Monday
18 Feb 2019

ദിലീപ് പുറത്താണ്, നടിമാരുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍: മോഹന്‍ലാല്‍

By: Web Desk | Monday 9 July 2018 8:28 PM IST

എറണാകുളം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി പ്രെസ്സില്‍ എ എം എം എ പ്രസിഡന്റ് മോഹന്‍ലാല്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നു
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപ് ഇപ്പോഴും താരസംഘടനയായ എഎംഎംഎയ്ക്ക് പുറത്തുതന്നെയാണെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍. ദിലീപ് വിഷയം എഎംഎംഎയില്‍ ഭിന്നതയുണ്ടാക്കിയതായും എന്നാല്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ ദിലീപിനെ തിരിച്ചെടുക്കുമെന്നും മോഹന്‍ലാല്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജനറല്‍ ബോഡിയില്‍ എല്ലാവരുടെയും തീരുമാനപ്രകാരമാണ് ദിലീപിനെ തിരിച്ചെടുത്തത്. ദിലീപ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിട്ടില്ലെന്ന് യോഗത്തില്‍ പലരും അഭിപ്രായപ്പെട്ടിരുന്നു. ജനറല്‍ ബോഡി യോഗത്തില്‍ ആരും ഈ അഭിപ്രായത്തിന് എതിരായി ഒന്നും പറഞ്ഞില്ല. തുടര്‍ന്നാണ് ദിലീപിനെ തിരിച്ചെടുക്കാന്‍ എഎംഎംഎയോഗം തീരുമാനിച്ചത്. എന്നാല്‍ പിന്നീട് നടന്ന സംഭവവികാസങ്ങളെ തുടര്‍ന്ന് ദിലീപ് സംഘടനയിലേക്ക് വരുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതിനാല്‍ സാങ്കേതികമായും നിയമപരമായും ദിലീപ് സംഘടനയ്ക്ക് പുറത്താണണ്. ഈ സാഹചര്യത്തില്‍ കുറ്റക്കാരനെന്നു തെളിയുന്നതുവരെ ദിലീപിനെ തിരിച്ചെടുക്കാന്‍ നീക്കമില്ല. എഎംഎംഎ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്. ദിലീപ് നിരപരാധിത്വം തെളിയിക്കുമെന്നാണ് പ്രതീക്ഷയെന്നും എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടന്ന മുഖാമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു. ജനറല്‍ ബോഡി യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം നല്‍കാതിരുന്ന തീരുമാനം തെറ്റായി പോയെന്നും സംഭവത്തില്‍ വ്യക്തിപരമായി താന്‍ ക്ഷമ ചോദിക്കുന്നുവെന്നും എഎംഎംഎയും മാധ്യമങ്ങളും ഒരുമിച്ച് പോകണമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
സംഘടനയില്‍ നിന്ന് രാജി വെച്ച നടിമാരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അമ്മയുടെ നിയമങ്ങളില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇന്നലെ കൊച്ചിയില്‍ നടന്നത് എഎംഎംഎയുടെ എക്‌സിക്യൂട്ടീവ് യോഗമല്ല, എക്‌സിക്യൂട്ടീവ് ചേര്‍ന്നയുടന്‍ ഡബ്ല്യുസിസിയുമായി ചര്‍ച്ച നടത്തും. അവര്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെങ്കില്‍ അതും വ്യക്തമാക്കാം. ഡബ്ല്യുസിസിയുടെ ഭാഗമായ നാലു പേര്‍ രാജിവെച്ചെന്ന് പറയുന്നുണ്ടെങ്കിലും അക്രമിക്കപ്പെട്ട നടിയുടെയും രമ്യാനമ്പീശന്റെയും രാജികത്തുകള്‍ മാത്രമേ സംഘടനയ്ക്ക് ലഭിച്ചിട്ടുളളൂ. ഇവര്‍ തിരിച്ചു വരുന്നത് സംബന്ധിച്ച് ജനറല്‍ ബോഡിയാണ് തീരുമാനിക്കുക. ഇവര്‍ രാജിവയ്ക്കാനുണ്ടായ സാഹചര്യം വിശദീകരിക്കേണ്ടിവരും. സുതാര്യമായി നടക്കുന്ന സംഘടനയില്‍ പുരുഷ മേധാവിത്വമില്ലെന്നും പ്രശ്‌നങ്ങള്‍ സംഘടനയ്ക്കുള്ളിലാണ് പറയേണ്ടതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
നടന്‍ തിലകന്‍ നേരിട്ട് പരാതി നല്‍കിയിട്ടില്ല. പലഘട്ടത്തിലും അദ്ദേഹത്തെ സഹായിച്ചിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. നടന്‍ ഗണേഷ്‌കുമാറിന്റെ വാട്‌സ് ആപ് വോയ്‌സ് മെസേജ് ചോര്‍ന്നത് സംബന്ധിച്ച് അന്വേഷിക്കും. നടി നിഷ സാരംഗ് സീരിയല്‍ സംവിധായകനില്‍ നിന്നുള്ള പീഡനത്തെക്കുറിച്ച് പറഞ്ഞിരുന്നു. അവരോടൊപ്പമാണ് എഎംഎംഎയും. സംഘടന തെരഞ്ഞെടുപ്പില്‍ നിന്നും നടി പാര്‍വതിയുടെ നോമിനേഷന്‍ തടഞ്ഞുവെന്ന് പറയുന്നത് തെറ്റാണ്. താന്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് പാര്‍വതി ജനറല്‍ ബോഡിയില്‍ പറയണമായിരുന്നു. അതുണ്ടായിട്ടില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
484 പേരുള്ള എഎംഎംഎയില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. മെഗാ ഷോയിലെ സ്‌കിറ്റില്‍ ഡബ്ല്യുസിസിയിലെ അംഗങ്ങളെ മോശക്കാരായി ചിത്രീകരിച്ചിട്ടില്ല. അവരുടെ കൂടെയുള്ളവര്‍തന്നെയാണ് സ്‌കിറ്റിനായി പ്രവര്‍ത്തിച്ചതും. 143 പേര്‍ക്കാണ് മാസം 5,000 രൂപ കൈനീട്ടമായി നല്‍കുന്നത്. ഇത് 10,000 രൂപയാക്കാനാണ് ശ്രമം. അഞ്ച് ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സാണ് അംഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 25 വര്‍ഷമായി സജീവമായ സംഘടനയുടെ ബൈലൊ മാറ്റേണ്ടതുണ്ട്. പ്രവര്‍ത്തന ശൈലിയിലും മാറ്റം വരുത്തേണ്ടതുണ്ട്. സംഘടനയില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണം. പലര്‍ക്കും സിനിമ ഇല്ലാത്ത സ്ഥിതിയുണ്ട്. ഇതിന് മാറ്റം വരുത്തണമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Mohanlal

 1. എ എം എം എ യിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും 2. നാലുപേർ രാജിവെച്ചതായി കേൾക്കുന്നു 3. കുറ്റം തെളിയുന്നതുവരെ ദിലീപ് പുറത്തു തന്നെ 4.  വിവാദങ്ങളെകുറിച്ചിന്നും എനിക്കറിയില്ല 5.  ചർച്ച നടന്നപ്പോൾ ആരും മിണ്ടിയില്ല 6. ഡബ്ല്യൂ സി സി അംഗങ്ങളുമായി ചർച്ച നടത്തും 7.  ഇനിയും ഉപദ്രവിക്കല്ലേ 

Related News