March 30, 2023 Thursday

Related news

February 26, 2023
January 30, 2023
January 30, 2023
January 30, 2023
January 30, 2023
January 28, 2023
November 30, 2022
October 15, 2022
August 24, 2022
August 17, 2022

മോഹൻദാസ് എന്ന കർമ്മചന്ദ്രൻ

അജിത് കൊളാടി
വാക്ക്
January 28, 2023 4:45 am

മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ ഏറ്റവും മികച്ച രചനകളിലൊന്ന് “തെക്കെ ആഫ്രിക്കയിലെ സത്യഗ്രഹം“എന്ന പുസ്തകമാണ്. സമരജീവിതത്തെയും ആ ജീവിതം ഉഴുതുമറിച്ച ഒരു സമൂഹത്തെയും അറിയണമെങ്കിൽ ആ പുസ്തകം വായിച്ചാൽ മതി. ജോൺ റസ്കിൻ എഴുതിയ ‘അൺ ടു ദ ലാസ്റ്റ് ’ ദക്ഷിണാഫ്രിക്കയിൽ വച്ചാണ് ഗാന്ധി വായിച്ചത്. അദ്ദേഹത്തെ അഗാധമായി ആ പുസ്തകം സ്വാധീനിച്ചു. ഗാന്ധിയിലെ ക്രിസ്തുജീവിതത്തിന്റെ സ്വാധീനം കണ്ട് ദക്ഷിണാഫ്രിക്കയിലെ പല പാതിരിമാരും അദ്ദേഹത്തെ മതപരിവർത്തനത്തിനു വേണ്ടി ശ്രമിച്ചിരുന്നു. സുഹൃത്തായ ബേക്കർ, മോഹൻദാസിനെ മതം മാറ്റാൻ ശ്രമിക്കുന്ന ഭാഗങ്ങളിലൊരിടത്ത് പറയുന്നു-“നിങ്ങളിൽ ഒരു ക്രിസ്തുവുണ്ട്. എന്റെ ഒരേയൊരു വിഷമം നിങ്ങളെ എന്റെ വിശ്വാസത്തിലേക്കു മാറ്റാൻ കഴിയാത്തതാണ്. എന്നാൽ ഞാൻ ആശ കൈവെടിയില്ല”. ഗാന്ധി മറുപടി പറഞ്ഞു-” എല്ലാ മതങ്ങളും ഒരു പോലെ. നിറം മാറുന്നുവെന്നേയുള്ളു. നിങ്ങൾ തന്നെയല്ലെ പറഞ്ഞത് എന്നിൽ ഒരു ക്രിസ്തുവുണ്ടെന്ന്. ഉള്ളിൽ ക്രിസ്തുവിനെ കൊണ്ടുനടക്കുന്നവർക്ക് കുരിശേറാതെ നിവൃത്തിയില്ല. ചിലപ്പോൾ കുരിശ് അയാൾ സ്വയം പണിയും. മറ്റു ചിലപ്പോൾ അയാൾക്കു വേണ്ടി മറ്റുള്ളവർ പണിയും”.
ദക്ഷിണാഫ്രിക്കയിൽ ഗാന്ധി അധികം സമയം ചെലവഴിച്ചത് ഇസ്ലാം വിശ്വാസികളോടൊപ്പമാണ്. ദാദാ അബ്ദുള്ളയുമായുള്ള ബന്ധമാണ് വിശുദ്ധ ഖുർആനിലേക്ക് അടുപ്പിച്ചത്. ഖുർആൻ വായിക്കുന്നത് അദ്ദേഹം പതിവാക്കി. പിൽക്കാലത്ത് ഇന്ത്യൻ സ്വാതന്ത്ര്യത്തിനു ശേഷം വർഗീയകലാപങ്ങൾ ഉണ്ടായപ്പോൾ, ഒരു പ്രാർത്ഥനാവേളയിൽ ഗാന്ധിജി ഖുർആൻ വായിച്ചു. കോപം കൊണ്ട് ജ്വലിച്ച ചില സ്ത്രീകൾ ഗാന്ധിജിയോട് ഗർജിച്ചു. “ഖുർ ആൻ വായിക്കണമെങ്കിൽ ഏതെങ്കിലും കാട്ടിൽ പോയി ഒറ്റയ്ക്കു ചെയ്തു കൊള്ളണം”. ചിരിച്ച് ഗാന്ധിജി മറുപടി പറഞ്ഞു, “ഖുർആൻ വായിക്കണമെങ്കിൽ ഏതെങ്കിലും വനാന്തരത്തിൽ ഒറ്റയ്ക്കു താമസിക്കണമെന്ന നിബന്ധന വന്നാൽ ഞാൻ അത് സന്തോഷപൂർവം സ്വീകരിക്കും”.


