Janayugom Online
binoykodiyer

ബിനോയ്ക്കെതിരായ പരാതി; FIR രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

Web Desk
Posted on June 18, 2019, 7:47 pm

തിരുവനന്തപുരം: ബിനോയ് വിനോദിനി ബാലകൃഷ്ണനെതിരെ മുംബൈയില്‍ മാനംഭംഗ കേസ്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം യുവതിയെ പീഡിപ്പിച്ചതായും ആ ബന്ധത്തില്‍ എട്ട് വയസുള്ള പെണ്‍കുട്ടിയുണ്ടെന്നും ചൂണ്ടിക്കാട്ടി മുംബൈ അന്ധേരി ഓഷിവാര പൊലീസിലാണ് പരാതി നല്‍കിയത്. പരാതിയില്‍ എഫ്‌ഐഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. 2009 മുതല്‍ 2018 വരെ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

തനിക്കെതിരായ പീഡന പരാതി ബ്ലാക്ക് മെയിലിങ്ങെന്ന് ബിനോയ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. ഇവര്‍ തനിക്കെതിരെ നേരത്തേയും പരാതി നല്‍കിയിട്ടുണ്ട്. അഭിഭാഷകനുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കും. വസ്തുതയ്ക്ക് നിരക്കാത്ത ആരോപണമാണിത്. ആറുമാസം മുന്‍പ് ഇവര്‍ ഒരു കത്ത് നല്‍കിയിരുന്നു. അതില്‍ അഞ്ചുകോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. ഞാനവരെ കല്യാണം കഴിച്ചുവെന്നാണ് കത്തില്‍ അവര്‍ അവകാശപ്പെട്ടിരുന്നത്. ഇതിനെതിരെ കണ്ണൂര്‍ ഐജിക്ക് പരാതി നല്‍കിയിട്ടുണ്ട്. ആരോപണം നിയമപരമായി തന്നെ നേരിടുമെന്നും ബിനോയ് കോടിയേരി പറഞ്ഞു.