Web Desk

തിരുവനന്തപുരം

July 15, 2021, 7:30 pm

മുഹമ്മദ് മുഹസിൻ എംഎല്‍എ നായകനായ ‘തീ’ റിലീസിനൊരുങ്ങുന്നു

Janayugom Online

യു ക്രിയേഷൻസും വിശാരദ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന അനിൽ വി നാഗേന്ദ്രന്റെ പുതിയ ചിത്രം ‘തീ’ പ്രദർശനത്തിന് സജ്ജമായതായി അണിയറപ്രവർത്തകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംവിധാനത്തിന് പുറമേ കഥയും തിരക്കഥയും ഗാനങ്ങളും രചിച്ചിരിക്കുന്നത് അനിൽ വി നാഗേന്ദ്രനാണ്. സിപിഐ എംഎൽഎ മുഹമ്മദ് മുഹസിൻ ആണ് നായക വേഷത്തിലെത്തുന്നത്. പുതുമുഖമായ സാഗരയാണ് നായിക. ഋതേഷ്, ഇന്ദ്രൻസ്, പ്രേംകുമാർ, വിനുമോഹൻ, രമേഷ് പിഷാരടി, അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം, പ്രസാദ് കണ്ണൻ, വി കെ ബൈജു, പയ്യൻസ് ജയകുമാർ, ജോസഫ് വിൽസൺ, കോബ്ര രാജേഷ്, സോണിയ മൽഹാർ, രമി അനിൽ തുടങ്ങിയവരാണ് അഭിനേതാക്കൾ. ഇതിനുപുറമെ വിവിധ മേഖലകളിലെ പ്രതിഭാധനരായ പ്രമുഖരും മികച്ച വേഷങ്ങളുമായി ചിത്രത്തിലെത്തുന്നുണ്ട്. 

മുൻ എംഎൽഎ കെ സുരേഷ് കുറുപ്പ്, മുൻ എംപി കെ സോമപ്രസാദ്, സി ആർ മഹേഷ് എംഎൽഎ, ആർട്ടിസ്റ്റ് സുജാതൻ, പിന്നണിഗായകൻ ഉണ്ണി മേനോൻ, നാസർ മാനു സഹസിക നീന്തലിൽ ലോകറെക്കോഡ് ജേതാവായ ഡോൾഫിൻ രതീഷ്, ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് സൂസൻ കോടി തുടങ്ങിയവര്‍ ഈ ചിത്രത്തിന്റെ ഭാഗമാണ്. ദേശീയതലത്തിൽ ശ്രദ്ധേയനായ ക്യാമറാമാൻ കവിയരശിന്റെ നേതൃത്വത്തിലാണ് ഛായാഗ്രഹണം. 

കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ വിപ്ലവ നക്ഷത്രം പി കൃഷ്ണപിള്ളയുടെ പോരാട്ടജീവിതം ആസ്പദമാക്കി അനിൽ വി നാഗേന്ദ്രൻ സംവിധാനം ചെയ്ത ‘വസന്തത്തിന്റെ കനൽവഴികളിൽ’ എന്ന സിനിമയ്ക്ക് ശേഷമാണ് പൊതുവിലുള്ള താരസങ്കല്പങ്ങളെ കീഴ്മേൽ മറിച്ചുകൊണ്ട് പുതുമയാർന്ന പരീക്ഷണങ്ങളും മനോഹര ഗാനങ്ങളുമായാണ് ‘തീ’ റിലീസിനൊരുങ്ങുന്നത്. രജു ജോസഫ്, അഞ്ചൽ ഉദയകുമാർ, സി ജെ കുട്ടപ്പൻ, അനിൽ നാഗേന്ദ്രൻ എന്നിവർ ഈണമിട്ട ഗാനങ്ങൾ ഉണ്ണിമേനോൻ, ശ്രീകാന്ത്, സി ജെ കുട്ടപ്പൻ, പി കെ മേദിനി, ആർ കെ രാംദാസ് ജോസഫ്, കലാഭവൻ സാബു, മണക്കാട് ഗോപൻ, റെജി കെ പപ്പു, സോണിയ, ശുഭ, കെ എസ് പ്രിയ, നിമിഷ സലിം, അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം തുടങ്ങിയവർ പാടിയിരിക്കുന്നു. 

അഞ്ചൽ ഉദയകുമാറാണ് പശ്ചാത്തലസംഗീതം. ജോഷി എ എസ് ചിത്രസംയോജനവും സംഘട്ടനം ബ്രൂസ്ലി രാജേഷുമാണ് നിർവഹിച്ചിരിക്കുന്നത്. വാർത്താസമ്മേളനത്തിൽ അനിൽ വി നാഗേന്ദ്രൻ, മുഹമ്മദ് മുഹസിൻ എംഎൽഎ, ഋതേഷ്, പ്രേംകുമാർ, സാഗര, അരിസ്റ്റോ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

ENGLISH SUMMARY:Mohammad Muhsin MLA is set to release his new film’Fire’
You may also like this video