Friday
20 Sep 2019

ആനക്കൊമ്പ് കേസ്: മോഹന്‍ലാലിനു വേണ്ടി ചീഫ് ജസ്റ്റിസിന്റെ മകള്‍ ഹൈക്കോടതിയില്‍

By: Web Desk | Monday 20 May 2019 10:04 PM IST


കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കേസില്‍ നടന്‍ മോഹന്‍ലാലിനു വേണ്ടി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ മകള്‍ രശ്മി ഗൊഗോയ് ഹൈക്കോടതിയില്‍ ഹാജരായി. ആനക്കൊമ്പിന്റെ കൈവശാവകാശം സംബന്ധിച്ച് നല്‍കിയ ഹര്‍ജിയിലാണ് മോഹന്‍ലാലിന് വേണ്ടി രശ്മി ഗൊഗോയ് ഹാജരായത്. കേസില്‍ മോഹന്‍ലാലിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു. ആനക്കൊമ്പ് സൂക്ഷിക്കാന്‍ മോഹന്‍ലാലിന് മുന്‍കൂര്‍ അനുമതി ഉണ്ടായിരുന്നില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചിരുന്നു. മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ അനുമതി നല്‍കിയതിനെതിരെ ആലുവ സ്വദേശി എ എ പൗലോസ് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. ആനക്കൊമ്പ് കൈവശം വയ്ക്കാനുള്ള അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. അനധികൃതമായി ആനക്കൊമ്പ് കൈവശം വെയ്ക്കുന്നത് 3 വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

നേരത്തേ കേസില്‍ മോഹന്‍ലാലിനും മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അഴിമതി നിരോധന നിയമം ലംഘിച്ചെന്ന് കാണിച്ചാണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ ഇതിനെ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. ത്വരിതാന്വേഷണത്തിന് ഉത്തരവിട്ട മൂവാറ്റുപുഴ കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. 2012 ജൂണിലാണ് ആനക്കൊമ്പ് കേസിന്റെ തുടക്കം. മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്.

ആനക്കൊമ്പുകള്‍ 65,000 രൂപ കൊടുത്ത് വാങ്ങിയെന്നായിരുന്നു മോഹന്‍ലാലിന്റെ വിശദീകരണം. കെ കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നു പണം കൊടുത്തു വാങ്ങിയതാണെന്നും ലാല്‍ വ്യക്തമാക്കിയിരുന്നു. ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് സൂക്ഷിച്ചത് എന്നായിരുന്നു അന്വേഷണസംഘം കണ്ടെത്തിയത്.റെയ്ഡില്‍ ആനക്കൊമ്പുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കോടനാട് ഫോറസ്റ്റ് അധികൃതര്‍ കേസെടുത്തു. എന്നാല്‍ പിന്നീട് കേസ് റദ്ദാക്കി.കേസ് റദ്ദാക്കിയതിന് പിന്നാലെ നിലവിലെ നിയമം പരിഷ്‌കരിച്ച് മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് അനുമതി നല്‍കിയത്.

ആനക്കൊമ്പ് പിടിച്ചെടുക്കുമ്പോള്‍ കുറ്റകൃത്യം നടന്നിരുന്നില്ലേ എന്നും കുറ്റകൃത്യം കണ്ടെത്തിയ ശേഷം എങ്ങനെ നിയമ സാധുത നല്‍കാനാവുമെന്നും കോടതി ചോദിച്ചിരുന്നു. കൈവശം വച്ച നടപടി വനംവന്യജീവി നിയമത്തിലെ സെക്ഷന്‍ 31 ന്റെ ലംഘനമാണന്നും കോടതി വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാല്‍, സംസ്ഥാന സര്‍ക്കാര്‍,മുഖ്യവനപാലകന്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് പൗലോസ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത് മോഹന്‍ലാലിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പൗലോസ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്ന് മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വച്ചതിന് നിയമസാധുത നല്‍കിയെന്ന് സര്‍ക്കാര്‍ നിലപാടറിയിച്ചതിനെ തുടര്‍ന്ന് കോടതി കേസ് തീര്‍പ്പാക്കുകയായിരുന്നു.

YOU MAY ALSO LIKE THIS:

Related News