പണ്ട് പ്രധാനമന്ത്രി നെഹ്രു ലണ്ടനില്‍ പോയ ഒരു കഥയുണ്ട്. കഥയല്ല സംഭവകഥ. പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ ബ്രിട്ടന് സന്ദര്‍ശനത്തില്‍ പ്രഥമ പ്രതിരോധ മന്ത്രിയായിരുന്ന ബല്‍ദേവ് സിങിനെയും ഒപ്പം കൂട്ടി. ബല്‍ദേവ് സിങാണെങ്കില്‍ പ്രോട്ടോകോളോ മറ്റു ചിട്ടവട്ടങ്ങളോ ഒന്നുമറിയാത്ത ഒരു സാധാരണ പഞ്ചാബി സര്‍ദാര്‍ജി. ഒരു ദിവസം രാത്രി എലിസബത്ത് രാജ്ഞിയുടെ വിരുന്നു സല്ക്കാരത്തിനു പോകാന്‍ ബല്‍ദേവ് സിങുമായി പുറത്തിറങ്ങും മുമ്പ് നെഹ്രു തന്റെ മൂക്ക് ഒന്നു വട്ടംപിടിച്ചു. താനാണെങ്കില്‍ സുഗന്ധലേപനങ്ങള്‍ പൂശി കുട്ടപ്പനായാണ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. പോരാഞ്ഞ് മൂക്കിനു താഴെ കോട്ടിന്റെ പോക്കറ്റില്‍ ഹൃദ്യമായ മണം പരത്തുന്നു. മുറിയിലുള്ളത് ബല്‍ദേവ്സിങ് മാത്രം. മുറിയാകെ നെഹ്രു മണിപ്പിച്ചു നോക്കി. നാറ്റത്തിന്റെ പ്രഭവസ്ഥാനം സര്ദാര്ജിയാണെന്നു കണ്ടെത്താന്‍ ഏറെ പാടുപെടേണ്ടിവന്നില്ല. ഈ ദുര്‍ഗന്ധം എവിടെ നിന്നാണെന്നറിയാന്‍ സിങിന്റെ ഷൂസ് അഴിപ്പിച്ചു. സോക്സും ഊരിപ്പിച്ചപ്പോഴല്ലേ സംഗതി പിടികിട്ടിയത്. ഷൂസുകള്‍ രണ്ടും അമേധ്യ ദുര്ഗന്ധവാഹിനികള്. സിങിനെ കണക്കിനു ശാസിച്ച ശേഷം നെഹ്രു പുതിയ സോക്സുകള്‍ വരുത്തിച്ചു. അവ അണിയിച്ച ശേഷം പുറത്തിറങ്ങുമ്പോള്‍ പിന്നെയും നാറ്റത്തിന്റെ പൂരം.
നെഹ്രു ബല്‍ദേവ് സിങിന്റെ ദേഹപരിശോധന നടത്തിയപ്പോള്‍ നാറുന്ന രണ്ട് സോക്സും സര്‍ദാര്‍ജിയുടെ കോട്ടിന്റെ പോക്കറ്റില്‍ ഭദ്രമായുണ്ട്. വയലാര്‍ പണ്ട് പാടിയിട്ടുണ്ട്; ‘സത്യത്തെ മിഥ്യതന്‍ ചുട്ടികുത്തിക്കുന്ന ശില്പിയെപ്പോല്‍ നിഴല്‍ നിന്നു’ എന്ന്. നമുക്ക് ആ വരികള്‍ ഒരു പാഠഭേദത്തോടെ ചൊല്ലാം; ‘സത്യത്തെ മിഥ്യതന്‍ ചുട്ടികുത്തിക്കുന്ന വിഡ്ഢിയെപ്പോല് മോഡി നിന്നു.’ നാറുന്ന സോക്സ് ഊരി പോക്കറ്റില്‍ ഒളിപ്പിച്ച ബല്‍ദേവ് സിങിനെപ്പോലെ മോഡിയും ഇന്ത്യയുടെ ദാരിദ്ര്യവും പട്ടിണിയും ഭവനരാഹിത്യവും മറയ്ക്കാന്‍ ഗുജറാത്തിലെ ചേരിപ്രദേശത്ത് മതില് കെട്ടുന്നുവെന്നാണ് വാര്‍ത്ത. മതിലിനപ്പുറത്ത് ഗുജറാത്ത് തലസ്ഥാനത്തെ ആയിരക്കണക്കിനു ദരിദ്രനാരായണന്മാരുടെ ചേരികളാണ്. യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഗുജറാത്ത് സന്ദര്‍ശനത്തിനു മുന്നോടിയായാണ് പട്ടിണിപ്പാവങ്ങളെ മതില്മറയ്ക്കുള്ളിലാക്കുന്നത്. 125 കോടി ജനങ്ങളുള്ള ഇന്ത്യയിലെ ഓരോ ലക്ഷം ജനസംഖ്യയിലും 122 പേര് വീതം പ്രതിവര്‍ഷം പട്ടിണിമൂലം മരിച്ചു മണ്ണടിയുന്നുവെന്നാണ് ഐക്യരാഷ്ട്രസഭയുടെയും ലാന്‍സറിന്റെയും കണക്ക്. അയല്‍ രാജ്യങ്ങളായ ശ്രീലങ്കയില്‍ അത് 57, ബംഗ്ലാദേശ്-51, നേപ്പാള്‍-93, പാകിസ്ഥാന് പോലും 119. തന്റെ കീഴില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കിരീടംചൂടി നില്‍ക്കുന്നുവെന്ന് മോഡി അവകാശപ്പെടുമ്പോഴാണ് പ്രതിവര്‍ഷം പതിനായിരക്കണക്കിന് പട്ടിണി മരണങ്ങള്. തന്റെ സംസ്ഥാന തലസ്ഥാനത്തെ ദരിദ്രസഹസ്രങ്ങളുടെ നരകതുല്യജീവിതം മറച്ചുപിടിക്കാന്‍ എന്നിട്ട് മതില് നിര്‍മ്മാണവും. ബല്‍ദേവ് സിങിന് സത്യം മറയ്ക്കാന്‍ കോട്ടിന്റെ പോക്കറ്റെങ്കില് മോഡിക്ക് വന്മതില്. ട്രംപ് ഇന്ത്യ മുഴുവന്‍ കാണാനിറങ്ങിയാല്‍ ലോകചരിത്രത്തിലെ ഏറ്റവും വലിയ മതില് നിര്‍മ്മാണത്തിന്റെ വിഡ്ഢിയായ ശില്പി എന്ന ബഹുമതിയും മോഡിക്ക് സ്വന്തമാകും.
ഭൂതത്താന്‍ കെട്ടില്‍ ഭൂതങ്ങള്‍ പിന്നെയും അണകെട്ടി. ഇതിഹാസങ്ങളിലെ ഭൂതത്താന്‍ കെട്ടില്‍ ഭൂതങ്ങള്‍ അഥവാ രാക്ഷസന്മാര് നിര്‍മ്മിച്ച പണിതീരാത്ത അണയുടെ അവശിഷ്ടങ്ങള്‍ ഇന്നും അവിടെയുണ്ട്. സമീപത്തെ തൃക്കരിയൂര് ശിവക്ഷേത്രം വെള്ളത്തിനടിയിലാക്കാന്‍ രാത്രിയുടെ മറവില്‍ ഭൂതങ്ങള്‍ അണികെട്ടിയെന്നാണ് ഐതിഹ്യം. പുലരുംമുമ്പ് അണക്കെട്ടിന്റെ പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ശിവഭഗവാന് ഉണര്‍ന്ന് അണക്കെട്ട് തടസപ്പെടുത്തുമെന്ന കണക്കുകൂട്ടലില്‍ തകൃതിയായ നിര്‍മ്മാണം, പണിതീരാറായപ്പോള്‍ കോഴി കൂവി. സൂര്യവെട്ടം