Janayugom Online
mohanlal-jana

‘അമ്മ’യില്‍ നടിക്കു നീതിയില്ല; മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കും

Web Desk
Posted on October 12, 2018, 10:47 am

പല്ലിശ്ശേരി

രു കുടത്തില്‍ ഒരു പൂമ്പാറ്റ ജീവിച്ചിരുന്നു. അതിന്റെ ലളിതജീവിത രീതിയും സൗന്ദര്യവും കണ്ണടച്ചു പറഞ്ഞിരുന്നവര്‍ ഒരു ദിവസം പൂമ്പാറ്റയെ കാണ്‍മാനില്ലെന്നറിഞ്ഞു. അതറിഞ്ഞ ദിവസം തന്നെ കുടം തുറന്നുനോക്കി. പെട്ടെന്ന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു ഭൂതം പുറത്തുചാടി. എല്ലാവരും നോക്കിനില്‍ക്കെ ഭൂതം ആകാശംമുട്ടെ വളര്‍ന്നു. മറ്റുള്ളവരെ ഭയപ്പെടുത്തി. ചിരിപ്പിച്ചു, സഹായിച്ച് തന്റെ ലോകം വിശാലമാക്കി. ‘സ്‌നേഹമുള്ള ഭൂതം’ എന്നു പേരുവിളിച്ച് കുറേപ്പേര്‍ അടുത്തുകൂടി.

ഭൂതം ശരിയല്ലെന്നും രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന ഒരു മനസ് ഭൂതത്തിനുണ്ടെന്നും മനസിലായപ്പോള്‍ ഒരുനാള്‍ തെളിവുകള്‍ നിരത്തി പിടികൂടി. രക്ഷപ്പെടാന്‍ കഴിയില്ലെന്നു തോന്നിയ ഭൂതം തനിക്ക് വേണ്ടപ്പെട്ട മറ്റ് ഭൂതങ്ങളെ വിവരമറിയിച്ചു. എന്നാല്‍ അവിടെ വന്ന ഭൂതങ്ങള്‍ക്കൊന്നും ഒറ്റയാന്‍ ഭൂതത്തെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.

ഈ ഒരു അവസ്ഥയാണ് ജനകീയനടന്‍ ദിലീപിന് വന്നുപെട്ടത്. നടിയെ പീഡിപ്പിച്ച ഗൂഢാലോചനക്കേസില്‍ അഴിക്കുന്തോറും മുറുകുന്ന കുരുക്കുപോലെയായി തീര്‍ന്നിരിക്കുന്നു ദിലീപിന്റെ അവസ്ഥ. മലയാളസിനിമ കണ്ട ഏറ്റവും ക്രൂരമായ, വേദനാജനകമായ സംഭവമാണ് നടിക്കുണ്ടായ ക്രൂരപീഡനം. ആ പീഡനത്തിന്റെ ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്ന തെളിവിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അനേ്വഷണം തുടങ്ങിയതും ചാര്‍ജ്ഷീറ്റ് സമര്‍പ്പിച്ചതും. ഇത്തരമൊരു കേസില്‍ ദിലീപിനുവേണ്ടി രണ്ടും കല്‍പിച്ച് രംഗത്തിറങ്ങി രക്ഷപ്പെടുത്താന്‍ കോടികള്‍ ചെലവഴിച്ച് സിനിമാ-രാഷ്ട്രീയ ബിസിനസ് സ്വാധീനം ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായിയേയും പൊലീസ് മേധാവികളേയും വിലയ്ക്ക് വാങ്ങാന്‍ ദിലീപിന് കഴിഞ്ഞില്ല.

85 ദിവസത്തെ ജയില്‍ജീവിതത്തിനുശേഷം ദിലീപ് ജാമ്യം നേടി, സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വീട്ടിലേക്ക് പോയി. ആ ദിവസം മുതല്‍ കേസില്‍ നിന്നും പുഷ്പം പോലെ രക്ഷപ്പെടാനുള്ള ശ്രമത്തിന് തുടക്കമിട്ടു. നിരപരാധിയാണെന്നു വരുത്തിതീര്‍ക്കാന്‍ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചു. സിനിമാരംഗത്ത് പല ശിഖരങ്ങളുള്ള വന്‍ വൃക്ഷമായി നില്‍ക്കുന്ന തന്നെ ഒരു ചുക്കും ചെയ്യാന്‍ ഒരുത്തനും കഴിയില്ലെന്ന വെല്ലുവിളിയായിരുന്നു പിന്നെ കണ്ടതും കേട്ടതും. അത്രയ്ക്കും ശക്തനായ ക്രിമിനലാണ് ദിലീപ്.

