Wednesday
20 Feb 2019

തെരഞ്ഞെടുപ്പ് ബോണ്ടെന്ന പണക്കൊഴുപ്പ് രാഷ്ട്രീയം

By: Web Desk | Thursday 6 December 2018 11:26 PM IST

ടുത്തവര്‍ഷം ആദ്യപകുതിയില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പ് രാജ്യം നാളിതുവരെ കണ്ടിട്ടില്ലാത്ത പണക്കൊഴുപ്പിന്റെയും പേശീബലത്തിന്റെയും ശക്തമായ പ്രകടനമായിരിക്കും. ഇതുവരെ ലഭ്യമായ സൂചനകളനുസരിച്ച് 2019 മാര്‍ച്ച് അവസാനിക്കുമ്പോഴേക്കും തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴി ബിജെപി ആയിരം കോടി രൂപയിലധികം സമാഹരിക്കും. അത് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിന്റെ പത്തിരട്ടയില്‍ അധികമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ സമാഹരിക്കുന്ന മൊത്തം തുകയുടെ 90 ശതമാനത്തിലേറെയും ബിജെപിയുടെ കൈകളിലെത്തുമെന്നാണ് ഇതുവരെ പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2017-18 സാമ്പത്തികവര്‍ഷത്തില്‍ വിറ്റഴിക്കപ്പെട്ട തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ 222 കോടി രൂപയുടേതാണെന്ന് ഔദേ്യാഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. അതില്‍ 210 കോടി രൂപ, അതായത് മൊത്തം ബോണ്ടിന്റെ വിലയുടെ 94.5 ശതമാനം, എത്തിച്ചേര്‍ന്നത് ബിജെപിയുടെ പക്കലാണ്. കോണ്‍ഗ്രസിന് ലഭിച്ചത് 10 കോടി രൂപയില്‍ താഴെയും. 2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഏഴു മാസങ്ങളില്‍ വിറ്റഴിഞ്ഞത് 600 കോടിയോളം രൂപയുടെ തെരഞ്ഞെടുപ്പു ബോണ്ടുകളാണ്. ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വന്‍തോതില്‍ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ ഇനിയും വിറ്റഴിക്കപ്പെടും. തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ മുഖ്യമായും വാങ്ങിക്കൂട്ടുന്നത് വന്‍കിട കോര്‍പ്പറേറ്റുകളൊ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുപ്പ് ട്രസ്റ്റുകളൊ ആണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഏറ്റവുമധികം തെരഞ്ഞെടുപ്പുബോണ്ടുകള്‍ വാങ്ങിക്കൂട്ടിയത് ‘പ്രൂഡന്റ് ഇലക്‌ടൊറല്‍ ട്രസ്റ്റാ’ണ്. ആ കൊല്ലത്തെ മൊത്തം 222 കോടി രൂപയുടെ ബോണ്ടില്‍ 169 കോടി രൂപയുടെ ബോണ്ടുകളും വാങ്ങിക്കൂട്ടിയത് പ്രൂഡന്റാണ്. അതില്‍ തന്നെ 144 കോടി രൂപയും ചെന്നെത്തിയത് ബിജെപിയുടെ കൈകളിലാണ്. ഇക്കൊല്ലം പ്രുഡന്റ് 200 കോടി രൂപയുടെ ബോണ്ടുകളെങ്കിലും ബിജെപിക്കായി വാങ്ങിക്കൂട്ടുമെന്നാണ് സൂചന. തെരഞ്ഞെടുപ്പുകളെ ജനാധിപത്യ പ്രക്രിയയ്ക്ക് പകരം സര്‍ക്കാരുകളെ വിലക്കെടുക്കാനുള്ള സംരംഭങ്ങളാക്കി മാറ്റിയിരിക്കുകയാണ് ഇലക്‌ടൊറല്‍ ബോണ്ടുകള്‍.

പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പ് വകവയ്ക്കാതെ 2017-18 ബജറ്റിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് ബോണ്ട് പരിഷ്‌കാരം നിലവില്‍ വന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ട് ശേഖരണം ശുദ്ധീകരിക്കുന്നതിന്റെ പേരിലാണ് അത് എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്നത്. 1951ലെ ജനപ്രാതിനിധ്യ നിയമം 2003ല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ സുതാര്യവും നിയമവിധേയവുമാക്കുന്ന പേരില്‍ ചില ഭേദഗതികള്‍ പാസാക്കിയിരുന്നു. അതനുസരിച്ച് 20,000 രൂപയൊ അതിലധികമൊ സംഭാവന നല്‍കുന്ന കമ്പനികളുടെയും വ്യക്തികളുടെയും വിവരങ്ങള്‍ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കേണ്ടിയിരുന്നു. അങ്ങനെ ചെയ്യാത്തപക്ഷം നികുതിയിളവുകള്‍ക്കുള്ള അര്‍ഹത നഷ്ടമാകുമായിരുന്നു. 2017ല്‍ കൊണ്ടുവന്ന ഫൈനാന്‍സ് ആക്ട് തെരഞ്ഞെടുപ്പ് ബോണ്ടുകളെ അത്തരം നിയന്ത്രണങ്ങളില്‍ നിന്ന് മുക്തമാക്കി. അതായത്, തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴി ലഭിക്കുന്ന പണത്തിന്റെ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷനോ ആദായനികുതി വകുപ്പിനൊ നല്‍കേണ്ടതില്ല. കോര്‍പ്പറേറ്റ് ചങ്ങാതിമാരില്‍ നിന്നും യഥേഷ്ടം പണം സമാഹരിക്കാനാവും അവര്‍ക്ക് അത് നിക്ഷിപ്ത താല്‍പര്യ സംരക്ഷണാര്‍ഥം വാരിക്കോരി നല്‍കാനുമുള്ള അവസരമാണ് തുറന്നു നല്‍കപെട്ടത്. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ അഡാനിമാരും അംബാനിമാരും മറ്റ് കോര്‍പ്പറേറ്റ് ചങ്ങാതിമാരും ഒഴുക്കിയ പണത്തിന്റെ പിന്‍ബലത്തിലാണ് നരേന്ദ്രമോഡി വിജയം ഉറപ്പാക്കിയത്. അത് കൂടുതല്‍ സുഗമവും നിയമവിധേയവുമാക്കുകയായിരുന്നു 2017ലെ ഫൈനാന്‍സ് ആക്ട് ഭേദഗതി. അതിന് പുറമെയാണ് ആദായ നികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവ ഉപയോഗിച്ച് സാധാരണക്കാരായ സംരംഭകരെ ദ്രോഹിച്ചും ഭീഷണിപ്പെടുത്തിയും നടത്തിവരുന്ന പണപ്പിരിവ്. പ്രവാസി ഇന്ത്യന്‍ സംരംഭകരില്‍ നിന്നും പണം പിടിച്ചുപറിക്കാന്‍ ബിജെപി നടത്തിവരുന്ന അധികാര ദുര്‍വിനിയോഗത്തെപ്പറ്റി കഴിഞ്ഞ ദിവസം ഞങ്ങളുടെ പ്രതേ്യക ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്ത്യന്‍ ജനാധിപത്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും അധാര്‍മികവും കഠിനവുമായ വെല്ലുവിളിയെയാണ് നേരിടുന്നത്. കോണ്‍ഗ്രസ് അടക്കം രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊന്നും നേരിടാനാവാത്ത പണക്കൊഴുപ്പിനെയായിരിക്കും വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ അഭിമുഖീകരിക്കേണ്ടിവരിക. രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന കോര്‍പ്പറേറ്റ് പണക്കൊഴുപ്പെന്ന വിപത്തിനെ ജനങ്ങളുടെ വിപുലമായ ഐക്യനിരയ്ക്കു മാത്രമെ പ്രതിരോധിക്കാനും പരാജയപ്പെടുത്താനുമാവൂ. അവിടെയാണ് അവസരോചിതവും പ്രായോഗികവുമായ രാഷ്ട്രീയ സമീപനം പ്രസക്തമാകുന്നത്. കോര്‍പറേറ്റ് ചങ്ങാത്ത മുതലാളിത്തത്തിനും അതിന്റെ രാഷ്ട്രീയ വിടുപണിക്കാര്‍ക്കുമെതിരെ യോജിച്ച പ്രതിപക്ഷ ഐക്യവേദി മാത്രമാണ് ജനാധിപത്യം, മതനിരപേക്ഷത, സാമൂഹിക-സാമ്പത്തിക നീതി, തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത എന്നീ മൂല്യങ്ങളുടെ സംരക്ഷണത്തിനുള്ള മുന്നുറപ്പ്.