മൂലൂര്‍ നവോത്ഥാനത്തിന്റെ കാഹളവാദകന്‍

Web Desk
Posted on March 03, 2019, 7:51 am

വി ദത്തന്‍

വൈക്കം സത്യാഗ്രഹവും ഗുരുവായൂര്‍ സത്യഗ്രഹവും നടക്കുന്നതിനും തിരുവിതാംകൂര്‍ മഹാരാജാവ് ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിക്കുന്നതിനും മുമ്പ് മലയാളസാഹിത്യത്തില്‍ ഒരു ക്ഷേത്രപ്രവേശന സമരം നടന്നു. വിജയകരമായി പര്യവസാനിച്ച ആ സമരം നയിച്ചത് സരസകവി മൂലൂര്‍ എസ് പത്മനാഭപ്പണിക്കര്‍ എന്ന ഒറ്റയാള്‍ പട്ടാളമാണ്.
മഹാകവിത്രയത്തിനു മുമ്പു കാവ്യസപര്യ ആരംഭിക്കുകയും അവര്‍ക്കൊപ്പം തുടരുകയും ചെയ്ത പ്രതിഭാശാലിയാണ് മൂലൂര്‍ എസ് പത്മനാഭപ്പണിക്കര്‍. കവിത്വ സിദ്ധി കൊണ്ടും സമരോല്‍സുകത കൊണ്ടും സാമൂഹിക പരിഷ്‌ക്കരണ താല്പര്യം കൊണ്ടും മൂലൂര്‍ അന്നത്തെ മറ്റു കവികളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തിയിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ഗൃഹസ്ഥ ശിഷ്യരില്‍ പ്രധാനി ആയിരുന്നു. മുപ്പതിലധികം കൃതികള്‍ രചിച്ചിട്ടുള്ള അദ്ദേഹം പ്രാദേശികവും സാമുദായികവുമായ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ച ഒരു പൊതുപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. 12 വര്‍ഷത്തോളം ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരുന്നു. അവര്‍ണ്ണര്‍ക്ക് വഴി നടക്കാനോ ക്ഷേത്രത്തിന്റെ ഏഴയലത്തു കൂടി നടക്കാനോ ദര്‍ശനം നടത്താനോ അക്ഷരം പഠിക്കാനോ അവകാശമില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ ഇന്നേക്ക് 150 വര്‍ഷം മുമ്പാണ് മൂലൂര്‍ ജനിക്കുന്നത്.

moloor smarakom
പത്മനാഭപ്പണിക്കരുടെ കവിത്വ സിദ്ധിയില്‍ പ്രീതനായി, കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ സരസകവിപ്പട്ടം നല്‍കിയെങ്കിലും ജീവിതം മുഴുവന്‍ എല്ലാത്തരം തിന്മകളോടും പടവെട്ടിയ സമരകവിയാണ് അദ്ദേഹം. സ്വന്തം പേരിലെ ‘പണിക്കര്‍’ സ്ഥാനം സ്ഥാപിച്ചുകിട്ടുവാന്‍പോലും തമ്പുരാക്കന്മാരോട് അദ്ദേഹത്തിന് കലഹിക്കേണ്ടി വന്നിട്ടുണ്ട്. അവര്‍ണ്ണ ജാതിക്കാര്‍ക്ക് പേരിനൊപ്പം ‘പണിക്കര്‍‘എന്ന് ചേര്‍ക്കാന്‍ പാടില്ലെന്നും ‘പണിക്കന്‍’ എന്നേ എഴുതാവൂ എന്നും ആക്രോശിച്ചുകൊണ്ട് ചാടിവീണ സവര്‍ണ്ണ പ്രഭുക്കളെ ‘നിനയ്ക്കില്‍ ന്‍, ര്‍ ദ്വയ തുച്ഛഭേദം ഗണിപ്പതേ ഭീമ മഠത്തരം കേള്‍’ എന്ന് ഉദാഹരണസഹിതം തിരിച്ചടിച്ചു. അതുകൊണ്ടൊന്നും തമ്പുരാക്കന്മാര്‍ അടങ്ങിയില്ല. ഏറെനാളത്തെ വാദപ്രതി വാദങ്ങള്‍ക്കു ശേഷം ഒടുവില്‍ ആഢ്യന്മാര്‍ക്കു മൂലൂരിന്റെ വാദങ്ങളും പത്മനാഭപ്പണിക്കര്‍ എന്ന പേരും അംഗീകരിക്കേണ്ടി വന്നു. അന്ന് സടകുടഞ്ഞെഴുന്നേറ്റ മൂലൂരിലെ പോരാളിയുടെ വിശ്വരൂപം കേരളം കണ്ടത് കവിരാമായണ യുദ്ധത്തിലാണ്.

അക്കാലത്ത് ജീവിച്ചിരുന്ന കവികളെ മഹാഭാരത കഥാപാത്രങ്ങളായി സങ്കല്പിച്ച് രചിച്ച ‘കവിഭാരതം’ പരിഷ്‌കരിച്ച് പ്രസിദ്ധീകരിക്കാന്‍ പോകുന്നെന്നും അതില്‍ ഉള്‍പ്പെടണമെന്നാഗ്രഹമുള്ളവര്‍ ‘മനോരമയില്‍ വന്നു കളിച്ചിടേണം‘എന്നും കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ പത്രങ്ങള്‍ വഴി അഭ്യര്‍ത്ഥിച്ചു. തമ്പുരാന്റെ കുറിപ്പ് വന്നപ്പോഴേ നാരായണഗുരു ഉള്‍പ്പെടെ തന്റെ സമുദായത്തില്‍പ്പെട്ട രണ്ടുമൂന്നു കവികളെ കൂടി അതില്‍ ഉള്‍പ്പെടുത്തണം എന്ന ഒരപേക്ഷ മൂലൂര്‍ മുന്നോട്ട് വച്ചു. പക്ഷെ കവിഭാരതം പ്രസിദ്ധീകൃതമായപ്പോള്‍ ഒറ്റ അവര്‍ണകവിയെപോലും അതില്‍ കണ്ടില്ല. നിരാശനായ മൂലൂര്‍ അതിനു പ്രതിക്രിയ ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടു പ്രഗത്ഭരായ അവര്‍ണ്ണ കവികളെ സമീപിച്ചെങ്കിലും ആരും തയ്യാറായില്ല. തന്നെയുമല്ല അത്തരം സാഹസങ്ങള്‍ക്കു മുതിരരുതെന്നു അദ്ദേഹത്തെ ഉപദേശിക്കുകയും ചെയ്തു. ഉപദേശവും ഭീഷണിയും ഒന്നും യുവാവായ മൂലൂരിന്റെ മുമ്പില്‍ ചെലവായില്ല.തമ്പുരാന്റെ കവിഭാരതത്തിനു ബദലായി മൂലൂര്‍ ‘കവിരാമായണം’ താമസിയാതെ തന്നെ പ്രസിദ്ധീകരിച്ചു. അതില്‍ സമകാലിക കവികളെ രാമായണ കഥാപാത്രങ്ങളായി ചിത്രീകരിച്ചിരുന്നു. കഥാപാത്രങ്ങളെ നിര്‍ണ്ണയിക്കുന്നതില്‍ സവര്‍ണ്ണാവര്‍ണ്ണ ഭേദം മൂലൂര്‍ കാട്ടിയില്ല.
കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ആദ്യം വളരെ മാന്യമായ രീതിയിലാണ് കവിരാമായണത്തെ വിമര്‍ശിച്ചതെങ്കിലും പിന്നീട് തമ്പുരാനില്‍ ഒളിഞ്ഞിരുന്ന ആഢ്യധാര്‍ഷ്ട്യവും ജാതിക്കുശുമ്പും തലപൊക്കാന്‍ തുടങ്ങി. അതോടെ മൂലൂരിന്റെയും മട്ട് മാറി. ഒരു അവര്‍ണ്ണ യുവാവിന്റെ പ്രഹരം ഏല്ക്കുന്നത് മാനക്കേടാണെന്നു മനസ്സിലാക്കി തമ്പുരാന്‍ മെല്ലെ രംഗത്ത് നിന്നും ഒഴിഞ്ഞു. പക്ഷെ തമ്പുരാന്റെ കിങ്കരന്മാര്‍ സംഘം ചേര്‍ന്ന് മൂലൂരിനെ ആക്രമിച്ചു. ജാമദഗ്‌ന്യന്‍, നരസിംഹം, ഹനുമാന്‍, പ്രഹഌദന്‍, രാമബാണം, ഭദ്രകാളിയമ്മ, വലിയതോക്ക് തുടങ്ങിയ പല ഒളിപ്പേരുകളില്‍ അവര്‍ മൂലൂരിനെതിരെ പോരിനിറങ്ങി. വ്യാജനാമങ്ങള്‍ക്കു പിന്നില്‍ ഒളിച്ചിരുന്ന യഥാര്‍ത്ഥ സേവകന്മാരെ മൂലൂര്‍ തിരിച്ചറിയുകയും യോജിച്ച ആയുധങ്ങള്‍ കൊണ്ട് അവരെ നേരിടുകയും ചെയ്തു.
പുസ്തകത്തിന്റെ നന്മതിന്മകളല്ല തമ്പുരാന്റെ കിങ്കരന്മാര്‍ വിമര്‍ശനത്തിന് വിധേയമാക്കിയത്. കവിരാമായണ കര്‍ത്താവിനെ ജാതിപ്പേരു പറഞ്ഞ് ആക്ഷേപിക്കാനും കുലത്തൊഴില്‍ ചൊല്ലി അധിക്ഷേപിക്കാനുമാണ് അവര്‍ തുനിഞ്ഞത്. ഈ സംഘടിതാക്രമണങ്ങളെ പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനും മൂലൂര്‍ ഒറ്റയ്‌ക്കേ ഉണ്ടായിരുന്നുള്ളൂ. സ്വന്തം സമുദായത്തില്‍ പെട്ട കവിമല്ലന്മാര്‍ പോലും സഹായത്തിനെത്തിയില്ല. രക്ഷിക്കാനും ശിക്ഷിക്കാനും അധികാരമുണ്ടായിരുന്ന സാഹിത്യത്തമ്പുരാക്കന്മാരോട് എതിരിടുന്നത് ബുദ്ധിയല്ലെന്ന് ഉപദേശിച്ച സ്വന്തക്കാരില്‍ നിന്ന് എന്തെങ്കിലും ആനുകൂല്യം ലഭിക്കുമെന്ന് മൂലൂരും പ്രതീക്ഷിച്ചിരുന്നില്ല.

moloorഅരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ ശ്രീനാരായണ ഗുരുവിനു നേരെ ബ്രാഹ്മണ പൗരോഹിത്യം ഉറഞ്ഞു തുള്ളിയത് അവര്‍ കണ്ടതാണ്. ഗുരുവിന്റെ ശാന്തവും കരുണാമയവും യുക്തിസഹവുമായ മറുപടിക്ക് മുമ്പില്‍ അവര്‍ക്ക് ഉത്തരം മുട്ടി എന്നത് വേറെ കാര്യം. ഗുരുവിന്റെ വലിയ ആരാധകനായിരുന്നെങ്കിലും എതിരാളികളോടുള്ള മൂലൂരിന്റെ പ്രതികരണം അത്ര മയമുള്ളതായിരുന്നില്ല.
രണ്ടു കവികള്‍ തമ്മില്‍ ആരംഭിച്ച തര്‍ക്കം മലയാളത്തിലെ സാഹിത്യാന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ച വാക് യുദ്ധമായി പരിണമിച്ചത് വളരെ പെട്ടെന്നാണ്. പരിചയസമ്പന്നരും പ്രഗത്ഭമതികളുമായ കവിരാജാക്കന്മാര്‍ ഒരു വശത്തും യുവാവായ മൂലൂര്‍ ഒറ്റയ്ക്ക് മറുവശത്തും നിന്ന് നടത്തിയ സാഹിത്യസംവാദത്തില്‍ വിജയം മൂലൂരിന് തന്നെയായിരുന്നു.
