍ നിലവിലില്ല എന്നു നരേന്ദ്രദാസ് ദാമോദര്‍ ദാസ് മോഡി പ്രഖ്യാപിക്കുന്നത്. ഈ വിവേകശൂന്യമായ തീരുമാനം ഇന്ത്യയിലെ 133 കോടി ജനങ്ങള്‍ക്കുമുണ്ടാക്കിയ ദുരന്തം വര്‍ഷങ്ങള്‍ക്കിപ്പുറവും തുടരുന്നു. 167 പേര്‍ ഒഴിഞ്ഞ എടിഎമ്മുകള്‍ക്ക് മുന്നില്‍ ക്യൂവില്‍ നിന്ന് കുഴഞ്ഞുവീണു മരിച്ചു. തൊട്ടടുത്ത വര്‍ഷം ജിഡിപിയില്‍ 30 ലക്ഷം കോടിയുടെ കുറവാണുണ്ടായത്. ചെറുകിട വ്യവസായങ്ങള്‍, ചെറുകിട കച്ചവടക്കാര്‍, കുടില്‍ വ്യവസായങ്ങള്‍, കാര്‍ഷികരംഗം, കെട്ടിട നിര്‍മാണ വ്യവസായം എല്ലാം പാടെ തകര്‍ന്നു. 70 ലക്ഷം തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു. അസംഘടിതമേഖലയിലെ തൊഴിലവസരങ്ങള്‍ പൂര്‍ണമായും ഇല്ലാതെയായി. 2017–18 കാലഘട്ടത്തില്‍ സ്വതന്ത്ര ഇന്ത്യയുടെ കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ 7.2 ശതമാനത്തിലെത്തി നില്‍ക്കുകയാണ് രാഷ്ട്രം. ഈ തകര്‍ച്ചയുടെ ചോരയൂറ്റിക്കുടിച്ച് ചീര്‍ത്ത് വളര്‍ന്നത് മോഡിയുടെ സന്തതസഹചാരികളായ ഇന്ത്യയിലെ കോര്‍പറേറ്റുകളാണ്. രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 89 ശതമാനം 100 ശതകോടീശ്വരന്മാരുടെ കയ്യിലെത്തി. അതിന്റെ 54 ശതമാനം അംബാനി, അഡാനി തുടങ്ങിയ കേവലം പത്തു പേരിലേക്കും. അതായത് ഇന്ത്യയിലെ 133 കോടി ജനങ്ങളില്‍ 100 പേരൊഴികെയുള്ള ആകെ ജനങ്ങളുടെ കൈയില്‍ ഇന്ന് ഇന്ത്യയിലെ മൊത്തം സമ്പത്തിന്റെ വെറും 11 ശതമാനം മാത്രമേയുള്ളു. ബാക്കിയെല്ലാം- 89 ശതമാനം- വെറും 100 കുത്തകകളുടെ കയ്യിലെത്തിക്കാന്‍ മോഡിക്ക് വെറും അഞ്ചു വര്‍ഷമേ വേണ്ടിവന്നുള്ളു. സബ്കാ വികാസ് എന്ന് മോഡി പറഞ്ഞത് ഈ 100 പേരുടെ കാര്യമായിരുന്നു എന്ന് ഇന്ന് സംശയാതീതമായി തെളിഞ്ഞിരിക്കുകയാണ്.
വഴിവിട്ട രീതിയില്‍ കുത്തകകള്‍ക്ക് പൊതുമുതല്‍ തീറെഴുതിക്കൊടുക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് റഫാല്‍ ഇടപാട്. 126 വിമാനങ്ങളേക്കാള്‍ അധികവിലയ്ക്ക് 36 വിമാനങ്ങള്‍ വാങ്ങുവാന്‍ കരാറൊപ്പിടുകയും വിമാന നിര്‍മാണത്തിനായി സ്ഥാപിച്ച ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് എന്ന പൊതുമേഖലാ സ്ഥാപനത്തെ ഒഴിവാക്കി അംബാനിയുടെ ഇതുവരെ കടലാസില്‍ മാത്രമുള്ള കമ്പനിക്ക് മെയിന്റനന്‍സ് കരാര്‍ നല്‍കാന്‍ വഴിയൊരുക്കിയും ഫ്രഞ്ച് സര്‍ക്കാരിന്റെ ഗ്യാരന്റി ഉണ്ടെന്ന് പാര്‍ലമെന്റിലടക്കം കള്ളം പറഞ്ഞും മോഡി അരങ്ങുതകര്‍ക്കുകയാണ്. റഫാല്‍ രേഖകള്‍ മോഷണം പോയി എന്ന് സുപ്രീം കോടതിയില്‍ പറഞ്ഞ അറ്റോര്‍ണി ജനറല്‍ പിറ്റേന്ന് രേഖയുണ്ട്. രേഖയുടെ ഫോട്ടോസ്റ്റാറ്റാണ് പോയത് എന്ന് മാറ്റി പറയുന്നു. അപ്പോഴും രേഖകള്‍ തെറ്റാണ് എന്ന് എ ജിക്ക് പോലും അഭിപ്രായമില്ല.
ഈ കൊള്ളക്കൊടുക്കലുകളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനായി രാജ്യം മുഴുവന്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും പശുവിന്റെയും ആരാധനാലയങ്ങളുടെയും പേരില്‍ കലാപങ്ങള്‍ സൃഷ്ടിക്കാനുമുള്ള തീവ്രശ്രമത്തിലാണ് സംഘപരിവാര്‍. മോഡി സര്‍ക്കാരിന്റെ അഞ്ചു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ഇന്ത്യ സ്വാതന്ത്ര്യാനന്തരം ഇന്നുവരെ അനുഭവിക്കാത്ത കലാപങ്ങളിലൂടെയും വര്‍ഗീയ ധ്രുവീകരണത്തിലൂടെയും കൊടിയ ദാരിദ്ര്യത്തിലൂടെയും തൊഴിലില്ലായ്മയിലൂടെയും കടന്നുപോവുന്നു.
നവ അധിനിവേശത്തിനൊരുങ്ങി നില്‍ക്കുന്ന ആഗോള കുത്തകകള്‍ക്കായി രാജ്യം ശിഥിലമാക്കുന്ന നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ 2019 ഏപ്രിലില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ ജനങ്ങള്‍ തൂത്തെറിയുകതന്നെ ചെയ്യും.