25 April 2024, Thursday

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തൊണ്ടിമുതലായി 12.80 ലക്ഷം രൂപ കൂടി കണ്ടെടുത്തു

Janayugom Webdesk
കാസര്‍കോട്
October 15, 2021 5:55 pm

സ്വര്‍ണവ്യാപാരി മഹാരാഷ്ട്ര സാംഗ്ലിയിലെ രാഹുല്‍ മഹാദേവ് ജാവിറിനെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ തൊണ്ടി മുതലായ 12.80 ലക്ഷം രൂപ കൂടി പോലീസ് കണ്ടെടുത്തു. കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാളായ തൃശൂര്‍ കുട്ടനല്ലൂര്‍ എളംതുരുത്തി ചിറ്റിലപ്പള്ളിയിലെ ബിനോയ് സി. ബേബിയുടെ വീട്ടില്‍ നിന്നാണ് കാസര്‍കോട് സിഐ പി. അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് പണം പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസമാണ് ബിനോയിയെ കോടതി അഞ്ച് ദിവസത്തേക്ക് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. കാസര്‍കോട് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായരുടെ നിര്‍ദേശപ്രകാരം സി ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് ബിനോയിയെ തെളിവെടുപ്പിനായി തൃശൂരിലെ വീട്ടിലേക്ക് കൊണ്ടുപോവുകയും, അവിടെ നിന്ന് പണം കണ്ടെടുക്കുകയുമായിരുന്നു. കാസര്‍കോട് മൊഗ്രാല്‍പുത്തൂരില്‍ നിന്ന് മഹാരാഷ്ട്ര സ്വദേശിയെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം രൂപ കവര്‍ന്നുവെന്നാണ് പൊലീസ് കേസ്. കവര്‍ച്ച ചെയ്ത പണത്തില്‍ 7.50 ലക്ഷം രൂപ മാത്രമാണ് പൊലീസിന് ആദ്യം കിട്ടിയിരുന്നത്.

കേസില്‍ അറസ്റ്റിലാകാനുള്ള പ്രധാന പ്രതി തൃശൂര്‍ താഴൂര്‍ വടക്കശേരിയിലെ എഡ്വിന്‍ തോമസിന്റെ വാടക ഫ്‌ളാറ്റില്‍ നിന്നാണ് ഏഴര ലക്ഷം രൂപ പൊലീസ് പിടികൂടിയിരുന്നത്. 12.80 ലക്ഷം രൂപകൂടി കിട്ടിയതോടെ കവര്‍ച്ച ചെയ്യപ്പെട്ട ബാക്കി തുക കൂടി കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കേസില്‍ ആകെ 12 പ്രതികളാണുള്ളത്. പനമരം നടവയല്‍ കായക്കുന്ന് കിഴക്കേതുമ്പത്ത് ഹൗസില്‍ അഖില്‍ ടോമി(24), തൃശൂര്‍ കുട്ടനല്ലൂര്‍ എളംതുരുത്തി ചിറ്റിലപ്പള്ളി ബിനോയ് സി. ബേബി(25), വയനാട് പുല്‍പ്പള്ളി പെരിക്കല്ലൂര്‍ പുത്തന്‍പുരയ്ക്കല്‍ അനു ഷാജു (28) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് കവര്‍ച്ച ചെയ്തതില്‍ നിന്ന് 14 ലക്ഷം രൂപ വീതമാണ് ലഭിച്ചിരുന്നത്. കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ നെഗറ്റീവായ ശേഷം അഖില്‍ ടോമിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. കേസിലുള്‍പ്പെട്ട അഞ്ച് വാഹനങ്ങളില്‍ ഇതുവരെയായി മൂന്നുവാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എഡ്വിന്‍ തോമസ് അടക്കമുള്ള പ്രതികള്‍ കോയമ്പത്തൂരിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് ഭാഗങ്ങളിലും അന്വേഷണം നടത്തിയെങ്കിലും ഇവര്‍ രക്ഷപെട്ടിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.