ചാതുര്‍വര്‍ണ്ണ്യത്തിന്റെ സ്ഥാപകരും ഉപാസകരും ചേര്‍ന്ന് മതില്‍ കെട്ടിത്തിരിച്ച് കൈവശം വച്ചിരുന്ന സാഹിത്യവേദിയിലേക്ക് ജാതിവ്യത്യാസമില്ലാതെ ആര്‍ക്കും കടന്നു ചെല്ലാനുള്ള അവകാശം ഈ യുദ്ധം കൊണ്ടുണ്ടായി. കുഞ്ഞിക്കുട്ടന്‍ തമ്പുരാനോടൊപ്പം നിന്ന് ജാമദഗ്‌ന്യന്‍ എന്ന വ്യാജനാമത്തില്‍ മൂലൂരിനെ അതിനിശിതമായി ആക്രമിച്ച മഹാകവി ഉള്ളൂര്‍, ‘സവര്‍ണ്ണര്‍ക്കു മാത്രമായി സങ്കല്പിക്കപ്പെട്ടിരുന്ന സാഹിത്യ വേദിയില്‍ നിര്‍ഭയമായും നിര്‍ബ്ബാധമായും മൂലൂര്‍ കടന്നു ചെന്ന് അവിടെ ഒരു ഗണനീയമായ പീഠത്തെ ആരോഹണം ചെയ്യാതെയിരുന്നെങ്കില്‍ തദനന്തരഗാമിയായ കുമാരനാശാന് നാമിന്ന് ഏകമന സ്സോടെ നല്‍കുന്ന സാഹിതീസാര്‍വ്വഭൗമ സ്ഥാനം ഒരിക്കലും ലബ്ധമാകുമായിരുന്നില്ല’ എന്ന് പില്‍ക്കാലത്ത് തുറന്നു സമ്മതിക്കുകയുണ്ടായി.
‘മലയാള സാഹിത്യത്തിന്റെ നടയ്ക്കല്‍ കിടന്ന ജാതി വൈകൃതങ്ങള്‍ സമസ്തവും തൂത്തുവാരിക്കളഞ്ഞ്, സരസ്വതീക്ഷേത്രത്തില്‍ എല്ലാവര്‍ക്കും കയറി മണിയടിച്ച് തൊഴാമെന്നു വരുത്തിത്തീര്‍ത്തത് ‘കവിരാമായണ’ത്തിലൂടെ സരസകവി മൂലൂരാണ്’ എന്ന് പ്രൊഫ.ജോസഫ് മുണ്ടശ്ശേരിയും ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടിട്ടുണ്ട്.
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ അരുവിപ്പുറം പ്രതിഷ്ഠയ്ക്കുള്ളതുപോലുള്ള സ്ഥാനമാണ് സാഹിത്യനവോത്ഥാനത്തില്‍ ‘കവിരാമായണ’ത്തിനുള്ളത്. മൂലൂര്‍ തന്റെ ഇരുപത്തിയഞ്ചാം വയസ്സില്‍ രചിച്ചതാണ് ‘കവിരാമായണം’. കവിയുടെ ശതോത്തര കനകജൂബിലിയും (150)കവിരാമായണത്തിന്റെ ശതോത്തര രജതജൂബിലിയും(125) ഈ വര്‍ഷമാണ്.
