25 April 2024, Thursday

ധനസമ്പാദന പൈപ്‌ലൈന്‍; തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്

പ്രത്യേക ലേഖകന്‍
September 24, 2021 4:40 am

രാജ്യത്തിന്റെ പൊതുസമ്പത്ത് മുഴുവൻ വിറ്റുതുലയ്ക്കാനുള്ള മോഡിസർക്കാരിന്റെ നയത്തിനെതിരെ കേന്ദ്ര തൊഴിലാളി സംഘടനകൾ ദേശവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. അതിന്റെ ആദ്യഘട്ടമെന്ന നിലയിൽ ഒക്ടോബർ ഏഴിന് പ്രതിഷേധ ദിനമായി ആചരിക്കുന്നുണ്ട്. അടുത്ത നാലുവർഷം കൊണ്ട് ആറ് ലക്ഷം കോടിയിലധികം രൂപ സമാഹരിക്കുന്നതിനായി ഇക്കഴിഞ്ഞ ഓഗസ്റ്റ് 23നാണ് കേന്ദ്ര ധനകാര്യമന്ത്രി ദേശീയ ധനസമ്പാദന പൈപ്‌ലൈൻ പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ പൊതുസ്വത്തുക്കൾ പാട്ടത്തിന് നൽകിക്കൊണ്ടാണ് ഈ തുക സമാഹരിക്കാൻ പോകുന്നത്. 26,700 കിലോമീറ്റർ ദേശീയപാത 1.6 ലക്ഷം കോടി രൂപ മതിപ്പുവില നിശ്ചയിച്ചാണ് സർക്കാർ പാട്ടത്തിന് നൽകാനൊരുങ്ങുന്നത്.

400 റയിൽവേ സ്റ്റേഷനുകളും 150 ട്രെയിനുകളും (1.5 ലക്ഷം കോടി രൂപ), 42,300 സർക്യൂട്ട് കിലോമീറ്റർ ഊർജ്ജ വിതരണ ലൈനുകൾ (0. 67 ലക്ഷം കോടി), 5000 മെഗാവാട്ട് ജലസൗരവായു വൈദ്യുത പദ്ധതികൾ (0. 32 ലക്ഷം കോടി), 8000 കിലോമീറ്റർ ദേശീയ ഗ്യാസ് പൈപ്‌ലൈൻ (0. 24 ലക്ഷം കോടി), ഐഒസിയുടെയും എച്ച്പിസിഎലിന്റെയും 4000 കിലോമീറ്റർ പൈപ്‌ലൈനുകൾ (0. 22 ലക്ഷം കോടി), ബിഎസ്എൻഎൽ, എംടിഎൻഎൽ ടവറുകൾ (0. 39 ലക്ഷം കോടി), 21 വിമാനത്താവളങ്ങളും 31 തുറമുഖങ്ങളും (0. 34 ലക്ഷം കോടി), 160 കൽക്കരി ഖനികൾ (0. 32 ലക്ഷം കോടി), രണ്ട് സ്റ്റേഡിയങ്ങൾ (0. 11 ലക്ഷം കോടി) എന്നിവയൊക്കെയാണ് വിവിധ കാലയളവുകളിലേക്കായി കേന്ദ്ര സർക്കാർ പാട്ടത്തിന് നൽകുന്നത്.

 


ഇതുകൂടി വായിക്കു: സെപ്റ്റംബര്‍ 24; സ്കീം തൊഴിലാളികളുടെ ദേശീയ പണിമുടക്ക്


 

ഇതിലൂടെ ലഭിക്കുന്ന തുക അടിസ്ഥാന സൗകര്യ വികസനത്തിൽ നിക്ഷേപിക്കുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ഇത്, സർക്കാരിന്റെ കയ്യിലുള്ള വലിയ ആസ്തികളെല്ലാം സ്വകാര്യമേഖലയ്ക്ക് മൂലധനത്തിന്റെ ബാധ്യതകളൊന്നുമില്ലാതെ കൈമാറാനുള്ള ഹീനപദ്ധതി തന്നെയാണ്. അതുകൊണ്ടാണ് ഈ പദ്ധതി, നികുതിദായകരുടെ പണം കൊണ്ടുണ്ടാക്കിയ പൊതുസ്വത്തുക്കൾ സൗജന്യമായി സ്വകാര്യവൽക്കരിക്കുക എന്നതാണെന്ന് വ്യാപകമായി വിമർശനം ഉയരുന്നത്. ഉടമസ്ഥാവകാശം സർക്കാരിന്റെ കയ്യിൽ നിലനിൽക്കുമെന്നും അതിനാൽ ഇത് പൂർണമായ സ്വകാര്യവൽക്കരണമെല്ലെന്നുമാണ് ധനകാര്യമന്ത്രി നിർമ്മല സീതാരാമന്റെ ന്യായീകരണം. ഒരാൾപോലും ഈ ന്യായീകരണത്തിൽ തൃപ്തനാകില്ല.

