18 April 2024, Thursday

Related news

April 3, 2024
January 14, 2024
January 13, 2024
November 13, 2023
November 6, 2023
October 12, 2023
September 3, 2023
August 27, 2023
August 22, 2023
August 21, 2023

പ്രധാനപ്പെട്ട പത്ത് വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

Janayugom Webdesk
April 8, 2023 11:43 pm

1. സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീടുകള്‍ ഇനി 174 കുടുംബങ്ങള്‍ക്ക് സ്വന്തം. വീടുകളുടെ താക്കോല്‍ ദാനം കണ്ണൂര്‍ കടമ്പൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കൊല്ലം,ഇടുക്കി,കോട്ടയം ജില്ലകളിലെ ഭവന സമുച്ചയങ്ങള്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4 ജില്ലകളില്‍ യാഥാര്‍ത്ഥ്യമാക്കിയ ഭവനസമുച്ചയങ്ങളിലായി 174 കുടുംബങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ സുരക്ഷിതമായ തണലൊരുക്കിയത്. 

2. എന്‍സിഇആര്‍ടി സിലബസില്‍ നിന്ന് പാഠഭാഗങ്ങള്‍ വെട്ടിമാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എല്ലാ സംസ്ഥാനങ്ങളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി പുനഃസംഘടിപ്പിക്കണമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. പാഠഭാഗങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ബിജെപി അജണ്ട നടപ്പാക്കാന്‍ കഴിയില്ലെന്നും ഒന്നും അടിച്ചേല്‍പ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

3. സുഗതകുമാരിയുടെ വീട് സർക്കാരുമായി ആലോചന നടത്താതെയാണ് വില്പന നടത്തിയതെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സർക്കാരിന് വീട് കൈമാറിയാൽ ഏറ്റെടുക്കാൻ തയ്യാറാണ്. ബന്ധുക്കൾക്ക് താല്പര്യമില്ലാതെ സർക്കാരിന് എന്ത് ചെയ്യാനാകുമെന്നും മന്ത്രി ചോദിച്ചു. സ്മാരകം പണിയാൻ സുഗതകുമാരി താല്പര്യം കാണിച്ചിരുന്നില്ല. സുഗതകുമാരിക്ക് സ്മാരകം പണിയാൻ ടി പത്മനാഭൻ കത്ത് നൽകിയിരുന്നു. സ്മൃതി വനമാണ് സർക്കാർ സ്മാരകമായി ഉദ്ദേശിക്കുന്നത്.അതിനു വേണ്ട നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്നും സജി ചെറിയാൻ അറിയിച്ചു.

4. എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിൽ പ്രതിയെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. പ്രതി ഷാറൂഖ് സെയ്ഫി ആദ്യമെത്തിയത് ഷൊർണൂരിൽ എന്ന് പൊലീസ്. ഷൊർണൂരിൽ നിന്ന് തന്നെയാണ് പ്രതി പെട്രോൾ വാങ്ങിയത് എന്നും പൊലീസ് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. പെട്രോൾ വാങ്ങിച്ചത് റെയിൽവേ സ്റ്റേഷനടുത്തുള്ള പമ്പിൽ നിന്നാണെന്നും പെട്രോൾ വാങ്ങിച്ചത് ഞായറാഴ്ചയെന്നുമുള്ള പ്രതിയുടെ മൊഴി രേഖപ്പെടുത്തി.

5. കോഴിക്കോട് താമരശ്ശേരിയിൽ ദമ്പതികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സാമ്പത്തിക ഇടപാടാണ് തർക്കമാണ് കാരണമായതെന്ന് സൂചന. പണം നൽകുന്നില്ലെന്ന് ആരോപിച്ചു ഒരു സംഘം നേരത്തെ ഷാഫിക്കെതിരെ പരാതി നൽകിയിരുന്നു. ഒന്നരക്കോടി രൂപ ഷാഫിയിൽ നിന്ന് കിട്ടാൻ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഈ സംഘമാകാം തട്ടിക്കൊണ്ടു പോയത് എന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ചിലർ തന്നെ ഭീഷണിപ്പെടുത്തുന്നതായി ഷാഫിയും പരാതി നൽകിയിട്ടുണ്ട്. 

6. സംസ്ഥാനത്ത് അടുത്ത ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിങ്ങളിൽ മഴയ്ക്ക് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിച്ചത്. ഇന്ന് മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും പരക്കെ വേനൽ മഴയ്ക്കും സാധ്യതയുണ്ട്. 

7. ഐപിഎൽ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വാതുവെപ്പുകാരൻ അനിൽ ജയ്സിംഘാനിയെ ഇഡി അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസിന് കൈക്കൂലി നൽകാനും ബ്ലാക്ക് മെയിൽ ചെയ്യാനും ഗൂഢാലോചന നടത്തിയതിനും ജയ്‌സിംഗാനിയെയും മകൾ അനക്ഷയെയും അടുത്തിടെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

8. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഇന്നും 6000ന് മുകളില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 6155 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 11 മരണവും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 31, 194 ആയി. കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ ഇന്നും നാളെയുമായി പ്രതിരോധ തയ്യാറെടുപ്പുകള്‍ വിലയിരുത്തും. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സംസ്ഥാന തലങ്ങളില്‍ മോക്ഡ്രില്ല് സംഘടിപ്പിക്കും. 

9. രാജസ്ഥാനിൽ ദളിത് യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കത്തിച്ചു. രാജസ്ഥാനിലെബാർമർ എന്ന ജില്ലയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് പച്ചപദ്ര പൊലീസ് അറിയിച്ചു. പെൺകുട്ടിക്ക് 40 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. എന്നാൽ ബലാത്സംഗത്തിനിരയായ യുവതിയെ പൊള്ളൽ യൂണിറ്റില്ലാത്ത ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്.

10. ഉക്രെയ‍്ന്‍ സെെനിക നടപടിയേയും മറ്റ് അന്താരാഷ്ട്ര വിഷയങ്ങളെയും സംബന്ധിച്ച യുഎസിന്റെ അതീവ രഹസ്യ രേഖകള്‍ ചോര്‍ന്നു. ട്വിറ്ററിലും ടെലഗ്രാമിലുമാണ് രേഖകൾ പ്രത്യക്ഷപ്പെട്ടതെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇക്കാര്യം പ്രതിരോധ വകുപ്പ് പരിശോധിച്ചുവരികയാണെന്നാണ് വിഷയത്തില്‍ പെന്റഗണ്‍ നല്‍കിയ വിശദീകരണം. റഷ്യക്കെതിരായ ആക്രമണങ്ങള്‍ക്ക് ഉക്രെയ‍്നെ സജ്ജമാക്കാനുള്ള യുഎസിന്റെയും നാറ്റോയുടെയും പദ്ധതികളുടെ വിശദാംശങ്ങളാണ് രേഖകളിലുണ്ടായിരുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.