Janayugom Online
momo game janayugom

മോമോ ഗെയിം: ആശങ്കപ്പെടാനില്ലെന്ന് സൈബര്‍ ഡോം

Web Desk
Posted on August 12, 2018, 9:55 pm

തിരുവനന്തപുരം: മോമോ ഗെയിമിനെ സംബന്ധിച്ച ചില വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് നിലവില്‍ ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ ഐ ജി മനോജ് എബ്രഹാം അറിയിച്ചു.
കേരളത്തില്‍ ഇതു സംബന്ധിച്ച് ഒരു കേസ് പോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും ഇത്തരത്തില്‍ യാതൊന്നും സംഭവിക്കാതിരിക്കുന്നതിനു രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം ശ്രദ്ധിക്കണമെന്ന് ഐ ജി അഭ്യര്‍ത്ഥിച്ചു.

അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ തൊട്ടടുത്തുള്ള പൊലീസ് സ്‌റ്റേഷനിലോ, ജില്ലാ സൈബര്‍സെല്ലിനേയോ, കേരള പൊലീസ് സൈബര്‍ഡോമിനെയോ അറിയിക്കണം.
എന്നാല്‍ ഈ സാഹചര്യം മുതലെടുത്ത് ചില സാമൂഹിക വിരുദ്ധര്‍ മറ്റുള്ളവരെ അനാവശ്യമായി ഭയപ്പെടുത്തുന്നതിലേക്കായി വ്യാജ നമ്പരുകളില്‍ നിന്നും മോമോ എന്ന പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജപ്രചരണങ്ങള്‍ വഴി മറ്റുള്ളവരെ ഭയപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മനോജ് എബ്രഹാം അറിയിച്ചു.