ജാതീയമായ ഉച്ച നീചത്തങ്ങള്‍ക്കെതിരേ കവിതയുമെഴുതി ദന്തഗോപുരത്തില്‍ ഇരുന്ന ആളായിരുന്നില്ല മൂലൂര്‍. സാമൂഹികാസമത്വങ്ങള്‍ക്കും മതവൈരത്തിനും എതിരെ എന്നും നില കൊണ്ടു. അധ:കൃതരെന്നു മുദ്രകുത്തി സ്വന്തം സമുദായക്കാര്‍ പോലും അകറ്റി നിര്‍ത്തിയ പട്ടികജാതിക്കാര്‍ക്ക് വിദ്യാഭ്യാസവും ജീവിതോപാധികളും നല്‍കുന്നതില്‍ ദത്തശ്രദ്ധനായിരുന്നു. കുറുമ്പന്‍ ദൈവത്താനെ ജാതിഹിന്ദുക്കളുടെ ഉപദ്രവങ്ങളില്‍നിന്നു സംരക്ഷിച്ചതും വിദ്യാഭ്യാസം ചെയ്യിച്ചതും മൂലൂരായിരുന്നു. ദൈവത്താന്‍ ശ്രീമൂലം പ്രജാസഭാ അംഗം വരെ ആയി. പില്‍ക്കാലത്ത് തിരുവിതാംകൂര്‍ നിയമസഭാ ഡപ്യൂട്ടി സ്പീക്കര്‍ ആയ മക്കപ്പുഴ കേശവശാസ്ത്രിയും മൂലൂരിന്റെ സഹായം കൊണ്ട് ഉന്നതിയിലെത്തിയ വ്യക്തിയാണ്. ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരുന്ന 12 വര്‍ഷക്കാലവും താഴ്ന്ന ജാതിക്കാര്‍ക്ക് വേണ്ടി തന്റെ അംഗത്വം ഫലപ്രദമായി വിനിയോഗിക്കുവാന്‍ മൂലൂരിനു കഴിഞ്ഞു. പുലയസമുദായത്തിന്റെ അവശതകള്‍ അധികൃതരുടെ മുമ്പില്‍ എത്തിക്കാന്‍ അദ്ദേഹം രചിച്ച പുലവൃത്തഗാനങ്ങള്‍ക്ക് സാധിക്കുകയുണ്ടായി.
കവിരാമായണം കൂടാതെ ഹരിശ്ചന്ദ്രോപാഖ്യാനം, കൃഷ്ണാര്‍ജ്ജുന വിജയം, കുചേലചരിതം ആട്ടക്കഥ, തീര്‍ത്തൂസ് മാര്‍ത്തോമ്മാ മഹച്ചരിതം, തീവ്രരോദനം, പുലവൃത്തഗാനങ്ങള്‍ തുടങ്ങി 32 ല്‍ ഏറെ കൃതികള്‍ മൂലൂര്‍ രചിച്ചിട്ടുണ്ട്.
ജാതി വിവേചനത്തിനും അസമത്വത്തിനും എതിരെ മാത്രമല്ല അദ്ദേഹം പോരാടിയത്. അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് പോരാടി. തനിക്കു സ്വാധീനമുണ്ടായിരുന്ന പത്രങ്ങളുടെ സഹായം അതിനായി തേടി. സുജനാനന്ദിനി, പ്രബുദ്ധ സിംഹളന്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ സഹകരണം അക്കാര്യത്തില്‍ മൂലൂരിനു ലഭിക്കുകയും ചെയ്തു. കേരളകൗമുദിയുടെ സ്ഥാപക പത്രാധിപര്‍ മൂലൂരായിരുന്നു.
‘അനാചാര മണ്ഡലഛത്രരായ’ സവര്‍ണ്ണപ്രഭുക്കള്‍ കേരളത്തെ ഭ്രാന്താലയമാക്കി മാറ്റിക്കൊണ്ടിരുന്ന ഒരു ചരിത്ര ഘട്ടത്തില്‍ അതിനെതിരെ നവോത്ഥാനത്തിന്റെ സമരകാഹളം മുഴക്കിയവരുടെ മുന്‍പന്തിയില്‍ സരസകവി മൂലൂര്‍ ഉണ്ടായിരുന്നു. വീണ്ടും കാലത്തെ പിറകോട്ടടിക്കുവാന്‍ അനാചാരത്തിന്റെയും പൗരോഹിത്യത്തിന്റെയും ദുഷ്ടശക്തികള്‍ ശ്രമിക്കുന്ന ഈ സന്ദര്‍ഭത്തില്‍ തന്നെ അദ്ദേഹത്തിന്റെ ശതോത്തര കനക ജൂബിലി ആഘോഷിക്കുവാന്‍ ഇടവരുന്നത് കാലത്തിന്റെ കളിയാകാം. എന്തായാലും അതിലൂടെ നവോത്ഥാന മൂല്യങ്ങളെ പുന:സ്ഥാപിക്കാനും പുതു തലമുറയ്ക്ക് മനസ്സിലാക്കി കൊടുക്കാനും കഴിയുമെന്ന് പ്രത്യാശിക്കാം.

moloor smarakom