‘അമ്മ’യുടെ സ്ഥാപകനേതാവാണ് ദിലീപ് എന്ന് ചില വിവരദോഷികള്‍ പറഞ്ഞുപരത്തി. അതുകേട്ട് പലര്‍ക്കും ചിരിക്കാനേ സമയമുണ്ടായിരുന്നുള്ളു. അത്രയ്ക്കും മിടുമിടുക്കനാണ് ദിലീപെന്നു തെളിയിച്ചു.
സ്ത്രീപീഡനക്കേസില്‍ പ്രതിയാക്കപ്പെട്ട ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് പൃഥ്വിരാജ് അടക്കമുള്ള യുവതുര്‍ക്കികള്‍ രംഗത്തുവന്നു. അങ്ങനെ ചെയ്തില്ലെങ്കില്‍ തങ്ങള്‍ രാജി വച്ച് മറ്റൊരു സംഘടന ഉണ്ടാക്കണമെന്നു പറഞ്ഞപ്പോള്‍ മമ്മൂട്ടി അടക്കമുള്ളവര്‍ ദിലീപിനെ സംഘടനയില്‍ നിന്നും മാറ്റിനിര്‍ത്തി.
ദിലീപിനെതിരെ നടപടി ഉണ്ടായപ്പോള്‍ അനുകൂലികളെല്ലാം ഒരുമിച്ചു കൂടി ‘ദിലീപ് സേവ് ഫോറം’ ഉണ്ടാക്കി. ദിലീപിനെതിരെ പ്രവര്‍ത്തിച്ചവരെ ഒറ്റപ്പെടുത്തണമെന്നു ശക്തമായി വാദിച്ചു.
മോഹന്‍ലാലിന്റെ കൊച്ചിയിലുള്ള വീടിനുമുന്നില്‍ സംഘമായി ചെന്ന് സമരത്തിനു മുഖം തുറന്നു. ലാലിന്റെ രൂപമുണ്ടാക്കി അതില്‍ റീത്തുവയ്ക്കുകയും ചെയ്തു. ആ സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെടുമെന്ന് പറഞ്ഞിരുന്നെങ്കിലും അതൊന്നും സംഭവിച്ചില്ല.

ഇതിനിടയിലാണ് ഭാരവാഹികളായ ഇന്നസെന്റും മമ്മൂട്ടിയും തങ്ങളുടെ സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചതും പുതിയ കമ്മിറ്റി ഉണ്ടാക്കിയതും. മോഹന്‍ലാലിനെ പ്രസിഡന്റും ഇടവേളബാബുവിനെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. അന്നത്തെ ജനറല്‍ ബോഡിയില്‍ വച്ചു തന്ത്രപരമായി ഊര്‍മിള ഉണ്ണിയെ കളിക്കളത്തില്‍ ഇറക്കി. ദിലീപിനെ തിരിച്ചെടുക്കണമെന്നു പറഞ്ഞു. വളരെ തന്ത്രപരമായി ദിലീപിനെ തെരഞ്ഞെടുത്തപ്പോള്‍ രമ്യാനമ്പീശനും, ഭാവനയും, റിമാകല്ലിങ്കലും, പാര്‍വതിയും ‘അമ്മ’യില്‍ നിന്നും രാജിവച്ചു. എന്നാല്‍ അവരുടെ മുന്നില്‍ നിന്നിരുന്ന, സ്ത്രീപീഡനത്തില്‍ അനേ്വഷണം വേണമെന്ന് ആദ്യം ആവശ്യപ്പെട്ട മഞ്ജുവാര്യര്‍ രാജിവയ്ക്കുകയോ അഭിപ്രായം പറയുകയോ ചെയ്തില്ല. ഇതിനെതിരെ പല കേന്ദ്രങ്ങളില്‍ നിന്നും വിമര്‍ശനമുയര്‍ന്നു.

