കൊറോണ രോഗത്തിന് ഫലപ്രദ ചികിത്സയുണ്ടെന്നവകാശപ്പെട്ട് രോഗികളെ ചികിത്സിച്ച കേസിൽ മോഹനൻ വൈദ്യർ അറസ്റ്റിൽ. ആലപ്പുഴ തണ്ണീർമുക്കം മതിലകം സ്വദേശിയായ മോഹനൻ വൈദ്യരെ പീച്ചി പൊലീസാണ് അറസ്റ്റ് ചെയ്തത്. തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസറുടെ കീഴിലുള്ള കൊറോണ കൺട്രോൾ സെല്ലിലേക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പീച്ചി പോലീസും, ആയുർവേദ, അലോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് വൈദ്യർ പിടിയിലായത്.
പീച്ചി പോലീസ് സ്റ്റേഷൻ പരിധിയിൽ ചാണോത്ത്, രായിരത്ത് ഹെറിട്ടേജ് ഗാർഡൻ റിസോർട്ടിൽ പരബ്രഹ്മ ആയുർവേദിക് റിസർച്ച് സെന്റർ എന്ന സ്ഥാപനത്തിലാണ് ഇയാൾ രഹസ്യമായി ചികിത്സ നടത്തിയിരുന്നത്. ചികിത്സ നടത്തുവാനായി മോഹനൻ വൈദ്യർ എത്തിയിട്ടുണ്ടെന്നും മരുന്നുകൾ നൽകുന്നുവെന്നുമുള്ള വിവരം ലഭിച്ചതിനെതുടർന്ന് പോലീസുദ്യോഗസ്ഥരും ഡിഎംഒ ഡോ. കെ ജെ റീന അടക്കമുള്ള ഡോക്ടർമാരുടെ സംഘവും പരിശോധനയ്ക്ക് എത്തിയപ്പോൾ നിരവധിപേർ ചികിത്സക്കായി എത്തിയിരുന്നു. എന്നാൽ താൻ ആരേയും ചികിത്സിക്കുകയോ മരുന്നുകൾ കുറിച്ചു നൽകുകയോ ചെയ്യുന്നില്ലെന്നാണ് മോഹനൻ വൈദ്യർ പറഞ്ഞത്.
തുടർന്ന് ചികിത്സക്കെത്തിയ ആളുകളോട് അന്വേഷിച്ചപ്പോൾ മോഹനൻ വൈദ്യരാണ് തങ്ങളെ ചികിത്സിക്കുന്നതെന്ന് പറയുകയായിരുന്നു. അനുമതി പത്രങ്ങളോ, നിയമപ്രകാരമുള്ള ലൈസൻസോ ഇല്ലാതെ മരുന്നുകൾ കുറിച്ചുകൊടുക്കുകയും വിതരണം ചെയ്യുകയും കാൻസർ രോഗമടക്കമുള്ള മാരകരോഗങ്ങൾക്കുവരെ ചികിത്സ നിർണയിക്കുകയുമാണ് ചെയ്തിരുന്നത്. സ്ഥാപനത്തിൽ രണ്ട് വനിതാ ആയുർവേദ ഡോക്ടർമാരെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവരുടെ മറവിൽ മോഹനൻ വൈദ്യർ നേരിട്ടുതന്നെയാണ് ചികിത്സ നടത്തുന്നത്.
പരിശോധന സംഘം ഫാർമസിയിൽ നടത്തിയ പരിശോധനയിൽ മരുന്നുകൾക്ക് കൃത്യമായ ലേബലോ, ഉള്ളടക്കമോ രേഖപ്പെടുത്തിയിട്ടില്ലെന്നും മരുന്ന് വിതരണം ചെയ്യുന്നതിന് യോഗ്യതയുള്ള ഫാർമസിസ്റ്റിന്റെ സേവനം ഇല്ലെന്നും തെളിഞ്ഞു. തുടർന്ന് ഡിഎംഒ ഡോ. കെ ജി റീനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പീച്ചി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.