പരന്നു. ഭൂതഗണങ്ങള്‍ ഭൂതത്താന്‍ കെട്ട് പൂര്‍ത്തിയാക്കാതെ ജീവനുംകൊണ്ട് കാട്ടിലൊളിച്ചു. ഇതെല്ലാം മഹാദേവന്റെ കളികളായിരുന്നുവെന്നും ഐതിഹ്യം. പിന്നീടും ഇവിടെ ഇടമലയാര്‍ അണക്കെട്ടും ജലവെെദ്യുത പദ്ധതിയും വന്നപ്പോള്‍ ഭൂതഗണങ്ങള്‍ സര്‍ക്കാരിന്റെ ഖജനാവ് കൊള്ളയടിച്ച ചരിത്രം വേറെ. പക്ഷേ ഭൂതത്താന്‍കെട്ടിലെ ഭൂതങ്ങള്‍ ഇനിയും മരിച്ചിട്ടില്ല. അടുത്തെങ്ങും മരിക്കുകയുമില്ലെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തകളില്‍ നിന്നു നമുക്ക് വായിച്ചെടുക്കാം. വനത്തിനുള്ളില്‍ വ്യാജ പട്ടയങ്ങളുള്ള ഒരു പള്ളീലച്ചനും ഏതാനും കാട്ടുകള്ളന്മാരായ ഭൂമാഫിയ ഭൂതഗണങ്ങളും ചേര്‍ന്ന് ഒറ്റ രാത്രികൊണ്ട് പെരിയാറിനു കുറുകേ ഒരു ഭൂതത്താന്‍ കെട്ട് ഹെെവേ നിര്‍മ്മിച്ചുവെന്നാണ് വാര്‍ത്ത. അതു പൊളിക്കാന്‍ വന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കാനൊരുങ്ങുക കൂടി ചെയ്തു. മൂന്നാറിലും മറ്റും അനധികൃത നിര്‍മ്മാണങ്ങള്‍ തകര്‍ക്കാന്‍ ജെസിബിയുടെ ഉളിപ്പല്ലുകള്‍ അധികാരചിഹ്നങ്ങളായപ്പോള് ഭൂതത്താന്‍കെട്ടിലെ മാഫിയാ അണകള്‍ പൊളിക്കാനിറക്കിയത് മണ്ടു മണ്‍വെട്ടികളുമായി ഏതാനും തൊഴിലുറപ്പു തൊഴിലാളി സ്ത്രീകളെ മാത്രം. പൊളിക്കലിന്റെ സമയം നീട്ടി നല്കി ഹെെക്കോടതിയില്‍ നിന്നു മാഫിയാ ഭൂതഗണങ്ങള്‍ക്ക് സ്റ്റേ വാങ്ങാനുള്ള തന്ത്രമാണ് ചില ഉദ്യോഗസ്ഥര്‍ പയറ്റിയത്. പിന്നീട് ജെസിബി കൊണ്ടുവന്ന് ആധുനിക ഭൂതത്താന്‍ കെട്ടു പൊളിച്ചുവെങ്കിലും അവശേഷിക്കുന്ന നടപ്പാത എന്നു വീണ്ടും മാഫിയാ ഭൂതങ്ങള്‍ അണക്കെട്ടും റോഡുമാക്കുന്നുവെന്നു കാത്തിരുന്നു കാണുക. ഭരണയന്ത്രം ഉറങ്ങുമ്പോള്‍ ഉറങ്ങാതിരിക്കുന്ന ഭൂതഗണങ്ങള്‍ നമ്മുടെ കാടും കടലും കവരുന്ന ദൃശ്യങ്ങളാണ് നാം ഭൂതത്താന്‍ കെട്ടിലും അടിമലത്തുറയിലും കണ്ടത്. ഭൂതങ്ങള്‍ ഉറങ്ങാതിരിക്കുമ്പോള്‍ ജനവും ഉണര്ന്നിരിക്കണമെന്നുള്ള സന്ദേശമാണ് ഇവിടങ്ങളില്‍ നിന്ന് ഉയരുന്നത്. ഇത് ഇന്ത്യയാണ്.