പ്രസിഡന്റായി ചുമതല ഏറ്റെടുത്ത് മോഹന്‍ലാല്‍ നടത്തിയ പത്രസമ്മേളനത്തില്‍ ദിലീപിനും ഇരയ്ക്കും തുല്യമായ രീതിയില്‍ സംസാരിച്ചത് ഏറെ വിവാദം സൃഷ്ടിച്ചു. മോഹന്‍ലാല്‍ ഇരയോടൊപ്പമല്ലെന്നും ദിലീപിനെ സംരക്ഷിക്കുകയാണെന്നും മനസിലായപ്പോള്‍ സിനിമാവൃത്തങ്ങളിലും പൊതുജനങ്ങള്‍ക്കിടയിലും അമര്‍ഷം ശക്തമായി.
തിലകന്‍ പ്രശ്‌നം, പീഡനത്തിനിരയായ നടിക്കു നീതികൊടുക്കാത്ത കാര്യം എന്നിവ ചൂണ്ടിക്കാട്ടി നടന്‍മാരായ ജോയ്മാത്യു, ഷമ്മിതിലകന്‍, നടിമാരായ പത്മപ്രിയ, രേവതി, പാര്‍വതി എന്നിവര്‍ മോഹന്‍ലാലിനു കത്തുകൊടുത്തു. എല്ലാ കാര്യങ്ങളും നേരിട്ടു സംസാരിക്കാന്‍ അവസരം നല്‍കുമെന്നു പറഞ്ഞ് ഒരുമിച്ചുകൂടിയെങ്കിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടായില്ല.
ഓഗസ്റ്റ് ഏഴാം തീയതി കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലും നടിമാര്‍ ദിലീപ് വിഷയത്തില്‍ തീരുമാനം അറിയിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിയമവശങ്ങള്‍ പരിശോധിച്ചു മറുപടി നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ‘യോഗത്തിനുശേഷം ഈ ആവശ്യം ഉന്നയിച്ച് മൂന്നാമത്തെ കത്താണ് അയക്കുന്നത്. ഓഗസ്റ്റ് 13ന് ആദ്യത്തെ കത്തയച്ചു. സംസ്ഥാന പ്രളയം ഉണ്ടായതിനാല്‍ കുറച്ചുനാളത്തേക്ക് വിഷയം ഉന്നയിക്കുവാനുള്ള സാഹചര്യമല്ലായിരുന്നു. പിന്നീട് സെപ്റ്റംബര്‍ 17ന് കത്തയച്ചു. ആദ്യ രണ്ട് കത്തിനും മറുപടി ലഭിച്ചില്ല. കത്ത് കിട്ടിയോ ഇല്ലയോ എന്ന് അറിയിക്കാനുള്ള മര്യാദപോലും ഭാരവാഹികള്‍ കാണിച്ചില്ല. അതുകൊണ്ട് അങ്ങോട്ട് ബന്ധപ്പെട്ടപ്പോള്‍ ‘ഇന്‍ ബോക്‌സില്‍’ ഉണ്ട് എന്നാണ് മറുപടി ലഭിച്ചത്- രേവതി പറഞ്ഞു.

ജനറല്‍ ബോഡി വരെ കാത്തിരിക്കണം

ദിലീപ് വിഷയത്തില്‍ തീരുമാനം അറിയിക്കാത്തതിനെത്തുടര്‍ന്ന് നടിമാര്‍ ‘അമ്മ’ക്കയച്ച കത്തില്‍ എക്‌സിക്യൂട്ടീവ് യോഗത്തിനു തീരുമാനമെടുക്കാനാകില്ലെന്ന നിയമോപദേശമാണ് ലഭിച്ചത്. അടുത്ത ജനറല്‍ബോഡി യോഗം വരെ കാത്തിരിക്കേണ്ടിവരുമെന്നും മോഹന്‍ലാല്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയുണ്ടായി. അതേസമയം കത്തു നല്‍കിയ നടിമാരെ ഇതുവരെ വിവരമറിയിച്ചിട്ടില്ല എന്നാണ് അവര്‍ക്ക് പറയാനുണ്ടായിരുന്നത്. ‘അമ്മ’യിലെ മെമ്പര്‍മാരാണ് ദിലീപും പീഡനത്തിനിരയായ നടിയും. പ്രതിസ്ഥാനത്തു നില്‍ക്കുന്ന നടനെ സംരക്ഷിക്കാനും നടിയെ ഇല്ലായ്മ ചെയ്യാനും ബോധപൂര്‍വമായ ശ്രമമാണ് കഴിഞ്ഞ ഒന്നരവര്‍ഷമായി നടക്കുന്നത്. സംഘടനയില്‍ നീതി നടപ്പിലാക്കുന്നു എന്ന സത്യം ഉണ്ടാകണം എന്ന് ആഗ്രഹിച്ചെങ്കിലും അതൊരിക്കലും ഉണ്ടാകില്ലെന്നാണ് ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും മനസിലായത്. എക്‌സിക്യൂട്ടീവില്‍ ദിലീപുമായി അടുപ്പമുള്ളവര്‍ക്കാണ് ഭൂരിപക്ഷം. അവിടെ നടിക്കുവേണ്ടി വാദിച്ചിരുന്ന മോഹന്‍ലാലിനുപോലും ഭൂരിപക്ഷത്തിന്റെ മുന്നില്‍ മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇരയ്ക്ക് നീതി കൊടുക്കാൻ കഴിയുന്നില്ലെങ്കിൽ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിയാനാണ് മോഹൻലാൽ ആലോചിക്കുന്നത്. അല്ലെങ്കിൽ ഇതിന്റെ പാപഭാരം തൻറെ തലയിൽ ഇരിക്കുമെന്ന് നടൻ ഭയക്കുന്നു.