ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ യഥാർഥ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടാതിരിക്കുന്നതിനുള്ള വ്യഗ്രതയാണ് എല്ലാ കാലത്തും കേന്ദ്ര ഭരണാധികാരികളിൽ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് തെരഞ്ഞെടുപ്പ് രംഗത്തെ കുറിച്ച് ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളും ആശങ്കകളും. അതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പിൽ ഉപയോഗിക്കപ്പെടുന്ന വോട്ടിങ് യന്ത്രങ്ങളുടെ സുതാര്യതയും ദുരുപയോഗസാധ്യതയും ഉയർന്നുവരാറുള്ളത്. വോട്ടിങ് യന്ത്രങ്ങളുടെ ദുരുപയോഗ സാധ്യത അത് പ്രയോഗത്തിൽ വന്ന കാലം മുതൽ തന്നെ ചർച്ച ചെയ്യപ്പെടാറുള്ളതാണ്.
ബിജെപി അധികാരത്തിലെത്തിയതു മുതലാണ് ആശങ്കകൾ ശക്തമായത്. ഒരേ ചിഹ്നത്തിൽ വോട്ടുപതിയുകയെന്ന പരാതി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിരവധി മണ്ഡലങ്ങളിൽ ഉയരുകയുണ്ടായി. എന്നാൽ അവയൊന്നും ഗൗരവത്തോടെ കാണുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോ സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോ തയ്യാറായിരുന്നില്ല. വോട്ടെണ്ണലിന് ശേഷം പല മണ്ഡലങ്ങളിൽ പോൾ ചെയ്തതും എണ്ണിയതുമായവോട്ടുകളിലെ പൊരുത്തക്കേടുകൾ സംബന്ധിച്ച് ആശങ്കകൾ ഉന്നയിക്കപ്പെട്ടിരുന്നു.
അവയും വേണ്ടത്ര ഗൗരവത്തോടെ പരിശോധിക്കപ്പെട്ടില്ല. മെയ് മാസത്തിൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ 347 മണ്ഡലങ്ങളിലാണ് ഇത്തരത്തിലുള്ള പൊരുത്തക്കേടുകളുണ്ടായതെന്നാണ് രണ്ട് സന്നദ്ധ സംഘടനകൾ പരമോന്നത കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ഹർജിയെ തുടർന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടുകളിലും ദുരൂഹതകൾ ഉന്നയിക്കപ്പെടുന്നുണ്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസ്, കോമൺ കോസ് എന്നീ സംഘടനകളാണ് കോടതിയെ സമീപിച്ചത്. പോൾ ചെയ്ത വോട്ടുകൾ, എണ്ണിയ വോട്ടുകൾ എന്നിവയിലെ വ്യത്യാസം ചൂണ്ടിക്കാണിച്ച് ഹർജി സമർപ്പിച്ചപ്പോൾ ഇതുസംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ നിന്നും ഒഴിവാക്കുകയാണ് കമ്മിഷൻ ചെയ്തതെന്ന് പരാതിയിൽ പറയുന്നു. വെബ് സൈറ്റിലെ പോൾ ചെയ്ത വോട്ടിന്റെ എണ്ണവും മൈ വോട്ടേഴ്സ് ടേൺഔട്ട് ആപ്പിലെ എണ്ണവും തമ്മിലും വ്യത്യാസം കണ്ടെത്തിയിരുന്നു.
ഒരു വോട്ട് മുതൽ 1,01,323 വോട്ടുകളുടെ വ്യത്യാസമാണ് കണ്ടെത്തിയത്. ആറ് ലോക്സഭാ മണ്ഡലങ്ങളിൽ ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ടുകളുടെ വ്യത്യാസമാണ് കണ്ടെത്തിയത്. ഏറ്റവുമധികം ജനങ്ങൾ വോട്ടവകാശം വിനിയോഗിക്കുന്നുവെന്നതിനാൽ വോട്ടെണ്ണലിനും ഫലപ്രഖ്യാപനത്തിനും വളരെയധികം സമയമെടുക്കുന്നുവെന്ന സാഹചര്യത്തിലാണ് സാങ്കേതിക വിദ്യയുടെ സഹായം തേടുന്നതിന് വഴിയൊരുങ്ങിയത്. ആദ്യഘട്ടത്തിൽ തന്നെ ഇതേകുറിച്ചുള്ള സംശയങ്ങളും സുതാര്യതയും സത്യസന്ധതയും ക്രമക്കേടുകൾക്കുള്ള സാധ്യതയും ഉന്നയിക്കപ്പെട്ടിരുന്നു. ഓരോ തെരഞ്ഞെടുപ്പുകഴിയുമ്പോഴും അവയെല്ലാം ശരിയെന്ന് വ്യക്തമാക്കുന്ന സൂചനകളാണ് ലഭ്യമായത്. സാങ്കേതിക ‑ഡിജിറ്റൽ മേഖലയിലെ പല വിദഗ്ധരും തെളിവ് സഹിതം ഇക്കാര്യം ശരിവയ്ക്കുകയും ചെയ്തിരുന്നു. ഇതിന്റെ കൂടെയാണ് പരമോന്നതകോടതിയിലെത്തിയിരിക്കുന്ന ഹർജിയും കാണേണ്ടത്. ഇപ്പോഴും ക്രിയാത്മകവും ക്രമപരവുമാണ് നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയയെന്ന് കരുതാനാകാനാവാത്ത വിധത്തിലാണ് കാര്യങ്ങളെന്നുതന്നെയാണ് ഈ ഹർജി വ്യക്തമാക്കുന്നത്.
