Wednesday
18 Sep 2019

കള്ളപ്പണക്കേസ്; ഡി കെ ശിവ കുമാറിന്റെ മകളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

By: Web Desk | Thursday 12 September 2019 12:03 PM IST


ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ മകളെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്നു. ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യുന്നത്. സിംഗപ്പൂരിലെ ബിനാമി പണമിടപാടുമായി ബന്ധപ്പെട്ടു ചോദ്യംചെയ്യലിന് ഹാജരാകാന്‍ ചൊവ്വാഴ്ചയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് നല്‍കിയത്. സമന്‍സിനു പിന്നാലെ, ശിവകുമാറിന്റെ സഹോദരന്‍ ഡികെ സുരേഷ് എംപി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഡല്‍ഹി ഖാന്‍ മാര്‍ക്കറ്റിലെ എന്‍ഫോഴ്‌സ്‌മെന്റ് ആസ്ഥാനത്ത് ചോദ്യം ചെയ്യല്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

ശിവകുമാറിന്റെ പണമിടപാടുകള്‍ പരിശോധിക്കവെ ഐശ്യര്യയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റുമായി ബന്ധപ്പെട്ട രേഖകള്‍ ഇഡിക്കു ലഭിച്ചിരുന്നു. ഇതാണ് അന്വേഷണം മകളിലേക്കും എത്തിച്ചത്. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലാണ് നിലവില്‍ ശിവകുമാര്‍.

അതിനിടെ, ശിവകുമാറിനെ കാണാന്‍ ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും കൂടുതല്‍ സമയം നല്‍കണമെന്ന ആവശ്യം ഡല്‍ഹി പ്രത്യേക കോടതി തള്ളി. പ്രതിദിനം അനുവദിക്കുന്ന 30 മിനിറ്റ്, ഒരു മണിക്കൂറാക്കണമെന്നായിരുന്നു ആവശ്യം. 13 വരെയാണ് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡി.