മലയാള ചലച്ചിത്ര ലോകത്തെ വിസ്മയിപ്പിച്ച നടി മോനിഷയുടെ ഓർമ്മകൾക്ക് 32 ആണ്ട് പൂർത്തിയാകുന്നു. സിനിമയിൽ മിന്നിത്തിളങ്ങിയ ഏഴ് വർഷങ്ങളിൽ മോനിഷ അഭിനയിച്ചത് 27 സിനിമകളിൽ. ചുരുങ്ങിയ കാലത്തെ അഭിനയ ജീവിതമായിരുന്നെങ്കിലും ഒരായുഷ്കാലത്തേക്കുള്ള ഓർമ്മകൾ അടയാളപ്പെടുത്തിയാണ് നടി യാത്രയായത്. പ്രേക്ഷകർ നെഞ്ചിലേറ്റിയ അധിപൻ, ആര്യൻ, പെരുന്തച്ചൻ, കമലദളം എന്നിങ്ങനെ പോകുന്നു മോനിഷയുടെ സിനിമാ ജീവിതം. തമിഴിലും കന്നടയിലുമെല്ലാം നിരവധി ആരാധകർ. അഴകും അഭിനയമികവും നൃത്തത്തിലെ പ്രാവീണ്യവും മോനിഷയെ ജനപ്രിയ നായികയാക്കി. സിനിമയിൽ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുന്നതിനിടെ അപ്രതീക്ഷിതമായി ആ യാത്ര അവസാനിച്ചു. 1971ൽ ഉണ്ണിയുടെയും ശ്രീദേവിയുടെയും മകളായി ആലപ്പുഴയിലാണ് മോനിഷ ജനിച്ചത്. അച്ഛന് ബംഗളൂരുവിൽ തുകൽ ബിസിനസ് ആയിരുന്നതിനാൽ മോനിഷയുടെ ബാല്യം ബംഗളൂരുവിലായിരുന്നു. അമ്മ ശ്രീദേവി നർത്തകിയും. മോനിഷ പഠിച്ചതെല്ലാം ബംഗളൂരുവിലായിരുന്നു. കുട്ടിക്കാലം മുതല്‍ നൃത്തം പഠിച്ചിരുന്ന മോനിഷ ഒമ്പതാമത്തെ വയസിൽ ആദ്യ സ്റ്റേജ് പ്രോഗ്രാം നടത്തി. 1985ൽ കർണാടക ഗവൺമെന്റ് ഭരതനാട്യ നർത്തകർക്കായി നൽകുന്ന ‘കൗശിക അവാർഡ്’ മോനിഷയ്ക്കു ലഭിച്ചു. സൈക്കോളജിയിൽ ബിരുദം നേടിയ മോനിഷയ്ക്ക് സിനിമയിൽ അവസരം കിട്ടിയത് കുടുംബ സുഹൃത്തായ എം ടി വാസുദേവൻ നായരിലൂടെയാണ്. നഖക്ഷതങ്ങളായിരുന്നു ആദ്യ ചിത്രം. കൗമാരത്തിലെ ത്രികോണ പ്രണയത്തിന്റെ കഥപറഞ്ഞ നഖക്ഷതങ്ങളിലൂടെ(1986) മോനിഷയെത്തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരമെത്തി. പതിനഞ്ചു വയസായിരുന്നു അപ്പോൾ മോനിഷയുടെ പ്രായം. പിന്നീട് പെരുന്തച്ചൻ, കടവ്, കമലദളം, ചമ്പക്കുളം തച്ചൻ, കുടുംബസമേതം തുടങ്ങിയ ചിത്രങ്ങളിലും മോനിഷയുടെ അഭിനയമികവ് കേരളം കണ്ടറിഞ്ഞു. മലയാളത്തിനു പുറമെ ‘പൂക്കൾ വിടും ഇതൾ’ (നഖനക്ഷത്രങ്ങളുടെ റീമേക്ക്), ‘ദ്രാവിഡൻ’ തുടങ്ങിയ തമിഴ് സിനിമകളിലും രാഘവേന്ദ്ര രാജ്കുമാർ നായകനായി അഭിനയിച്ച ‘ചിരംജീവി സുധാകർ’ (1988) എന്ന കന്നട സിനിമയിലും മോനിഷ അഭിനയിച്ചിട്ടുണ്ട്.
1992 ഡിസംബർ അഞ്ചിന് ‘ചെപ്പടിവിദ്യ’ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയിൽ മോനിഷയും അമ്മ ശ്രീദേവി ഉണ്ണിയും സഞ്ചരിച്ചിരുന്ന കാർ ചേർത്തലയിൽ വച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലായിരുന്നു മലയാളികളുടെ പ്രിയ നടിയെ നഷ്ടമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.