കണ്ണൂരില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നവര്‍ക്ക് പണം ദുബായില്‍ നിന്ന്

Web Desk

കണ്ണൂര്‍

Posted on November 16, 2017, 9:23 pm

കണ്ണൂരില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നവര്‍ക്ക് പണം എത്തിയത് ദുബായില്‍ നിന്ന്. ഐഎസ് പ്രവര്‍ത്തകനും പാപ്പിനിശേരി സ്വദേശിയുമായ തസ്‌ലിം മുഖാന്തരമാണ് കണ്ണൂരില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന പതിനഞ്ചുപേര്‍ക്കും പണം ലഭിച്ചിരിക്കുന്നത്. 28000 രൂപ വീതമാണ് ഓരോരുത്തരുടെയും അക്കൗണ്ടില്‍ വന്നിരിക്കുന്നത്. അറസ്റ്റിലായ മുണ്ടേരി കൈപ്പക്കയില്‍ ബൈത്തുല്‍ ഫര്‍സാനയിലെ മിഥ്‌ലാജിന്റെ അക്കൗണ്ടില്‍ 40,000 രൂപ ദുബായില്‍നിന്ന് നിക്ഷേപിച്ചതായി ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ അഞ്ചുപേരെയും വീണ്ടും പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. ഇതിനകം ഐഎസുമായി ബന്ധപ്പെട്ട 400 ഡിജിറ്റല്‍ തെളിവുകള്‍ അറസ്റ്റിലായവരില്‍ നിന്ന് അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
ഐഎസില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍ഗോഡ് പടന്നക്കാട് സ്വദേശി റാഷിദ് അബ്ദുള്ളയുടെ വോയ്‌സ് മെസേജ് ഷെയര്‍ ചെയ്തവര്‍ക്കെതിരേ കേസെടുക്കുവാന്‍ പൊലീസിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ഇയാള്‍ വോയ്‌സ് ക്ലിപ്പ് അയച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്ന് നിരവധിപേര്‍ ഈ വോയ്‌സ് ക്ലിപ്പ് ഷെയര്‍ ചെയ്തിട്ടുണ്ട്. വര്‍ഗീയത പരത്തുന്ന അമ്പതോളം വോയ്‌സ് ക്ലിപ്പുകളാണ് ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ അയച്ചിരിക്കുന്നത്. മലപ്പുറം ജില്ലയില്‍ വോയ്‌സ് ക്ലിപ്പ് ഷെയര്‍ ചെയ്തവര്‍ക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.