ഒരു സര്വാദൃത സംസ്കാരത്തിന്റെ കേദാരം. വിദേശാക്രമണങ്ങളിലും മേല്ക്കോയ്മയിലും കുടിപ്പകയിലുമെല്ലാം പകച്ചുനില്‍ക്കാതെ ഉയിര്‍ത്തെഴുന്നേറ്റ ഈ ഭൂമികയെ അങ്ങനെയങ്ങ് ‘ആചന്ദ്രതാരേ സാന്തതിപ്രവേശേ’ അടക്കിവാണുകളയാമെന്നു മോഹിച്ച മോഡിയുടെ കരണക്കുറ്റി തകര്‍ത്തുകൊണ്ട് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ദ്രപ്രസ്ഥം ജനശക്തി പിടിച്ചെടുത്ത കാഴ്ച താങ്ങാന്‍ കഴിയാതെ മോഡി വാരാണസിയിലേക്ക് പലായനം ചെയ്തു. തന്റെ ഭരണതലസ്ഥാനത്ത് മറ്റൊരു മന്ത്രിസഭ അധികാരമേറുമ്പോള്‍ ചടങ്ങിലെത്തുക എന്ന സാമാന്യമര്യാദപോലും പാലിക്കാത്ത മോഡി കാട്ടിയ ചെറ്റത്തരത്തെയാണ് ‘പരമനാറിത്തം’ എന്നു വിളിക്കേണ്ടത്. രാജ്യമാസകലം ഒരു കലാപഭൂമിയാകുമ്പോള്‍ തന്റെ പടിയിറക്കം അതിവേഗത്തിലാവുന്നുവെന്ന തിരിച്ചറിവില്‍ നിന്നുണ്ടായ നാറിത്തം. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഝാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും തുടങ്ങിയ ബിജെപിയുടെ കടപുഴക്കങ്ങളുടെ ആവര്‍ത്തനമാണ് ഡല്‍ഹിയിലുമുണ്ടായത്. ‘ഗോലിമാരോ‘എന്ന സംഘപരിവാറിന്റെ കൊലവെറിക്ക് സമ്മതിദാനത്തിലൂടെയുള്ള മാരകപ്രഹരങ്ങള്. മോഡി റാലികളും അമിത് ഷാ റോഡ്ഷോകളും നടത്തിയാല്‍ ജനം തങ്ങളോടൊപ്പം ഒലിച്ചുവന്നോളുമെന്ന കണക്കുകൂട്ടല്‍ പിഴയ്ക്കുന്ന പരാജയപരമ്പരകളാണ് ഇനി വരാനിരിക്കുന്നത്. മോഡിയേയും അമിത്ഷായേയും ഇനി കാത്തിരിക്കുന്നത് ജയിലറകളും. ഉത്സവപ്പറമ്പിലെ തിരികുത്തുകാരനേയും ആനമയിലൊട്ടകക്കാരനെയും മുച്ചീട്ടുകളിക്കാരനേയും വെല്ലുന്ന ഒരു താരോദയം ഡല്‍ഹി തെരഞ്ഞെടുപ്പിനിടെ ഉണ്ടായിരിക്കുന്നു. പി സി ചാക്കോ, ഇഷ്ടനിപ്പോള്‍ കേന്ദ്രനാണ്. കോണ്‍ഗ്രസിന്റെ ഡല്‍ഹിയിലെ ചുമതലക്കാരന്. കേരളത്തില്‍ കാര്യങ്ങളുടെ നടത്തുപടിക്കാരനായപ്പോള് ഉത്സവപ്പറമ്പിലെ വിരുതന്മാരെപ്പോലെ ചാക്കോയും ’14 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു മുദ്രാവാക്യം വച്ചുകാച്ചി. ‘ഒന്നുവച്ചാല്‍ രണ്ടുകിട്ടും’! താന്‍ വിജയിച്ച തൃശൂര്‍ സീറ്റില്‍ വീണ്ടും മത്സരിച്ചാല്‍ വോട്ടിനു പകരം തല്ലുകിട്ടുമെന്നറിയാവുന്ന ചാക്കോ താന്‍ ഈ ഷുവര്‍ സീറ്റ് ഒഴിഞ്ഞുതരാമെന്ന് ഔദാര്യം കാട്ടി. പകരം ചാലക്കുടിയിലേക്ക് മാറി ആ സീറ്റും താന്‍ പിടിച്ചടക്കാമെന്നു ചാക്കോ പറഞ്ഞപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് നാഥന്മാരായ ‘മൊണ്ണയപ്പന്മാര്’ അതു വിശ്വസിച്ചു. പക്ഷേഫലം വന്നപ്പോള്‍ ചാക്കോ ജയിച്ചിരുന്ന സീറ്റ് സിപിഐയിലെ സി എന്‍ ജയദേവന്.
