നോട്ടുനിരോധന സമയത്ത് കള്ളപ്പണം വെളുപ്പിച്ചു; മൂന്നുലക്ഷം കമ്പനികളുടെ ഇടപാടുകള്‍ പരിശോധിക്കാന്‍ നിര്‍ദേശം

Web Desk
Posted on March 30, 2019, 10:56 pm

ന്യൂഡല്‍ഹി: നോട്ടുനിരോധനസമയത്ത് കള്ളപ്പണം വെളുപ്പിച്ചുവെന്ന് സംശയിക്കുന്ന മൂന്നുലക്ഷം കമ്പനികളുടെ ഇടപാടുകള്‍ പരിശോധിക്കാന്‍ കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് നിര്‍ദേശം നല്‍കി.
2016 നവംബര്‍ എട്ടിന് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ കമ്പനികള്‍ വഴി പതിനായിരം കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നാണ് ബോര്‍ഡ് കരുതുന്നത്. റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതിന്റെ പേരില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ട മൂന്നുലക്ഷം കമ്പനികളുടെ ഇടപാട് വിവരങ്ങള്‍ പരിശോധിക്കാനാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബോര്‍ഡ് നിര്‍ദേശം നല്‍കിയത്. ഇത്തരം കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് പണം പിന്‍വലിച്ചതും നിക്ഷേപിച്ചതുമാണ് പരിശോധിക്കുക. അസ്വാഭാവിക ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയാല്‍ നടപടിയുണ്ടാകും.
പല കമ്പനികളും അവരുടെ കോര്‍പ്പറേറ്റ് ഘടന ദുരുപയോഗം ചെയ്ത് കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. കള്ളപ്പണം വെളുപ്പിക്കാന്‍ പലരും ഇത്തരം സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തിയതായും സംശയമുണ്ട്. കള്ളപ്പണ ഇടപാട് കണ്ടെത്തിയാല്‍ അത്തരം കമ്പനികളുടെ രജിസ്‌ട്രേഷന്‍ പുനഃസ്ഥാപിക്കാന്‍ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെടും. രജിസ്‌ട്രേഷന്‍ പുനഃസ്ഥാപിച്ചാല്‍ മാത്രമേ കമ്പനികള്‍ക്കും അവയുടെ ഡയറക്ടര്‍മാര്‍ക്കുമെതിരേ നടപടിയെടുക്കാന്‍ സാധിക്കൂ എന്നതിനാലാണിത്.
നോട്ടുനിരോധനത്തിനുശേഷം 35,000 കമ്പനികള്‍ 60,000 ബാങ്ക് അക്കൗണ്ടുകള്‍ വഴി 17,000 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി ഔദ്യോഗിക കണക്കുകള്‍ പറയുന്നു. നോട്ടുനിരോധന ദിവസത്തിനുമുമ്പുവരെ ചെറിയ തുകമാത്രമുണ്ടായിരുന്ന അക്കൗണ്ടുകളില്‍ പിന്നീട് വലിയ ഇടപാടുകള്‍ നടന്നതായും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അരലക്ഷത്തോളം കമ്പനികളുടെ രജിസ്‌ട്രേഷന്‍ പുനഃസ്ഥാപിക്കാന്‍ കമ്പനി നിയമ ട്രിബ്യൂണലിനുമുമ്പാകെ കഴിഞ്ഞവര്‍ഷം നികുതിവകുപ്പ് അപേക്ഷ നല്‍കി. ഇത്തരം കമ്പനികളുടെ ഡയറക്ടര്‍മാര്‍ മറ്റേതെങ്കിലും കമ്പനിയില്‍ ഡയറക്ടര്‍മാരാകുന്നതും വിലക്കിയിരുന്നു.