Web Desk

തിരുവനന്തപുരം

June 13, 2020, 8:20 pm

50 പവനും 62,000 രൂപയുമായി മോഹനൻ മറഞ്ഞത് എങ്ങോട്ട്? 35 ദിവസമായിട്ടും കാണാമറയത്ത്

Janayugom Online

തിരുവനന്തപുരത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്റെ തിരോധാനത്തിൽ ആശങ്ക തുടരുന്നു.തിരുവനന്തപുരം പേരൂർക്കട- നെടുമങ്ങാട് റോഡിൽ നിന്നാണ് കെ മോഹനൻ എന്ന വ്യക്തിയെ കാണാതായത്. കാണാതാകുന്ന സമയത്ത് മോഹനന്റെ കൈയിൽ 50 പവൻ സ്വർണ്ണവും 62000 രൂപയുമുണ്ടായിരുന്നു. മോഹനനെ കാണാതായിട്ട് 35 ദിവസം പിന്നീടുന്നു. ഇതുവരെയും എവിടേക്കാണ് മോഹനൻ പോയതെന്ന് ഒരു വിവരവും ലഭിച്ചിട്ടില്ല.

മെയ് എട്ടാം തിയതിയാണ് ഇദ്ദേഹത്തെ കാണാതാകുന്നത്. സഞ്ചരിച്ചിരുന്ന സ്കൂട്ടറും കണ്ടെത്താനായിട്ടില്ല. ഭാര്യാസഹോദരന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനത്തിന്റെ പറന്തോട് ശാഖയുടെ മേല്‍നോട്ടക്കാരനായിരുന്നു മോഹനൻ. കഴിഞ്ഞ 13 വർഷമായി സ്ഥാപനത്തിൽ നിന്ന് ബാങ്കിലേക്ക് പണവും സ്വർണ്ണവും കൊണ്ട് പോകുന്നതും എടുക്കുന്നതും മോഹനൻ തന്നെയാണ്. കാണാതാകുന്ന ദിവസവും പതിവ് പോലെ മോഹനൻ തന്നെയാണ് ഇത് ചെയ്തത്.

കരകുളം പഞ്ചായത്ത് ഓഫീസിന് എതിർവശത്തെ കടയുടെ സിസിടിവി ദൃശ്യങ്ങളിൽ വരെ മോഹനന്റെ സ്കൂട്ടർ യാത്ര വ്യക്തമാണ്. പിന്നാലെ ഉണ്ടായിരുന്ന ഓട്ടോക്കാരനും അതുവരെ അദ്ദേഹത്തെ കണ്ടു. പിന്നീട് ഒരു വിവരവും ഇല്ല. മോഹനന് ശത്രുക്കളോ സാമ്പത്തിക ബാധ്യതയോ ഇല്ലയെന്ന് ബന്ധുക്കൾ പറയുന്നു.

ലോക് ഡൗൺ സമയത്ത് ബാങ്കിലേക്ക് കൊണ്ട് പോകുന്ന സ്വർണ്ണം കുറവായിരുന്നു. ഇതിനു മുൻപ് ഇതിനെക്കാൾ കൂടുതൽ അളവിൽ സ്വർണ്ണം കൊണ്ട് പോയിരുന്നതെയി ബന്ധുക്കൾ പറയുന്നു. ലോക് ഡൗൺ സമയമായതിനാൽ തട്ടിക്കൊണ്ടു പോകാനുള്ള സാധ്യത കുറവാണെന്ന നിഗമനത്തിലാണ് പൊലീസ്. മോഹനന്റെ മൊബൈൽ അവസാനമായി പ്രവർത്തിച്ചത് കരകുളത്തു വെച്ചാണ്. നാട്ടിൽ നിന്ന് മാറി നിൽക്കേണ്ട സാഹചര്യമൊന്നും അന്വേഷത്തിൽ കണ്ടെത്താനായിട്ടില്ല.

ആരെങ്കിലും അപായപ്പെടുത്തിയെങ്കിൽ അതിന്റെ സൂചനകളും ലഭിക്കേണ്ട സമയം കഴിഞ്ഞു. മൊബൈൽ രേഖകളോ സൈബർ തെളിവുകളോ ലഭിക്കാത്തതാണ് പോലീസിന് കുഴക്കുന്നത്.

ENGLISH SUMMARY: mohanan miss­ing case in trivandrum

YOU MAY ALSO LIKE THIS VIDEO