20 April 2024, Saturday

Related news

January 28, 2024
January 10, 2024
December 6, 2023
November 28, 2023
November 11, 2023
October 4, 2023
September 19, 2023
September 17, 2023
September 13, 2023
September 5, 2023

ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍, മുല്ലപ്പെരിയാര്‍ സുരക്ഷിതം; വാര്‍ത്തകള്‍ ചുരുക്കത്തില്‍

Janayugom Webdesk
March 20, 2023 9:20 pm

1. പൊതുസ്ഥലങ്ങളില്‍ പരസ്യ പ്രചാരണ ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുന്നതില്‍ സമയപരിധി കര്‍ശനമാക്കും. വിവിധ സംഘടനകള്‍ നടത്തുന്ന പരിപാടികളുമായി ബന്ധപ്പെട്ട ബാനറുകളും ബോര്‍ഡുകളും പ്രോഗ്രാമിന്റെ തീയതിക്ക് അടുത്ത ദിവസം മുതല്‍ ഒരാഴ്ചയ്ക്കുള്ളില്‍ മാറ്റണം. തീയതി വയ്ക്കാതെയുള്ള, സ്ഥാപനങ്ങളുടെയും മറ്റും പരസ്യ ബാനറുകളും ബോര്‍ഡുകളും പരമാവധി 30 ദിവസമായി കണക്കാക്കി അതുകഴിഞ്ഞ് ഏഴ് ദിവസത്തിനുള്ളില്‍ മാറ്റണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

2. കാരണമില്ലാതെ പൗരന്റെ സ്വകാര്യ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കാൻ ഒരാൾക്കും അവകാശമില്ലെന്ന് ഹൈക്കോടതി. സർക്കാരായാലും മാധ്യമങ്ങൾ ആയാലും മറ്റുള്ളവരുടെ സ്വകാര്യതയിലേക്കു കടന്നുകയറാൻ അവകാശമില്ലെന്ന് ജസ്റ്റിസ് വി ജി അരുൺ വ്യക്തമാക്കി. സ്വകാര്യതയിൽ കടന്നുകയറുന്നതിന് മാധ്യമ പ്രവർത്തനം ഒരു ഒഴിവുകഴിവല്ല. ചില മാധ്യമങ്ങൾക്ക് വാർത്തയേക്കാൾ ഗോസിപ്പുകൾ കൊടുക്കാനാണ് താല്പര്യമെന്ന് കോടതി അഭിപ്രായപ്പെട്ടു. 

3. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ് അർധ ബോധാവസ്ഥയിലുള്ള യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അറ്റന്റർ അറസ്റ്റിൽ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗ്രേഡ്-1 അറ്റൻഡറായ വടകര മയ്യന്നൂർ സ്വദേശി എം എം ശശീന്ദ്രനെയാണ് അസ്റ്റ് ചെയ്തത്. സംഭവത്തിൽ ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കുവാൻ ആരോഗ്യമന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. 

4. ദേവികുളം എംഎൽഎ എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് രാജ സംവരണ മണ്ഡലമായ ദേവികുളത്ത് നിന്നും മത്സരിച്ചതെന്നാരോപിച്ച് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡി കുമാറാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് പി സോമരാജന്റെ ബെഞ്ചാണ് തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയത്. 

5. കെ സുധാകരനെതിരെ കലാപശ്രമത്തിന് കേസെടുത്ത് എറണാകളും സെൻട്രൽ പൊലീസ്. കോൺഗ്രസിന്റെ കൊച്ചി ഉപരോധം സംഘടിപ്പിച്ചതിലാണ് കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കെ സുധാകരന്റെ പ്രസംഗം. പൊലീസിനെയല്ല ആരെയും പിന്തുടര്‍ന്നു ആക്രമിക്കാൻ കോൺഗ്രസ് പ്രവർത്തകർക്ക് ശേഷിയുണ്ടെന്ന് സുധാകരൻ പ്രസംഗിച്ചിരുന്നു.ഇതിന് ശേഷമാണ് പ്രതിഷേധത്തിൽ മർദ്ദനമേറ്റു എന്ന് വ്യക്തമാക്കി കൊച്ചി കോർപ്പറേഷൻ സെക്രട്ടറി ബാബു അബ്ദുൾ ഖാദിർ പൊലീസിൽ പരാതി നൽകിയിരുന്നത്. 

6. മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജി കോടതി തള്ളി. തലശ്ശേരി സെഷന്‍സ് കോടതിയുടേതാണ് നടപടി. ക്രിമിനല്‍ കേസില്‍ പ്രതിയാകരുതെന്ന കോടതി ഉത്തരവ് ആകാശ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് കോടതിയെ സമീപിച്ചത്. 

7. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജലകമ്മിഷനും സൂപ്രീം കോടതി നിയോഗിച്ച മേല്‍നേട്ട സമിതിയും. സുപ്രീം കോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഡാമിന്റെ സുരക്ഷയില്‍ ആശങ്ക വേണ്ടെന്ന് ജലകമ്മിഷനും മേല്‍നേട്ട സമിതിയും വ്യക്തമാക്കിയത്. 

8. ലിവ് ഇന്‍ ബന്ധങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിയമങ്ങള്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. അസംബന്ധമായ ആശയമെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ഡിവാല എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്റെ നടപടി. രാജ്യത്ത് ലിവ് ഇന്‍ ബന്ധങ്ങള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യുന്നതിന് നിര്‍ദേശം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു അഭിഭാഷകയുടെ പൊതുതാല്പര്യ ഹര്‍ജി.

9. ഖലിസ്ഥാന്‍ അനുകൂലിയായ ‘വാരിസ് പഞ്ചാബ് ദേ’ തലവന്‍ അമൃത്പാല്‍ സിങ്ങിനെതിരായ പഞ്ചാബ് പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച്‌ വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ കാര്യാലയങ്ങള്‍ക്കുനേരെ ആക്രമണം. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ ഒരു വിഭാഗം സിഖുകാര്‍ ഇന്ത്യന്‍ പതാക വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ കെട്ടിടത്തില്‍ കയറുന്നതും ഇന്ത്യന്‍ പതാക അഴിച്ചുമാറ്റുന്നതും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോകളില്‍ കാണാം. സംഭവത്തില്‍ മെട്രോപൊളിറ്റന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

10. തെക്കു കിഴക്കൻ ആഫ്രിക്കയിൽ ദിവസങ്ങളായി നീണ്ടു നിൽക്കുന്ന ഫ്രെഡി ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 522 ആയി. മലാവി, മൊസാംബിക്, മഡഗാസ്കർ എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ മലാവിയിൽ 438 പേര്‍ മരിച്ചെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകൾ. മലാവി പ്രസിഡന്റ് ലസാറസ് ചക്വേര 14 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.