വാശി തീര്‍ക്കാന്‍ ദേശ സ്‌നേഹവുമായി മോഹന്‍ഭഗവത്‌

Web Desk
Posted on January 26, 2018, 10:47 am

പാലക്കാട്: പാടുപെട്ട് ദേശ സ്‌നേഹം കാട്ടാന്‍ ആര്‍എസ്എസ്,
റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ സ്ഥാപന മേധാവികള്‍ മാത്രമേ പതാക ഉയര്‍ത്താന്‍ പാടുള്ളൂവെന്ന പൊതുഭരണ സെക്രട്ടറിയുടെ സര്‍ക്കുലര്‍ അട്ടിമറിച്ച്
പാലക്കാട് സ്കൂളില്‍ ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തി. കല്ലേക്കാട് വ്യാസവിദ്യാപീഠം സ്കൂളിലാണ് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തി വാശിതീര്‍ത്തത്‌
രാവിലെ 9 മണിയോടെയാണ് കനത്ത സുരക്ഷയില്‍ മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്ഥാപനമേധാവികളാണ് പതാക ഉയര്‍ത്തേണ്ടതെന്ന് നിര്‍ദ്ദേശിച്ച്‌ പൊതുഭരണ സെക്രട്ടറി കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ ഇറക്കിയിരുന്നു. അതേസമയം വ്യാസവിദ്യാപീഠം സ്കൂള്‍ സിബിഎസ്‌ഇ സ്കൂള്‍ ആയതിനാല്‍ സംസ്ഥാന നിര്‍ദ്ദേശം ബാധകമല്ലെന്നാണ് ആര്‍എസ്‌എസ് ന്യായീകരണം.

റിപ്പബ്ലിക് ദിനത്തിലെ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ മോഹന്‍ ഭാഗവതിനൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ആര്‍എസ്‌എസ് സംസ്ഥാന നേതാക്കള്‍, ബിജെപി സംഘടനാ സെക്രട്ടറിമാര്‍ തുടങ്ങി നിരവധി സംഘടനാ നേതാക്കളും പങ്കെടുത്തു.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്കൂളുകളിലുമെല്ലാം റിപബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്. സര്‍ക്കാര്‍,എയ്ഡഡ് സ്കൂളുകളില്‍ സ്കൂള്‍ മേധാവികള്‍ മാത്രമേ പതാക ഉയര്‍ത്താന്‍ പാടുള്ളു. പതാക ഉയര്‍ത്തുന്ന സമയത്ത് നിര്‍ബന്ധമായും ദേശീയഗാനാലാപനം ഉണ്ടായിരിക്കണമെന്നും സര്‍ക്കുലറിലുണ്ട്.

കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട് കര്‍ണകി അമ്മന്‍ സ്കൂളില്‍ ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത് വിവാദമായിരുന്നു. അന്ന് ദേശീയഗാനമല്ല വന്ദേമാതരമായിരുന്നു അവിടെ ആലപിച്ചത്.