ഇതുകൂടി വായിക്കൂ: ഹിന്ദുത്വത്തിനെതിരെ ഗാന്ധിജിയുടെ വിജയം


ഡോക്ടർ സർവേപ്പിള്ളി രാധാകൃഷ്ണൻ തന്റെ ഉപനിഷദ് വ്യാഖ്യാനത്തിൽ ഗാന്ധിജി കേരളത്തിൽ നടത്തിയ ഒരു പ്രസംഗത്തെ കുറിച്ച് പറയുന്നുണ്ട്. “അഭയം ജീവിക്കുക” എന്നാണ് ആ പ്രസംഗത്തിന്റെ സാരം. ഈശാവാസ്യോപനിഷത്താണ് അവിടെ പറഞ്ഞത്. അഭയം എന്നർത്ഥമാക്കുന്നത് ഭയം പാടില്ല എന്നതാണ്. ഭയം ഗാന്ധിജിയെ തൊട്ടു തീണ്ടിയിട്ടില്ല. നവഖാലിയിൽ ആയുധമേന്തിയവരുടെ ഇടയിലൂടെ നടക്കുമ്പോഴും സെക്യൂരിറ്റി ഇല്ല. വെടിയുണ്ട വന്നാലും താൻ ഒരു പൂ കൊണ്ടുപോലും അത് തടയില്ല എന്ന നിശ്ചയദാർഢ്യത്തിന്റെ പ്രതിരൂപമാണ് ഗാന്ധിയുടെ വിരിമാറ്. ഇന്ന് ആത്മവിശ്വാസം ഇല്ലാത്തവര്‍ വെടിയുണ്ടയെ തടയാനുള്ള കവചം അണിഞ്ഞ് നെഞ്ചിന്റെ വീതിയെ കുറിച്ച് പറയുന്നു, നൂറുകണക്കിന് സെക്യൂരിറ്റി ഭടന്മാരുടെ അകമ്പടിയോടെ വാഹനവ്യൂഹങ്ങളില്‍ സഞ്ചരിക്കുന്നു. ഗാന്ധി മരിച്ചപ്പോൾ ജനം കരഞ്ഞു. അപ്പോൾ സരോജിനി നായിഡു പറഞ്ഞു- “ഗാന്ധിജി വെടി കൊണ്ടല്ലെ മരിക്കേണ്ടത്, പനി വന്നിട്ടല്ലല്ലോ.” ലോകത്തിലെ ഏറ്റവും മഹാനായ വ്യക്തിക്ക് മരിക്കുവാനായി പ്രകൃതി കൊടുത്ത ഏറ്റവും കലാസുന്ദരമായ മരണകാരണമായിരുന്നു ആ വെടിയുണ്ട. ദണ്ഡിയാത്രയിലും ‘എനിക്കു യാതൊന്നും മറയ്ക്കുവാനില്ല’ എന്നു പ്രഖ്യാപിക്കുന്ന രീതിയിൽ നടന്നു. ഇന്ന് ഭരണകർത്താക്കൾക്ക് എല്ലാം മറയ്ക്കുവാനേ ഉള്ളു. ഉപ്പുസത്യഗ്രഹം അത്ഭുതകരവും ഭയജനകവും യാതനാമയവും അമർഷപൂർണവുമായിരുന്നു. അവിടെ ഒരു വികാരമേ ഉള്ളു; പരമമായ ധർമ്മവീര്യം. പട്ടാഭി സീതാരാമയ്യ അതേപ്പറ്റി പറഞ്ഞത്- “ലോകം മുഴുവൻ സന്നിധാനം ചെയ്ത ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പ്രഥമ യാഗം” എന്നാണ്. ഗാന്ധിജി മരിക്കുന്നത് അനീതിയും അധർമ്മവും അഴിമതിയും സ്വജനപക്ഷപാതവും നിലനിൽക്കുന്നതുകൊണ്ടാണ്. നമ്മുടെ സംസ്കാരത്തിന്റെ മരണം കൂടിയാണത്.
ബ്രിട്ടീഷ് രാജാവിന്റെയും രാജ്ഞിയുടെയും ദർബാർ ഹാൾ. അവിടെ ആഡംബരത്തിന്റെ പ്രതീകങ്ങളായി പലരും ഇരിക്കുന്നു, വിവിധ തലപ്പാവുകൾ ധരിച്ചവർ. ഗാന്ധി അവരെ നോക്കി പറഞ്ഞു “ഇതൊരു കൃത്രിമ ഭാരതമാണ്. കിന്നരിത്തലപ്പാവും മറ്റും വച്ചിരിക്കുന്ന ഈ സമൂഹം കപടസംഘമാണ്. യഥാർത്ഥ ഭാരതം അപ്പുറത്ത് കിടക്കുന്നു. കുനിഞ്ഞ തലകളുള്ള കോടിക്കണക്കിനു മനുഷ്യരുടെ രാഷ്ട്രത്തെയാണ് ഞാൻ കാണുന്നത്. അതാണ് യഥാർത്ഥ ഭാരതം. ഈ കിന്നരിത്തലപ്പാവുകളെ അഴിച്ചിട്ട് യഥാർത്ഥ ഭാരതത്തെ കാണുമ്പോഴല്ലാതെ ഇവിടെ ഞാൻ വിചാരിക്കുന്ന തരത്തിലുള്ള ദർബാർ നടക്കില്ല”. അതാണ് ഗാന്ധിജി. പറയേണ്ട സമയത്തു അധികാരത്തിന്റെ മുഖത്തു നോക്കി പറയും. ജോർജ് ഓർവെൽ ഗാന്ധിയെ കുറിച്ചു പറയും-“സമകാലികരായ രാഷ്ട്രീയ നേതാക്കളുമായി താരതമ്യം ചെയ്യുമ്പോൾ എന്തു സുഗന്ധമാണ് അദ്ദേഹം പടർത്തിയത്.” അദ്ദേഹത്തിനെ വലയം ചെയ്ത മണം രാഷ്ട്രീയ ജീവിതത്തിന്റെയും വ്യക്തിജീവിതത്തിന്റെയും സുതാര്യതയായിരുന്നു.


ഇതുകൂടി വായിക്കൂ: ഗാന്ധിജിയെ വീണ്ടും വീണ്ടും വധിക്കുന്നു; ഗോഡ്സെ വാഴ്ത്തപ്പെട്ടവനാകുന്നു