ഈ വിഷയത്തിൽ തർക്കം തുടരുന്നതിനിടെ, ഗ്രാമപഞ്ചായത്തുകൾ അവരുടെ കീഴിലുള്ള പൊതുസ്ഥലങ്ങളും ജലസംഭരണികളും പൊതു കെട്ടിടങ്ങളും പോലുള്ളവ നൽകി പണമുണ്ടാക്കണമെന്ന നിർദ്ദേശങ്ങൾ സർക്കാർ നൽകുകയുണ്ടായി. ഇത് ഗ്രാമീണ ജനതയിൽ ഉണ്ടാക്കാൻ പോകുന്ന ദോഷം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
സ്വകാര്യമേഖലയിൽ പാട്ടത്തിന് നൽകുന്ന അടിസ്ഥാന സേവന മേഖലകളിൽ സാധാരണക്കാരൻ കൂടുതൽ തുക ചെലവഴിക്കേണ്ടിവരുമെന്നതാണ് സർക്കാരിന്റെ ഈ നീക്കത്തിലൂടെ ഏറ്റവും ആദ്യം ഉണ്ടാകാൻ പോകുന്നതെന്ന് മനസിലാക്കാൻ സാമാന്യബോധം മാത്രം മതി. കാരണം, എൻഎംപിയുടെ രേഖകൾ പ്രകാരം ഇവ ഏറ്റെടുക്കുന്ന സ്വകാര്യവ്യക്തികൾക്ക് ചാർജുകൾ വർധിപ്പിക്കാനുള്ള അധികാരം ലഭിക്കും. അതുവഴി പൊതുജനത്തിന്റെ ചെലവിൽ അവർക്ക് വലിയ ലാഭമുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധിക്കും.

തൊഴിലുകൾ പുതുതായി സൃഷ്ടിക്കപ്പെടുമെന്ന സർക്കാരിന്റെ വാദത്തിന് വിരുദ്ധമായി, ആയിരക്കണക്കിന് തൊഴിലാളികൾക്ക് അവരുടെ തൊഴിൽ നഷ്ടപ്പെടുന്ന സ്ഥിതിയുമുണ്ടാകും. ഇപ്പോൾത്തന്നെ വലിയൊരു വിഭാഗം തൊഴിലില്ലാതെ അലയുന്ന സാഹചര്യത്തിൽ ഇത് ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക. തൊഴിൽ ഗുണനിലവാരം ഇല്ലാതാകും. സ്വകാര്യ തൊഴിൽ മേഖലയിൽ സംവരണം ഇല്ല എന്നതിനാൽ പട്ടികജാതിപട്ടികവർഗ വിഭാഗങ്ങളെയായിരിക്കും ഈ പദ്ധതി ഏറ്റവും ദോഷകരമായി ബാധിക്കുക.

 


ഇതുകൂടി വായിക്കു: കോവിഡ് മഹാമാരിയും തൊഴിലാളി വർഗവും


 

ലാഭകരമായി പ്രവർത്തിക്കുന്ന 100 പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുമെന്ന കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനവും ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്. അതായത്, സർക്കാരിന് ലഭിച്ചുകൊണ്ടിരുന്ന പണം സ്വകാര്യ കോർപറേറ്റ് കമ്പനികളുടെ പണപ്പെട്ടിയിലേക്ക് ഒഴുകാൻ തുടങ്ങും. ഇത് ജനങ്ങൾക്ക് സാമൂഹ്യസുരക്ഷ നൽകാനുള്ള സർക്കാരിന്റെ കഴിവ് ഇല്ലാതാക്കുമെന്ന് മനസിലാകാൻ വലിയ സാമ്പത്തികശാസ്ത്ര പണ്ഡിതനൊന്നുമാകേണ്ട കാര്യമില്ല.
സമ്പന്നന്മാരിൽനിന്നും അതിസമ്പന്നന്മാരിൽനിന്നും നികുതി ഈടാക്കിക്കൊണ്ട് വലിയ തുക സർക്കാരിന് സ്വരൂപിക്കാൻ സാധിക്കും. എന്നാൽ ഗവൺമെന്റ് അവരുടെ സുഹൃത്തുക്കളോ ചിലപ്പോൾ മേലാളന്മാർ പോലുമായ ഈ സമ്പന്നരിൽനിന്ന് നികുതി പിരിക്കുന്നതിന് വിസമ്മതിക്കുകയാണ്.

എന്തുകൊണ്ടാണ് സാധാരണക്കാരനെ ദുരിതത്തിലാക്കുന്ന ഇത്തരം നയങ്ങൾ ഭരണകൂടം സ്വീകരിക്കുന്നു? കാരണം, അവർക്ക് തങ്ങളെ തീറ്റിപ്പോറ്റുന്ന കോർപറേറ്റുകളുടെ താല്പര്യം സംരക്ഷിക്കുന്നതിലാണ് ശ്രദ്ധ. ഈ ഹീനമായ കുറ്റകൃത്യം ചെയ്യുന്ന അപരാധികളെ അധികാരത്തിൽ നിന്ന് പുറത്താക്കേണ്ടതുണ്ട്. കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും സ്വതന്ത്ര ഫെഡറേഷനുകളുടെയും അസോസിയേഷനുകളുടെയും സംയുക്ത സമിതിയും സംയുക്ത കർഷകസമിതിയും അതിനുള്ള പ്രക്ഷോഭത്തിലാണ്. രാജ്യത്തെ തൊഴിലാളിവർഗം മിഷൻ ഇന്ത്യ എന്ന ക്യാമ്പയിനിലൂടെ നമ്മുടെ രാജ്യത്തിന്റെ സ്വത്തുക്കളും രാജ്യത്തെയും ജനങ്ങളുടെ ജീവിതത്തെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിലേയ്ക്കാണ് മുന്നേറുന്നത്. ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എൽപിഎഫ്, യുടിയുസിതുടങ്ങിയ ദേശീയ തൊഴിലാളി സംഘടനകളും വിവിധസംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകളും ചേർന്നുള്ള വിപുലമായ പ്രക്ഷോഭത്തിനാണ് തയാറാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.