August 12, 2022 Friday

‘റെഡ്സല്യൂട്ടു‘മായി വീണ്ടും ആലപ്പി മോഹനൻ

ഡാലിയ ജേക്കബ്
January 7, 2020 8:40 pm

ആലപ്പുഴ: ജനകോടികളുടെ മനസിൽ വിപ്ലവത്തിന്റെ അലകൾ വിതറിയ റെഡ് സല്യൂട്ട്… എന്ന ഗാനം മലയാളികൾ പാടിത്തുടങ്ങിയിട്ട് അമ്പതാണ്ട് പിന്നിടുന്നു. രക്തസാക്ഷി ഗ്രാമങ്ങളുടെ ഓർമ്മകൾക്ക് സംഗീതാവിഷ്കാരം നൽകിയ റെഡ് സല്യൂട്ടിന് അമ്പത് തികയുമ്പോൾ 1969ൽ ആലപ്പുഴ വലിയ ചുടുകാട്ടിൽ അതാദ്യമായി ആലപിച്ച ആലപ്പി മോഹനനും ഇത് അഭിമാന നിമിഷം. പുന്നപ്രവയലാർ സമര വാർഷികത്തിൽ വലിയചുടുകാട്ടിൽ പാടുന്നതിന് കണിയാപുരം രാമചന്ദ്രനാണ് റെഡ് സല്യൂട്ട് എന്ന ഗാനം രചിച്ചത്. കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ എല്ലാ പരിപാടികളിലും ഇന്നും പ്രഥമഗാനമായി മുഴങ്ങി നിൽക്കുന്ന റെഡ് സല്യൂട്ടിന്റെ ഈണവും താളവും ചേർത്ത് അന്ന് ആലപിച്ചത് മോഹനനായിരുന്നു. കാലമെത്ര കഴിഞ്ഞിട്ടും റെഡ് സല്യൂട്ട് ഇന്നും പുതുതലമുറ ആവേശത്തോടെ ഏറ്റു പാടുന്നുണ്ടെന്നതിൽ അഭിമാനമുണ്ടെന്ന് മോഹനൻ പറയുന്നു. ആലപ്പുഴ കൊമ്മാടിയിൽ ടി കെ ഗോപാലന്റെയും ഭൈരവിയുടേയും മകനായി ജനിച്ച മോഹനൻ ചെറുപ്പം മുതൽക്കേ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അന്നത്തെ പാർട്ടി സമ്മേളനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മോഹനന്റെ വിപ്ലവ ഗാനങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത പ്രാധാന്യമുണ്ടായിരുന്നു.

ആ കാലഘട്ടങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് നേരിട്ടെത്തി പാടണമായിരുന്നെന്ന് മോഹനൻ ആവേശത്തോടെ പറയുന്നു. എഐവൈഎഫിൽ സജീവമായ സമയത്താണ് കെപിഎസിയിൽ പ്രവർത്തിക്കാൻ മോഹനന് അവസരം ലഭിച്ചത്. സംഗീത സംവിധായകൻ, ഹാർമോണിയം, കീബോർഡ്, തബല എന്നീ മേഖലകളിലും മോഹനൻ പ്രഗത്ഭനാണ്. കാഥികരായ പറവൂർ രത്നമണി സിസ്റ്റേഴ്സ്, തെക്കും ഭാഗം വിശ്വംഭരൻ, മാവേലിക്കര എസ് എസ് ഉണ്ണിത്താൻ, കാവനാട് ചന്ദ്രൻ, ചേർത്തല ബാലചന്ദ്രൻ എന്നിവരുടെ കൂടെ പ്രവർത്തിച്ചിട്ടുണ്ട്, അമച്വർ നാടക വേദിയിലെ സ്ഥിരം സംഗീതസംവിധായകനായിരുന്ന മോഹനൻ 22 വർഷം കെപിഎസിയിൽ അഭിനേതാവ്, ഹാർമോണിസ്റ്റ്, ഗായകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഒരു കാലത്ത് കേരളക്കരയിൽ തരംഗമായി മാറിയ കാർത്തിക സന്ധ്യയിൽ എന്ന ലളിതഗാനം മോഹനന്റെ സൃഷ്ടിയാണ്.

സംഗീതം തപസ്യയാക്കിയ മോഹനൻ തന്റെ സപ്തതി നിറവിൽ ‘കാർത്തിക സന്ധ്യ’ എന്ന പേരിൽ 10 ഗാനങ്ങൾ കോർത്തിണക്കിയ സിഡി കേരളത്തിന് സമർപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്. ഇപ്പോൾ കോട്ടയം വടവാതൂരാണ് താമസമെങ്കിലും എഐടിയുസി ദേശീയസമ്മേളനം ആലപ്പുഴയിൽ നടക്കുന്നതിന്റെ ഭാഗമായുള്ള കലാപ്രവർത്തനങ്ങളിൽ മോഹനൻ മുൻപന്തിയിലുണ്ടാകും. വരികളും സംഗീതവും മന:പാഠമായ റെഡ് സല്യൂട്ട് സമ്മേളന വേദിയിൽ ഒരുവട്ടം കുൂടി ആലപിക്കാനുള്ള തയ്യാറെടുപ്പിലാണ് മോഹനൻ. സഹോദരനായ ആലപ്പി സുരേഷ് സംഗീതരംഗത്ത് സജീവമാണ്. ഭാര്യ: അമ്മിണിഅമ്മ. മകൾ: ശ്രീലക്ഷ്മി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.