ടൈം മാഗസിൻ ഇരുപതാം നൂറ്റാണ്ടിന്റെ മഹാപ്രതിഭയെ കണ്ടെത്താൻ ഒരു തെരഞ്ഞെടുപ്പ് നടത്തി. എൽവിസ് പ്രീസ് ലിയുടെ പേര് ഉയർന്നു വന്നു. ചില ജൂറി അംഗങ്ങൾ ആൽബർട്ട് ഐൻസ്റ്റിന്റെ പേര് ഉയർത്തിക്കാട്ടി. രണ്ടാമത് ഗാന്ധിയുടെയും. കാരണം വ്യക്തം, ആഗോള മാസികകൾ പോലും ദേശീയതാവാദത്തിൽ നിന്ന് മുക്തമല്ല. എന്നാല്‍ ഐൻസ്റ്റിൻ എന്ന മഹാനായ ശാസ്ത്രജ്ഞന്റെ അഭിപ്രായത്തിൽ മഹാത്മാഗാന്ധിയാണ് ലോകത്തിലെ ധാർമ്മികതയുടെ പ്രതീകം. അദ്ദേഹം അത് രേഖപ്പെടുത്തിയിട്ടുമുണ്ട്. പ്രിൻസ് ടൗണിലെ അദ്ദേഹത്തിന്റെ ഓഫിസിൽ ഐസക് ന്യൂട്ടന്റെയും ക്ലർക്ക് മാക്സ്‍വെല്ലിന്റെയും ഫാരദെയുടെയും ചിത്രങ്ങളോടൊപ്പം മഹാത്മജിയുടെ ചിത്രവുമുണ്ടായിരുന്നു. 1954 ൽ അതേപ്പറ്റി ഐൻസ്റ്റിന്‍ പറഞ്ഞു- “മഹാത്മാവ് ഈ യുഗം കണ്ട ഏറ്റവും മഹാനായ മനുഷ്യൻ” എന്ന്.
ഗാന്ധി പറയുന്നുണ്ട് “എന്റെ സങ്കല്പത്തിലുള്ള ഹിന്ദു മതത്തിന്റെ പരിരക്ഷയ്ക്കു വേണ്ടി മരിക്കാനുള്ള സൗഭാഗ്യം എനിക്കുണ്ടായാൽ, സർവത്തിന്റെയും ഐക്യത്തിനും സ്വരാജിനും വേണ്ടിയാണ് ഞാൻ മരിച്ചതെന്ന് ബോധ്യപ്പെടാവുന്നതാണ്. അവസാനമായി ഞാൻ പലപ്പോഴും വ്യക്തമാക്കിയ ഒരു കാര്യം ആവർത്തിക്കട്ടെ. ഹരിജനങ്ങൾ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ എന്നത് അപ്രസക്തമായ കാര്യമാണ്. അയിത്തോച്ചാടനമെന്നത് ഹരിജന പരിരക്ഷ മാത്രമല്ല. അത് സവർണ ഹിന്ദുക്കൾ അനുഷ്ഠിക്കേണ്ട പ്രായശ്ചിത്തവും ആത്മശുദ്ധീകരണ യജ്ഞവുമാണ്. അവർ ചെയ്യേണ്ട പ്രായശ്ചിത്തങ്ങളിലൊന്നാണ് ഹൈന്ദവ ക്ഷേത്രങ്ങൾ ഹരിജനങ്ങൾക്കായി തുറന്നു കൊടുത്തുകൊണ്ട് അവരെ ക്ഷണിക്കുക എന്നാണ്”. ഗാന്ധി ആർഎസ്എസിനെ വിശ്വസിച്ചിരുന്നില്ല. ഓർഗനൈസർ പത്രം ബംഗാളിൽ മതസൗഹാർദത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഗാന്ധിയെ നിശിതമായി വിമർശിച്ചു. വിസ്തൃതമായ അർത്ഥശൃംഖലകളുള്ള, മതവിശ്വാസ അതിർത്തികളെ ഉല്ലംഘിക്കുന്ന സ്നേഹം, അഹിംസ, സഹിഷ്ണുത തുടങ്ങിയ ആശയങ്ങളായിരുന്നു ഗാന്ധിയുടെ ധാർമ്മിക ചിന്തയുടെ അടിസ്ഥാന ശിലകൾ. അത് മതമൗലികവാദികൾക്ക് ഒരു കാലത്തും മനസിലാവില്ല. ജവഹർലാർനെഹ്രു ഗാന്ധിജിയുടെ വരവ് വർണിക്കും-”അദ്ദേഹം വന്നു, ഒരു മന്ദാനിലനെ പോലെ”. ടാഗോർ പറയും “അദ്ദേഹം വന്നു ഏതോ ഒരു പ്രഭുവിനെ പോലെ”.


