നടൻ മോഹൻലാലിന് ഇന്ന് അറുപത് വയസ്സ് തികയുന്നു: തിയേറ്ററിലെത്താതെ സ്വന്തം തൂലികയിൽ വിരിഞ്ഞ ഡോ: അപ്പു നായരും സ്വപ്നമാളികയും

കെ കെ ജയേഷ്

കോഴിക്കോട്

Posted on May 21, 2020, 5:00 am

നടൻ മോഹൻലാലിന് നാളെ അറുപത് വയസ്സു തികയുന്നു. നാലു പതിറ്റാണ്ടായി വെള്ളിത്തിരയിൽ നിറഞ്ഞ നടൻ മലയാളികളെ വിസ്മയിപ്പിച്ച നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നെങ്കിലും അദ്ദേഹത്തിന്റെ സ്വന്തം തൂലികയിൽ വിരിഞ്ഞ കഥാപാത്രം ഇതുവരെ തിയേറ്ററിലെത്തിയില്ല. 2008 ലാണ് കോഴിക്കോട് സ്വദേശിയായ സംവിധായകൻ കെ എ ദേവരാജ് മോഹൻലാലിനെ നായകനാക്കി ഒരു സിനിയെടുക്കാൻ ആലോചിക്കുന്നത്. പാവ, താഴ് വര തുടങ്ങി നിരവധി കുട്ടികളുടെ സിനിമകളെടുത്ത സംവിധായകൻ പുതിയ സിനിമയ്ക്ക് വേണ്ടി മോഹൻലാലിന്റെ കഥ തന്നെയായിരുന്നു തിരഞ്ഞെടുത്തത്. അങ്ങിനെ ഒരു ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലാൽ ആദ്യമായി എഴുതിയ തർപ്പണം എന്ന നോവലിനെ ആസ്പദമാക്കി എസ് സുരേഷ് ബാബു തിരക്കഥ രചിച്ചു. സ്വപ്നമാളിക എന്ന് പേരിട്ട സിനിമയിൽ ഡോ. അപ്പു നായർ എന്ന കഥാപാത്രമായിട്ടായിരുന്നു ലാൽ വേഷമിട്ടത്. ഇസ്രായേൽ നടിയായ എലീനയായിരുന്നു നായിക. രാധാ കാർമനെന്ന കഥാപാത്രമായിരുന്നു നടിയുടേത്. ഇന്നസെന്റ്, ബാബു നമ്പൂതിരി, മീരാ ജാസ്മിൻ, ഊർമ്മിള ഉണ്ണി തുടങ്ങിയവരെ മറ്റ് കഥാപാത്രങ്ങളായി നിശ്ചയിച്ചു. കാശിയും ചെർപ്പുളശ്ശേരി ഒളപ്പമണ്ണ മനയുമായിരുന്നു ചിത്രത്തിന്റെ ലൊക്കേഷനുകൾ.

രാധാ കാർമൻ എന്ന കഥാപാത്രത്തിന്റെ ഭർത്താവ് നന്ദൻ വിദേശത്തുവെച്ച് മരണപ്പെടുന്നു. അദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹപ്രകാരം ചിതാഭസ്മം കാശിയിൽ നിമഞ്ജനം ചെയ്യാനാണ് അവർ ഇന്ത്യയിലെത്തുന്നത്. ഇവിടെ വെച്ച് ഇവർ ഡോ. അപ്പുനായരെ പരിചയപ്പെടുന്നു. അച്ഛന്റെ ചിതാഭസ്മവുമായി എത്തിയതാണ് ഡോക്ടർ. ഒരേ കാര്യത്തിന് വേണ്ടി കാശിയിലെത്തുന്ന ഇരുവരും തമ്മിൽ പരിചയപ്പെടുന്നതും തുടർന്ന് ഇവർക്കിടയിലുണ്ടാവുന്ന ബന്ധവുമായിരുന്നു ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ കാശിയിൽ പൂർത്തിയായെങ്കിലും സാമ്പത്തിക പ്രയാസങ്ങൾ കാരണം അടുത്ത ഷെഡ്യൂൾ തുടങ്ങാൻ കഴിഞ്ഞില്ല. ഡോ. അപ്പുനായർക്കൊപ്പം രാധാ കാർമൻ കേരളത്തിലെത്തുന്നതായിരുന്നു തിരക്കഥയിൽ ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ലാലിന്റെ കഥാപാത്രത്തെ ഒഴിവാക്കി രാധാ കാർമൻ മാത്രം കേരളത്തിലെത്തുന്നതായി ചിത്രീകരിക്കുകയായിരുന്നു സംവിധായകൻ. ഊർമ്മിള ഉണ്ണി, ഇന്ദ്രൻസ്, ഷമ്മി തിലകൻ, സാജു കൊടിയൻ തുടങ്ങിയവരെ വെച്ച് ചിത്രം പിന്നീട് പൂർത്തിയാക്കി. മീരാ ജാസ്മിന് പകരം നടി വിദ്യ ആ കഥാപാത്രത്തെ അവതരിപ്പിച്ചു. തിരക്കഥയിൽ മാറ്റം വരുത്തി ലാലിന്റെ കഥാപാത്രത്തെ ഒഴിവാക്കിയതുകൊണ്ട് തന്നെ ചിത്രീകരണം പൂർത്തിയാക്കിയ സിനിമ ഇതുവരെ തിയേറ്ററുകളിലെത്തിക്കാൻ കഴിഞ്ഞില്ല. സംവിധായകനുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം ലാലും തിരക്കഥാകൃത്ത് എസ് സുരേഷ് ബാബുവും പിന്നീട് സിനിമയുമായി സഹകരിച്ചില്ല.

കാശിയിലെ രംഗങ്ങൾ വേണുവും കേരളത്തിലെ രംഗങ്ങൾ പിന്നീട് എം ജെ രാധാകൃഷ്ണനും ദയാളനമാണ് ചിത്രീകരിച്ചത്. എം ജി ശ്രീകുമാറായിരുന്നു സംഗീത സംവിധായകനെങ്കിലും പിന്നീട് ജയ് കിഷൻ എന്ന സംഗീത സംവിധായകനാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയത്. നൂറു കണക്കിന് കഥാപാത്രങ്ങളായി വേഷമിട്ടെങ്കിലും സ്വന്തം രചനയിൽ ഒരുക്കി വേഷമിട്ട ഡോ. അപ്പു നായർ എന്ന ലാൽ കഥാപാത്രം അങ്ങിനെ ഇപ്പോഴും പ്രേക്ഷകർക്ക് മുമ്പിലെത്താതെ നിൽക്കുകയാണ്.

YOU MAY ALSO LIKE THIS VIDEO