Janayugom Online
naval base

സാമ്പത്തിക തിരിമറി: ദക്ഷിണ നാവിക ആസ്ഥാനത്ത് സിബിഐ പരിശോധന

Web Desk
Posted on July 01, 2018, 9:08 pm
കൊച്ചി: ദക്ഷിണ നാവിക ആസ്ഥാനത്ത് സിബിഐ പരിശോധന. മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസ് (എംഇഎസ്) ചീഫ് എന്‍ജിനീയര്‍ ആര്‍ കെ ഗാര്‍ഗിന്‍റെ വസതിയിലും ഓഫീസിലുമാണ് പരിശോധന നടത്തിയത്. സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ടാണ് നടപടി. കൂടുതല്‍ പരിശോധന നടത്തേണ്ടി വരുമെന്ന് സിബിഐ അധികൃതര്‍ പറഞ്ഞു.
മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ഡിഫന്‍സ് സര്‍വീസ് എന്‍ജിനീയേഴ്സ് (ഐഡിഎസ്ഇ) കേഡറിലുള്ള ഉദ്യോഗസ്ഥനാണ് ആര്‍ കെ ഗാര്‍ഗ് . മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസ് ഒരു സിവിലിയന്‍ സംഘടനയാണെന്ന് നാവികസേന അധികൃതര്‍ അറിയിച്ചു. രാജ്യത്തെ സായുധ സൈനിക വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ഇവരുടെ ജോലി. നിര്‍മാണം, അറ്റകുറ്റപ്പണി, ജലവിതരണം, വൈദ്യുതി വിതരണം തുടങ്ങിയ ജോലികളാണ് ഇവര്‍ ചെയ്യുന്നത്. സേനയുടെ പ്രതിരോധപരമായ പ്രവര്‍ത്തനങ്ങളുമായി എംഇഎസ് ബന്ധപ്പെടുന്നില്ല. സിബിഐയുടെ അന്വേഷണത്തിന് എല്ലാ സഹകരണവും നല്‍കുമെന്ന് നാവികസേന അറിയിച്ചു.