ഇതുകൂടി വായിക്കൂ: ഗാന്ധിജിയെ സ്മരിക്കാം; ഇന്ത്യയെ രക്ഷിക്കാം


ജനാധിപത്യം എന്നത് ഒരു രാഷ്ട്രീയ പദവിയും നൈതിക ആശയവും സാമൂഹ്യ പരിസ്ഥിതിയും ദൈനംദിന ജീവിതവുമാകുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ മാത്രമല്ല ജനാധിപത്യം; മൂല്യാധിഷ്ഠിതമായ ഒരു ജീവിത പരിതോവസ്ഥയാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, മൗലികാവകാശങ്ങൾ, സാമൂഹിക നീതി, നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്രാവസ്ഥ, മതേതരത്വം തുടങ്ങിയവയാണ് ആ മൂല്യങ്ങൾ. മഹാത്മാവ് പിറന്ന നാട്ടിൽ ഇന്ന് ജനാധിപത്യം മൂലധനശക്തികളുടെയും മതമൗലികവാദികളുടെയും അടിമയായി. ജനാധിപത്യം തകിടം മറിക്കാൻ ഫാസിസ്റ്റുകൾ മനുഷ്യനെ ഭയപ്പെടുത്തുന്നു. അസഹിഷ്ണുത വർധിപ്പിക്കുന്നു. ജനാധിപത്യം നിലനിർത്താൻ, മനുഷ്യന്റെ അന്തസ് നിലനിർത്താനുള്ള വഴിയാണ് ഗാന്ധി നിരന്തരം പറഞ്ഞത്. അദ്ദേഹം ആത്യന്തികമായി സ്ഥാപിക്കാൻ ശ്രമിച്ചത് ജനങ്ങളുടെ പരമാധികാരമാണ്. ഭരണകൂടത്തിന്റെ പരമാധികാരമെന്നത് ഗാന്ധിയുടെ രാഷ്ട്രീയ ചിന്താപദ്ധതിയിൽ ഒരിക്കലും ഇടം പിടിക്കാത്ത സംഗതിയായിരുന്നു.
കർമ്മചന്ദ്രനാണ് മഹാത്മാവ്. ഹിന്ദുത്വവാദികൾ നിരന്തരം വധിക്കുമ്പോഴും അദ്ദേഹം കൂടുതൽ പ്രസക്തനാകുന്നു. സംഘ് പരിവാർ ആശയങ്ങൾക്കെതിരെ നിതാന്ത പോരാട്ടമാണ് കാലം എന്നും ആവശ്യപ്പെടുന്നത്. ജനഹൃദയങ്ങളിലും ചരിത്രത്തിലും വിഗ്രഹങ്ങൾ ഉയർന്നു കൊണ്ടിരിക്കും. അവ തകരുകയും ചെയ്യും. ഗാന്ധി ഒരു വിഗ്രഹമല്ല. ഗാന്ധി ദൈവമായിട്ടുമില്ല. ഗാന്ധിജിക്ക് ജീവനുണ്ട്. അദ്ദേഹം അഭംഗുരം പ്രവഹിക്കുന്ന സ്നേഹമാണ്, സാഹോദര്യമാണ്; കർമ്മം കൊണ്ട് ചന്ദ്രശോഭയെ നിഷ്പ്രഭമാക്കിയ സൂര്യശോഭ പടർത്തിയ മഹാത്മാവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.