Wednesday
20 Mar 2019

വിമുക്ത ഭടന്റെ ബാങ്ക് അക്കൌണ്ടില്‍ നിന്നും പണം നഷ്ടമായതായി പരാതി

By: Web Desk | Friday 15 March 2019 10:06 PM IST


വടകര: ക്രെഡിറ്റ് കാര്‍ഡ് വഴി അക്കൌണ്ടില്‍ നിന്നും പണം നഷ്ടമായ വിമുക്തഭടന്‍ കൃത്യമായി പെന്‍ഷന്‍ പോലും വാങ്ങാന്‍ കഴിയാതെ ദുരിതത്തില്‍. മണിയൂര്‍, ചാലില്‍ അനിലിന്റെ എസ്.ബി.ഐ ചെരണ്ടത്തൂര്‍ ബ്രാഞ്ചിലെ അക്കൗണ്ട് പ്രകാരമുള്ള ക്രെഡിറ്റ്
കാര്‍ഡ് വഴിയാണ് 41,955 രൂപ പിന്‍വലിച്ചതായി കാണുന്നത്.

2018 നവംബര്‍ ഒന്‍പതിനാണ് സംഭവം. തുടര്‍ന്ന് ഈ കാര്‍ഡ് റദ്ദ് ചെയ്തുതരണമെന്നും ഇത്
ഓണ്‍ലൈന്‍ തട്ടിപ്പാണെന്നും ബാങ്ക് അധികൃതരെ ധരിപ്പിച്ചിട്ടും വേണ്ട നടപടി സ്വീകരിച്ചില്ലെന്നാണ് പരാതി. ഡി.ജി.പി, റൂറല്‍ എസ്.പി, ബാങ്ക് മാനേജര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും കേസ്സെടുക്കാന്‍ പൊലീസ് കൂട്ടാക്കുന്നില്ല. തുടര്‍ന്ന് ബാങ്കിംങ് ഓംബുഡ്‌സ്മാനും സൈബര്‍ സെല്ലിലും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് അനില്‍ പറയുന്നു. സൈബര്‍ സെല്ലിന് ഇത്തരം കേസ് അന്വേഷിക്കണമെങ്കില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യണം. ഈ സാഹചര്യത്തില്‍ മാസ പെന്‍ഷന്‍ കൃത്യമായി ബാങ്കില്‍ നിന്നും
വാങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.

നാളിതുവരെ അനില്‍ യാതൊരു ഓണ്‍ലൈന്‍ പര്‍ച്ചേസും നടത്തിയിട്ടില്ല. ഈ രീതിയില്‍ പണം നഷ്ടപ്പെട്ട നിരവധി പേരുണ്ടെന്നറിയുന്നു. പലരും പരാതിക്ക് പിന്നാലെ നടക്കാന്‍
കഴിയാത്തതിനാല്‍ മൗനം പാലിക്കുകയാണ്. അനിലിന്റെ പരാതി പ്രകാരം നടപടി
സ്വീകരിച്ചു വരുന്നതായും പ്രശ്‌നം ക്രെഡിറ്റ് കാര്‍ഡ് ഏജന്‍സിയെ ധരിപ്പിച്ചിട്ടുണ്ടെന്നും എസ്.ബി.ഐ ചെരണ്ടത്തൂര്‍ ബ്രാഞ്ച് അധികൃതര്‍ പറഞ്ഞു.