പഴയ രീതിയിൽ കടലാസ് ബാലറ്റ് സംവിധാനത്തിലേയ്ക്ക് തിരികെ പോകണമെന്ന ആവശ്യം ബലപ്പെടുത്തുകയാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന വസ്തുതകൾ. തെരഞ്ഞെടുപ്പ് വേളയിൽ കേരളത്തിൽ പോലും ഉയർന്ന പരാതികളെ വീണ്ടും പരിശോധനാവിധേയമാക്കുമ്പോൾ അത് ബോധ്യമാകും. സംസ്ഥാനത്ത് ഒന്നിലധികം മണ്ഡലങ്ങളിൽ അത്തരം പരാതികളുണ്ടായിരുന്നു. അതെല്ലാംതന്നെ ബിജെപിയുടെ ചിഹ്നത്തിന് വോട്ടുകൾ പതിയുന്നുവെന്നതായിരുന്നുവെന്നത് യാദൃച്ഛികമായി കാണാനാവില്ല. തെരഞ്ഞെടുപ്പ് പ്രക്രിയ രാഷ്ട്രീയ പാർട്ടികൾ ജാഗ്രതയോടെ കാണുന്ന സംസ്ഥാനമാണെന്നതിനാൽ കേരളത്തിൽ അത് ശ്രദ്ധയിൽപ്പെടാനും പരാതിയായി ഉന്നയിക്കാനും പെട്ടെന്ന് തന്നെ പരിഹരിക്കാനും സാധിച്ചുവെന്ന് കരുതുന്നതിൽ തെറ്റില്ല. വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്നുപോലും അറിയാത്ത നിരക്ഷരരായ ലക്ഷക്കണക്കിന് പേരാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളിലുമുള്ളത്. തങ്ങൾ ചെയ്ത വോട്ട് പതിഞ്ഞത് ഉദ്ദേശിച്ച ചിഹ്നത്തിൽ തന്നെയായിരുന്നോ എന്നൊന്നും തിരിച്ചറിയാൻ കഴിയാത്തവർ. അവരെ പറ്റിക്കുക എളുപ്പമാണെന്ന് അറിയുന്നവരാണ് ബിജെപിയുടെ ഉന്നതങ്ങളിലുള്ളവർ.
അതുകൊണ്ടുതന്നെ ബോധപൂർവ്വമാണ് ഇത്തരം വോട്ടുമാറ്റങ്ങളെന്ന് ബോധ്യപ്പെടുത്തുകകൂടി ചെയ്യുന്നുണ്ട് പരാതിയിൽ ഉന്നയിക്കപ്പെട്ട വസ്തുതകൾ. വൈകാരികമായ ചിലതൊഴികെ ഒരു വിഷയവും അഞ്ചുവർഷം രാജ്യം ഭരിച്ച നരേന്ദ്രമോഡിക്ക് അനുകൂലമായി രാജ്യത്തുണ്ടായിരുന്നില്ല. ഉദ്ദേശിച്ച രീതിയിലുള്ള പ്രതിപക്ഷ ഐക്യമുണ്ടായില്ലെന്നത് ഒരു പോരായ്മയായിരുന്നുവെന്നതും ഐക്യമുണ്ടായിരുന്നിടങ്ങളിൽ ബിജെപിയെ തോൽപ്പിക്കാനായെന്നതും ശരിയുമാണ്. എന്നാൽ അതൊന്നും മോഡിയുടെ രണ്ടാം വിജയത്തെ മേന്മയുള്ളതോ സംശയരഹിതമോ ആക്കുന്നില്ല.