Web Desk

ന്യൂഡൽഹി:

January 10, 2021, 7:03 pm

പി എം കിസാൻ ഫണ്ട് തെറ്റായ കൈകളിലേക്കെന്ന് വിവരാവകാശ റിപ്പോർട്ട്

Janayugom Online

പി എം കിസാൻ പദ്ധതിപ്രകാരം കേന്ദ്ര സർക്കാർ ചെലവഴിക്കുന്ന തുക ചെന്നെത്തുന്നത് തെറ്റായ കരങ്ങളിലേക്ക് എന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ റിപ്പോർട്ട്. കർഷകർക്കായുള്ള പദ്ധതി പ്രകാരം സർക്കാർ ചിലവഴിച്ച 1,364 കോടി രൂപ അർഹരല്ലാത്ത 20.48 ലക്ഷത്തോളം ആളുകളിലെത്തിയിട്ടുണ്ട് എന്നാണ് കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (സിഎച്ച്ആർഐ) പ്രവർത്തകൻ വെങ്കടേഷ് നായക്ക് കേന്ദ്ര കൃഷി മന്ത്രാലയത്തിൽ സമർപ്പിച്ച വിവരാവകാശ അപേക്ഷക്ക് ലഭിച്ച മറുപടിയിൽ സൂചിപ്പിക്കുന്നത്.

അനർഹമായി സർക്കാർ സഹായം കൈപ്പറ്റിയ ഗുണഭോക്താക്കളെ യോഗ്യതയില്ലാത്ത കർഷകർ, ആദായനികുതി അടയ്ക്കുന്ന കർഷകർ എന്നിങ്ങനെ രണ്ടായി തരം തിരിച്ചാണ് വിവരാവകാശ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. “സർക്കാർ തന്നെ തന്നിട്ടുള്ള ഡാറ്റ സൂചിപ്പിക്കുന്നത് പണം തെറ്റായ കൈകളിലേക്ക് പോയി എന്നാണ്” എന്ന് റിപ്പോർട്ടിലെ വിവരങ്ങൾ പങ്ക് വച്ച് കൊണ്ട് നായക് പറഞ്ഞു.
അർഹതയില്ലാത്തവരിൽ പകുതിയിലധികം പേരും (55.58 ശതമാനം) ആദായനികുതി അടയ്ക്കുന്ന വിഭാഗത്തിൽ പെടുന്നു. ബാക്കി 44.41 ശതമാനം ‘യോഗ്യതയില്ലാത്ത കർഷകരുടെ’ വിഭാഗത്തിൽ പെടുന്നവരാണെന്നും നായക് പറഞ്ഞു.

2019 ഫെബ്രുവരിയിലാണ് പ്രധാൻ മന്ത്രി കിസാൻ സമൻ നിധി (പിഎം-കിസാൻ) പദ്ധതിക്ക് കേന്ദ്രം തുടക്കം കുറിച്ചത്. ചില ഒഴിവാക്കലുകൾക്ക് വിധേയമായി രാജ്യത്തുടനീളമുള്ള കർഷക കുടുംബങ്ങൾക്ക് വരുമാന സഹായം നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതി പ്രകാരം, പ്രതിവർഷം 6000 രൂപ മൂന്ന് ഗഡുക്കളായി 2000 രൂപ വീതമാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തുന്നത്. പ്രധാനമന്ത്രി-കിസാൻ പദ്ധതി ആനുകൂല്യങ്ങൾ 2 ഹെക്ടർ വരെ ഭൂമിയുള്ള ചെറുകിട കർഷകരുടെ കുടുംബങ്ങൾക്കാണ് അനുവദിക്കുന്നത്. കുത്തക ഭൂവുടമകൾ, മുൻപത്തെയോ ഇപ്പോഴത്തെയോ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, എംഎൽസിമാർ, മേയർമാർ, ജില്ലാ പഞ്ചായത്ത് ചെയർമാൻമാർ ഉൾപ്പെടെ ഭരണഘടനാ തസ്തികയിലുള്ളവർ, സർക്കാർ ജീവനക്കാർ (വിരമിച്ചവർ ഉൾപ്പെടെ) 10, 000 രൂപയിൽ കൂടുതൽ പ്രതിമാസ പെൻഷൻ ലഭിക്കുന്നവർ, ആദായനികുതി അടയ്ക്കുന്നവർ, ഡോക്ടർമാരും എഞ്ചിനീയർമാരും ചാർട്ടേഡ് അക്കൗണ്ടന്റുമാരും ആർക്കിടെക്റ്റുകളും ഉൾപ്പെടെയുള്ള പ്രൊഫഷണലുകൾ എന്നിങ്ങനെ നിരവധി വിഭാഗത്തിലുള്ള കർഷകരെ പിഎം-കിസാൻ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങൾ സൂചിപ്പിക്കുന്നത് 2019 ൽ പ്രധാനമന്ത്രി-കിസാൻ യോജന ആരംഭിച്ചതുമുതൽ 2020 ജൂലൈ 31 വരെ 1,364.13 കോടി രൂപ യോഗ്യതയില്ലാത്തവരും ആദായനികുതി അടയ്ക്കുന്നവരുമായ കർഷകർക്ക് നൽകിയിട്ടുണ്ട്. ഇതിൽ വലിയൊരു പങ്കും പഞ്ചാബ്, അസം, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. രാജ്യത്തൊട്ടാകെയുള്ള കണക്ക് പ്രകാരം അർഹതയില്ലാതെ ആനുകൂല്യം സ്വീകരിച്ചവരുടെ എണ്ണത്തിൽ പഞ്ചാബാണ് ഒന്നാമത്, 23.16 ശതമാനം (4.74 ലക്ഷം പേർ). 16.87 ശതമാനവുമായി (3.45 ലക്ഷം ഗുണഭോക്താക്കൾ) അസമും 13.99 ശതമാനവുമായി (2.86 ലക്ഷം ആളുകൾ) മഹാരാഷ്ട്രയും തൊട്ടുപിന്നിലുണ്ട്. യോഗ്യത ഇല്ലാതെ സർക്കാരിന്റെ സാമ്പത്തിക ആനുകൂല്യം ലഭിച്ചവരുടെ എണ്ണത്തിന്റെ പകുതിയിലധികം (54.03 ശതമാനം) ഈ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നാണ്. 8.05 ശതമാനം (1.64 ലക്ഷം) ഗുണഭോക്താക്കളുമായി ഗുജറാത്ത് നാലാം സ്ഥാനത്തും 8.01 ശതമാനം (1.64 ലക്ഷം) ഗുണഭോക്താക്കളുമായി ഉത്തർപ്രദേശ് അഞ്ചാം സ്ഥാനത്തുമാണ്. യോഗ്യതയില്ലാത്ത ഒരു ഗുണഭോക്താവ് മാത്രമുള്ള സിക്കിം ആണ് പട്ടികയിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത്. നിലവിൽ അർഹതയില്ലാത്തവർക്ക് കൈമാറിയ ഈ ഫണ്ടുകൾ വീണ്ടെടുക്കുന്നതിനുള്ള നടപടികൾ സർക്കാർ തലത്തിൽ ആരംഭിച്ചതായും ആർടിഐ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ENGLISH SUMMARY: Mon­ey Under PM-KISAN Scheme Going In ‘Wrong Hands’ RTI Data Reveals

YOU MAY ALSO LIKE THIS VIDEO