കായികതാരമായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ 15 പേര്‍കൂടി അറസ്റ്റില്‍. ഇതോടെ 29 കേസികളിലായി 42 പേര്‍ അറസ്റ്റിലായി. കുട്ടിയുടെ ഇതുവരെയുള്ള മൊഴിയനുസരിച്ച് ഇനി 16 പ്രതികളെക്കൂടി പിടികൂടാനുണ്ട്. ഇവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ പ്രതികളുള്ള പീഡനക്കേസായി പത്തനംതിട്ടയിലെ കൂട്ടബലാത്സംഗം മാറി. കേസിൽ 58 പ്രതികളുണ്ടെന്നും എല്ലാവരെയും തിരിച്ചറിഞ്ഞെന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാര്‍ അറിയിച്ചു.
പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ 11 കേസുകളിലായി 26 അറസ്റ്റും ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ 16 കേസുകളിലായി 14 അറസ്റ്റും രേഖപ്പെടുത്തി. പന്തളത്ത് ഒരു കേസിൽ ഒരാളെയും അറസ്റ്റ് ചെയ്തു. അമൽ (18), ആദർശ് (20), ശിവകുമാർ (21), ഉമേഷ് (19), ശ്രീജു (18), അജി (19), അശ്വിൻ (21), സജിൻ (23) എന്നിവരാണ് ഇന്നലെ ഇലവുംതിട്ട കേസുകളിൽ പുതുതായി അറസ്റ്റിലായത്. പത്തനംതിട്ട സ്റ്റേഷനിലെ കേസുകളിൽ അഭിജിത് (19), ജോജി മാത്യു (25), അമ്പാടി (24), അരവിന്ദ് (20), എന്നിവരെയും പിടികൂടി. ആകാശ് (19), ആകാശ് (22) എന്നിവരാണ് പന്തളം പൊലീസിന്റെ പിടിയിലായവർ.
തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബീഗമാണ് കേസിന്റെ മേൽനോട്ടം വഹിക്കുന്നത്. ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാറിന്റെയും ഡിവൈഎസ്‌പി എസ് നന്ദകുമാറിന്റെയും നേതൃത്വത്തിലാണ് അന്വേഷണം. പത്തനംതിട്ട ഇൻസ്പെക്ടർ ഡി ഷിബുകുമാർ, ഇലവുംതിട്ട ഇൻസ്പെക്ടർ ടി കെ വിനോദ് കൃഷ്ണൻ, റാന്നി ഇൻസ്പെക്ടർ ജിബു ജോൺ, വനിതാ സ്റ്റേഷൻ എസ്ഐ കെ ആർ ഷെമി മോൾ ഉൾപ്പെടെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ വ്യത്യസ്ത റാങ്കുകളിൽപ്പെട്ട 25 ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.
പ്രതികളായ ചിലര്‍ വിദേശത്തേക്ക് കടന്നിട്ടുണ്ട്. അവരെ നാട്ടിലെത്തിക്കാനുളള ശ്രമമാണ് പൊലീസ് നടത്തുന്നത്. പത്തനംതിട്ട, ഇലവുംതിട്ട, മലയാലപ്പുഴ, പന്തളം പൊലീസ് സ്‌റ്റേഷനുകളിലായാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഒരു പ്രതി വിദേശത്താണെന്നും അയാളെ ഉടൻ നാട്ടിലെത്തിക്കുമെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടി അഞ്ചുതവണ കൂട്ടബലാത്സംഗത്തിന് ഇരയായതായും പൊലീസ് കണ്ടെത്തി. സ്കൂള്‍ കൗൺസിലിങ്ങിനിടെയാണ് 13 വയസുമുതല്‍ അനുഭവിക്കുന്ന ലൈംഗികക്രൂരതകളെക്കുറിച്ച് പെണ്‍കുട്ടി തുറന്നുപറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.