ചാലക്കുടിയില്‍ ചാക്കോയെ മണ്ണുകപ്പിച്ച് ഇടതുമുന്നണിയുടെ ഇന്നസെന്റും. ‘ഒന്നുവച്ചാല്‍ രണ്ടു കിട്ടും’ എന്ന മുച്ചീട്ടുകളിക്കാരന്റെ ആപ്തവാക്യവുമായി ഡല്‍ഹിയില്‍ ചേക്കേറിയ ചാക്കോ തന്റെ വിദ്യ ഡല്‍ഹിയിലും പുറത്തെടുത്തു. മത്സരിച്ച 67 സീറ്റില്‍ തോറ്റു. മൂന്നൊഴികെ മറ്റെല്ലാ സീറ്റിലും കെട്ടിവച്ചകാശും തഥൈവ. ചാക്കോ ഇപ്പോള്‍ പറയുന്നത് തന്റെ പ്രവര്‍ത്തന മണ്ഡലം വീണ്ടും കേരളമാക്കാന്‍ പോകുന്നുവെന്ന്. ഡല്‍ഹിയില്‍ തമ്പടിക്കുന്നതുമൂലം പ്രതിമാസം ഒന്നര ലക്ഷം രൂപ ചെലവു വരുമത്രേ. അതു താങ്ങാനാവില്ല. ഇതു കേട്ടാല്‍ തോന്നും ഡല്‍ഹിയില്‍ ആനമുട്ട ഭക്ഷിച്ചാണ് അവിടെ ചാക്കോ കഴിയുന്നതെന്ന്! തിരിച്ചുവന്നാല്‍ പണ്ട് യൂണിവേഴ്സിറ്റി കോളജില്‍ പഠിക്കുമ്പോള്‍ താമസിച്ചിരുന്ന ദ്വാരക ലോഡ്ജില്‍ താമസിക്കാം. കോണ്‍ഗ്രസിനെ നയിക്കാം. ഭിത്തിയായ ഭിത്തിയിലൊക്കെ പണ്ട് എം എ ജോണ്‍ ചെയ്തതുപോലെ ചാക്കോയ്ക്കും എഴുതി വയ്ക്കാം. ‘പി സി ചാക്കോ നമ്മെ നയിക്കും’ എന്ന്. പക്ഷേ ജോണിനു പറ്റിയപോലുള്ള അബദ്ധം പറ്റാതിരിക്കാന്‍ ചുമരെഴുത്തുകള്‍ക്ക് കാവല്‍ക്കാരെയും നിയോഗിക്കാം. ഇല്ലെങ്കില്‍ ചില വിരുതന്മാരായ പിള്ളേര് അക്ഷരങ്ങള്‍ ചുരണ്ടിക്കളഞ്ഞ് ’ പി സി ചാക്കോ നമ്മെ നക്കും’ എന്നാക്കിക്കളഞ്ഞാലോ. എന്തായാലും കേരളത്തിലെ കോണ്‍ഗ്രസിനു കണ്ടകശ്ശനിയും കൊണ്ടുവരുന്ന ചാക്കോയ്ക്ക് സുസ്വാഗതം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.