Web Desk

പെരുവ

October 20, 2020, 2:00 pm

പറയും നാഴിയും വഴിയൊഴിഞ്ഞു, കുലത്തൊഴില്‍ കൈവിടാതെ മോഹനന്‍

Janayugom Online

നാഴിയും ഇടങ്ങഴിയുമൊക്കെ ഗ്രാമിനും കിലോക്കണക്കിനുമൊക്കെ വഴിമാറിയെങ്കിലും കുലത്തൊഴില്‍ വിടാതെ മോഹനന്‍. കേരളത്തിലെ അതിപുരാതനമായ അളവുതൂക്കങ്ങളാണ് നാഴി, ഇടങ്ങഴി, പറ, തൂണി എന്നിവ. 1962- ഏപ്രിൽ1 ന് അളവുതൂക്കങ്ങൾക്ക് പുതിയ മാനദണ്ഡങ്ങൾ വന്നതോടെ നമ്മുടെ സ്വന്തം അളവുതൂക്കങ്ങൾ അപ്രത്യഷമായി. ഇതിൻ പ്രകാരം ആദ്യം അടി, റാത്തൽ, നാഴി എന്നിവ നീളം, തൂക്കം, വ്യാപ്തം ആകുകയും പിന്നീട് മീറ്റർ, കിലോഗ്രാം, ലിറ്റർ എന്ന കണക്കിനു ഇപ്പോൾ ഉപയോഗിച്ചുപോരുന്നു. എന്നാല്‍ കാരിക്കോട് അരീക്കരയില്‍ മോഹനനും കുടുംബവും ഇപ്പോഴും കുലത്തൊഴില്‍ നിര്‍ത്തിയില്ല. കാരിക്കോട് അരീക്കര കൃഷ്ണൻ്റേയും അമ്മുവിൻ്റെയും മകൻ മോഹനൻ പാരമ്പര്യമായി തടിയിൽ കൊത്തുപണികൾ ചെയ്തു പോരുന്ന വിദഗ്ധതൊഴിലാളിയാണ്. അതിൽ പഴയ അളവുതൂക്കങ്ങളായ നാഴി, ഇടങ്ങഴി, പറ തുടങ്ങിയവ നിര്‍മ്മിച്ച് നല്‍കിയാണ് ഉപജീവനം നടത്തുന്നത്.

നാഴിയും ഇടങ്ങഴിയുമൊക്കെ അപ്രത്യക്ഷമായി തുടങ്ങിയപ്പോഴും നെല്‍പ്പാടങ്ങളില്‍ പറയും തൂണിയും സജീവമായിരുന്നു. എന്നാല്‍ ഇവിടെയും തൂക്കം ക്വിന്റലിന് വഴിമാറിയതോടെ പാടങ്ങളിലും പറകള്‍ അപ്രത്യക്ഷമായി. എങ്കിലും സമ്മാനങ്ങള്‍ നല്‍കാനുള്ള ചെറിയ പറയ്ക്ക് ആവശ്യക്കാരെത്തുന്നുണ്ടെന്ന് മോഹനന്‍ പറയുന്നു.

പ്ലാവ്, മഹാഗണി, തെങ്ങ് തുടങ്ങിയ തടികളിലാണ് ഇവ നിര്‍മ്മിക്കുന്നത്. കൂടാതെ വാദ്യോപകരണമായ മൃദംഗത്തിൻ്റെ കുറ്റിയും ഇതോടൊപ്പം നിർമ്മിച്ചു കൊടുക്കുന്നുണ്ട്. കഴിഞ്ഞ 30 വർഷമായി മോഹനൻ തൻ്റെ കൈകളിൽ കൊത്തുപണി ചെയ്തെടുക്കുന്ന പുരാതന അളവു പാത്രങ്ങളായ നാഴിയും, ഇടങ്ങഴിയും, പറയും തൃശൂർ, ഗുരുവായൂർ, ഏറ്റുമാനൂർ, എറണാകുളം, പരുമല, കണ്ണൂർ, കോഴിക്കോട്, പത്തനംത്തിട്ട തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ച് നല്‍കിയാണ വില്‍പ്പന. പൊതു സമൂഹത്തിൽ നിന്ന് അപ്രത്യഷമായി കൊണ്ടിരിക്കുന്ന പഴയ കാല അളവുതൂക്കങ്ങൾ പുതിയ തലമുറക്ക് ഓർമ്മപ്പെടുത്തുവാനും, അറിയുവാനും, പഠിക്കുവാനും ഇതിലൂടെ സാധിക്കുമെന്ന് മോഹനന്‍ പറയുന്നു. തൊഴിൽ വലിയ ലാഭം കിട്ടുന്നില്ലെങ്കിലും കലയോടുള്ള താൽപര്യത്തിൽ ഇന്നും നിര്‍മ്മാണം തുടർന്നു പോരുന്നുവെന്നാണ് മോഹനന്‍ പറയുന്നത് . ഭാര്യ ഓമന കളമ്പൂർ സ്വദേശിനിയാണ്. മക്കൾ ആര്യ (വിവാഹിത) അനന്ദു. അഞ്ച് സെന്റ് സ്ഥലത്തെ ചെറിയ വീട്ടിലാണ് മോഹനന്‍ ഇവയത്രയും നിര്‍മ്മിക്കുന്നത്.

ENGLISH SUMMARY:Mohanan did not give up his job
You may also like this video